< Back
World
ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; കാര്യമായ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്
World

ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; കാര്യമായ നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്

റിഷാദ് അലി
|
14 March 2026 12:35 PM IST

യുദ്ധം ആരംഭിച്ചതിനുശേഷം ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്

ബാഗ്ദാദ്: ഇറാഖിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. എംബസി സമുച്ചയത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതായി എഎഫ്പി റിപ്പോർട്ടർ സ്ഥിരീകരിച്ചു.

ശനിയാഴ്ച രാവിലെ സ്ഫോടന ശബ്ദങ്ങൾ കേട്ടതിന് പിന്നാലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് മുകളിൽ കറുത്ത പുക ഉയർന്നതായി എഎഫ്പി റിപ്പോർട്ടർ അറിയിച്ചു.

ഈ ആക്രമണത്തിൽ എംബസി സമുച്ചയത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഡ്രോൺ എംബസിയിൽ പതിച്ചെന്നാണ് ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നത്. റോക്കറ്റാണെന്ന് കരുതുന്ന പ്രൊജക്റ്റൈൽ നയതന്ത്ര സമുച്ചയത്തിൽ വീണെന്നാണ് മറ്റൊരാള്‍ പറയുന്നത്.

അതേസമയം വാര്‍ത്തകളോട് യുഎസ് എംബസി പ്രതികരിച്ചിട്ടില്ല. യുദ്ധം ആരംഭിച്ചതിനുശേഷം ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

ഇറാന്റെ പിന്തുണയുള്ള നിരവധി സായുധ ഗ്രൂപ്പുകൾ 'ഇസ്‌ലാമിക്‌ റെസിസ്റ്റൻസ് ഇൻ ഇറാഖ്' എന്ന കൂട്ടായ്മയ്ക്ക് കീഴിൽ അണിനിരക്കുകയും, മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ദിവസേനയുള്ള ഡ്രോൺ-റോക്കറ്റ് ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്. യുദ്ധം ആരംഭിച്ചത് മുതൽ, ഇറാഖിലുടനീളമുള്ള ഈ ഗ്രൂപ്പുകളിലെ അംഗങ്ങളെ അമേരിക്കയും ഇസ്രായേലും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ദിവസം രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു.

Similar Posts