
ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ്; നിർമിക്കുന്നത് ഈ മൃഗത്തിന്റെ പാലിൽ നിന്ന്; കൂടുതലറിയാം
|ഒരുപാട് പോഷക ഗുണങ്ങളുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ ചീസിനെ കുറിച്ചറിയാം
ന്യൂഡൽഹി: ഇന്ത്യൻ മധ്യവർഗ കുടുംബങ്ങളിലെ അടുക്കളകളിൽ അഭിവാജ്യ ഘടകമാണ് ചീസ്. എന്നാൽ ഒരു കിലോഗ്രാം ചീസിന് 70,000 രൂപ നൽകേണ്ടിവരുമെന്ന് സങ്കൽപ്പിച്ച് നോക്കൂ. വളരെ കുറഞ്ഞ വിലയ്ക്ക് സാധാരണയായി ലഭ്യമാകുന്ന ചീസ് ഇത്രയധികം വിലനൽകി വാങ്ങാൻ നിങ്ങൾ തയ്യാറാകുമോ? എന്നാൽ ഒരുപാട് പോഷക ഗുണങ്ങളുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ ചീസിനെ കുറിച്ചറിയാം.
പുലെ എന്നറിയപ്പെടുന്ന സെർബിയൻ ചീസാണ് ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ്. ലോകത്തിലെ ഏറ്റവും വിലയേറിയ കോട്ടേജ് ചീസാണിത്. എന്നാൽ വിലയല്ല ഇതിനെ വേർതിരിക്കുന്നത്. അതിലെ പ്രധാന ചേരുവയാണ്. അത് വഴിയേ പറയാം. സെർബിയയിലെ പ്രശസ്തമായ ഒരു പ്രകൃതി സംരക്ഷണ കേന്ദ്രമായ സസാവിക്കയിലാണ് ഈ ആഡംബര ചീസ് ഉത്പാദിപ്പിക്കുന്നത്.
ബാൽക്കൻ കഴുതയുടെ പാലിൽ നിന്നാണ് ഇത് നിർമിക്കുന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ബാൽക്കൻ മേഖലയിൽ ജീവിക്കുന്ന വളർത്തു കഴുതയുടെ ഒരിനമാണ് ബാൽക്കൻ കഴുത. ഇതിന്റെ പാല് കൊണ്ടാണ് ഈ ചീസുണ്ടാക്കുന്നത് എന്നതാണ് ഇതിന്റെ മൂല്യം കൂട്ടുന്നത്. ഇത് ലോകത്തിലെ തന്നെ വളരെ അപൂർവമായ ഒരു പാലുത്പ്പന്നമാക്കി മാറ്റുന്നു. ഇതിന് ഏകദേശം 800 പൗണ്ട് വിലവരും. അതായത് ഏകദേശം 70,000 ഇന്ത്യൻ രൂപ. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 25 ലിറ്റർ പാൽ ചേർത്താൽ ഒരു കിലോഗ്രാം ചീസ് മാത്രമേ ഉണ്ടാകാൻ സാധിക്കുകയുള്ളു.
പ്രത്യേക ഗുണനിലവാരമുള്ള പുലെ ചീസിന്റെ ഉത്പ്പാദന പ്രക്രിയ വളരെ മന്ദഗതിയിലുള്ളതും അധ്വാനം ആവശ്യമുള്ളതുമാണ്. പാൽ കറക്കാൻ കുറച്ച് കഴുതകൾ മാത്രമേ ലഭ്യമാകൂ എന്നതാണ് ഇതിനെ കൂടുതൽ ബുദ്ധിമുട്ടാക്കുന്നത്. ബാൽക്കൻ കഴുതകളുടെ പാലിൽ ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഉയർന്ന തലത്തിലുള്ള പ്രോട്ടീൻ അടങ്ങിയിരിക്കുന്നതിനാൽ ഇതിന് ധാരാളം പോഷകങ്ങളും ഉണ്ട്. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന വയറ്റിലെ അണുബാധ കുറയ്ക്കാനുള്ള കഴിവ് പോഷകസമൃദ്ധമായ ഈ ചീസിനുണ്ട്.