< Back
World
5.8 കോടി രൂപ ചെലവഴിച്ച്  മകന്‍റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിച്ച് പിതാവ്; വൈറലായി മകന്‍റെ പ്രതികരണം
World

5.8 കോടി രൂപ ചെലവഴിച്ച് മകന്‍റെ കുട്ടിക്കാല ചിത്രം നഗരത്തിലുടനീളം പതിച്ച് പിതാവ്; വൈറലായി മകന്‍റെ പ്രതികരണം

Web Desk
|
11 Jun 2025 11:36 AM IST

മകന്‍റെ 'ക്യൂട്ടായ' ചിത്രങ്ങള്‍ നഗരം മുഴുവൻ കാണാന്‍ അര്‍ഹതയുണ്ടെന്നാണ് പിതാവിന്‍റെ അവകാശവാദം

ടോക്കിയോ: മക്കള്‍ സന്തോഷിക്കുന്നത് കാണുന്നതാണ് മാതാപിതാക്കളുടെ സന്തോഷം.അതിന് വേണ്ടി അവര്‍ സാധ്യമായതെല്ലാം ചെയ്യും. പിറന്നാളിന് സർപ്രൈസ് ഗിഫ്റ്റുകള്‍ നല്‍കിയും,ഇഷ്ടമുള്ള ഭക്ഷണവും കളിപ്പാട്ടവുമെല്ലാം വാങ്ങിയും മക്കളെ സന്തോഷിപ്പിക്കാറുണ്ട്.എന്നാല്‍ ജപ്പാനിലെ ഒരു പിതാവ് മകനെ സന്തോഷിപ്പിക്കാന്‍ തെരഞ്ഞെടുത്തത് വേറിട്ട മാര്‍ഗമായിരുന്നു.ടോക്കിയോയില്‍ എല്ലായിടത്തും മകന്‍റെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ പതിച്ചുകൊണ്ടാണ് പിതാവ് സ്നേഹം പ്രകടിപ്പിച്ചത്.

700,000 ഡോളറാണ് ഇതിനായി പിതാവ് ചെലവഴിച്ചതെന്നാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. മകനായ യു-കുനിന്‍റെ ഫോട്ടോ നടപ്പാത ബാനറുകൾ, സിറ്റി ബസുകൾ, പാർക്കിംഗ് അടയാളങ്ങൾ എന്നിവയിലെല്ലാം റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ കൂടിയായ ഇദ്ദേഹം പരസ്യം നല്‍കിയിട്ടുണ്ട്. ദി ലാൻഡ്മാർക്ക് കിഡ് എന്നാണ് യു-കുൻ അറിയപ്പെടുന്നത് തന്നെ. മകന്‍റെ ക്യൂട്ടായ ചിത്രങ്ങള്‍ മുഴുവൻ നഗരവും കാണാന്‍ അര്‍ഹതയുണ്ടെന്നാണ് പിതാവിന്‍റെ അവകാശവാദം. കുസൃതിയും തമാശയും നിറഞ്ഞ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.“എന്റെ മകൻ ചെറുപ്പത്തിൽ വളരെ സുന്ദരനായിരുന്നു. ടോക്കിയോയിലെ എല്ലാവരും അറിയണമെന്ന് ഞാൻ കരുതി,” പിതാവ് ഔട്ട്‌ലെറ്റിനോട് പറഞ്ഞു.

യു-കുനിന്റെ പ്രതികരണമിങ്ങനെ....

പിതാവിന്‍റെ ഈ സ്നേഹ പ്രകടനത്തില്‍ ഇപ്പോള്‍16 വയസ്സുള്ള ആ കൗമാരക്കാരന് അത്ര സന്തോഷത്തിലല്ല. അതിനുള്ള കാരണവും അവന്‍ പറയുന്നുണ്ട്. 'നഗരം മുഴുവന്‍ എന്‍റെ ഫോട്ടോ പതിക്കുന്നത് എനിക്ക് ഇഷ്ടമല്ല, ഞാൻ അത്ര ക്യൂട്ട് ആണെന്ന് നിങ്ങൾക്ക് ശരിക്കും കരുതുന്നുവെങ്കിൽ, ആ 100 മില്യൺ യെൻ എന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൂടെ?" ഞാനിപ്പോള്‍ വലിയ കുട്ടിയായിരിക്കുന്നു,ആളുകളെങ്ങനെയാണ് എന്‍റെ കുട്ടിക്കാല ഫോട്ടോകള്‍ തിരിച്ചറിയുക. നാണക്കേടാണിത്'...ഇതാണ് മകന്‍റെ പ്രതികരണം.

സോഷ്യല്‍മീഡിയയിലും ചര്‍ച്ച

ജപ്പാനിൽ നിന്നുള്ള പിതാവിന്‍റെ വൈറല്‍ സ്നേഹപ്രകടനത്തെച്ചൊല്ലി സോഷ്യല്‍മീഡിയയിലും ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. "പഴയ ചൈനീസ് പഴഞ്ചൊല്ല് പറയുന്നതുപോലെ, 'ഒരു അച്ഛന്റെ സ്നേഹം ഒരു പർവ്വതം പോലെയാണ്,' എന്നാൽ ഈ ജാപ്പനീസ് അച്ഛന്റെ സ്നേഹം ബിൽബോർഡുകളിൽ അൽപ്പം ഭാരമുള്ളതാണ്!" എന്നാണ് ഒരാളുടെ അഭിപ്രായം.

"മാതാപിതാക്കളുടെ സ്നേഹം പലപ്പോഴും സൗജന്യമാണ്, പക്ഷേ അതിന് വലിയ വില നൽകേണ്ടിവരും. ചൈനീസ് മാതാപിതാക്കൾ അവരുടെ സ്നേഹം മറച്ചുവെക്കുന്നതിൽ പ്രശസ്തരാണ്, പക്ഷേ ചില ജാപ്പനീസ് മാതാപിതാക്കൾ അവരുടെ കുഞ്ഞിന്‍റെ മുഖം നഗരം മുഴുവന്‍ പരസ്യം പതിച്ചു നല്‍കുന്നു...മറ്റൊരാള്‍ കമന്‍റ് ചെയ്തു.

Related Tags :
Similar Posts