ജിപിഎസ് ട്രാക്കറുമായി ഫാൽക്കണിന്‍റെ 10,000 കിലോമീറ്റർ ദേശാടനം; ലഭ്യമായത് നിർണായക വിവരങ്ങൾ
|ദക്ഷിണാഫ്രിക്ക മുതൽ ഫിൻലാൻഡ് വരെയായിരുന്നു യാത്ര
പക്ഷികളുടെ ദേശാടനം എന്നും ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രതിഭാസമാണ്. കടലും കരയുമെല്ലാം താണ്ടി കിലോമീറ്റററുകളാണ് ഇവ സഞ്ചരിക്കാറ്. ഇപ്പോൾ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച് കിലോമീറ്ററുകൾ പറന്ന പെൺ ഫാൽക്കണാണ് ശാസ്ത്രലോകത്തെ ചർച്ചാവിഷയം. ദക്ഷിണാഫ്രിക്കയിൽനിന്ന് ഫിൻലാൻഡ് വരെയായിരുന്നു യാത്ര. 42 ദിവസം കൊണ്ട് 10,000 കിലോമീറ്ററാണ് പക്ഷി പിന്നിട്ടത്. ലോകത്തിലെ വ്യത്യസ്തമായ ഭൂപ്രകൃതികളെ എങ്ങനെ പക്ഷികൾ ദേശാടനത്തിനായി തന്ത്രപരമായി ഉപയോഗിക്കുന്നു എന്നതിന്‍റെ വിവരങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
ദിവസവും ശരാശരി 230 കിലോമീറ്ററാണ് ഫാൽക്കൺ സഞ്ചരിച്ചത്. നേർരേഖയിലായിരുന്നു ഭൂരിഭാഗം സമയത്തെയും യാത്ര. സുഡാനിലും ഈജിപ്തിലും നൈൽ നദി പിന്തുടർന്നാണ് പറന്നത്. ഇതുവഴി ശുദ്ധജലവും ഭക്ഷണവും ഉറപ്പുവരുത്താൻ സാധിച്ചു. നിർജലീകരണ സാധ്യതയുള്ളതിനാൽ മെഡിറ്റേറിയൻ കടൽ ഒഴിവാക്കി സിറിയക്കും ലെബനാനും മുകളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. കടൽ വെള്ളം കുടിക്കാനാകില്ലെന്ന കാരണത്താൽ കരിങ്കടലും യാത്രയിൽനിന്ന് ഒഴിവാക്കി.
ഈ യാത്രാ റൂട്ട് ദേശാടന പക്ഷികൾ എത്രത്തോളം ബുദ്ധിയുള്ളതാണെന്ന് കാണിക്കുന്നുവെന്ന് ശാസ്ത്രലോകം പറയുന്നു. ശുദ്ധജലം, അനുകൂലമായ കാറ്റ് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇവ റൂട്ടുകൾ തെരഞ്ഞെടുക്കുന്നത്.
ഫാൽക്കൺ പോലുള്ള പക്ഷികൾ ഭൂമിയുടെ കാന്തിക മണ്ഡലം, ആകാശ സൂചനകൾ, ഭൂമിശാസ്ത്രപരമായ അതിരടയാളങ്ങൾ എന്നിവയെയെല്ലാം ദേശാടനത്തിനായി ആശ്രയിക്കുന്നുണ്ട്. ഈ പക്ഷികൾക്ക് ഗ്രഹത്തിന്‍റെ കാന്തിക മണ്ഡലം മനസ്സിലാക്കാനും പ്രകൃതിദത്ത ജിപിഎസായി ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക കഴിവുകളുണ്ടെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ചെറുതും ശക്തവുമായ ജിപിഎസ് ട്രാക്കറാണ് ഫാൽക്കണിൽ ഘടിപ്പിച്ചിരുന്നത്. ഇതുവഴി പക്ഷിയുടെ യാത്രയുടെ പൂർണ വിവരങ്ങളാണ് ശാസ്ത്രജ്ഞർക്ക് ലഭ്യമായത്. ഏതെല്ലാം വഴിയിലൂടെ സഞ്ചരിക്കുന്നു, എവിടെയെല്ലാം വിശ്രമിക്കുന്നു എന്നിവയെല്ലാം മനസ്സിലാക്കാൻ സാധിച്ചു. കൂടാതെ കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് യാത്രയെ സ്വാധീനിക്കുന്നതെന്നും മനസ്സിലാക്കാനായി.