< Back
World
അപകടകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍
World

അപകടകാരിയായ ഫംഗസിനെ യുഎസിലേക്ക് കടത്തി; രണ്ട് ചൈനീസ് ഗവേഷകര്‍ അറസ്റ്റില്‍

Web Desk
|
4 Jun 2025 11:07 AM IST

വിളകളിലൂടെ മനുഷ്യരിലേക്ക് രോഗം പടര്‍ത്തുന്ന അപകടകാരിയാ ഫംഗസിനെയാണ് ഇവര്‍ യുഎസിലേക്ക് കടത്തിയത്

വാഷിംഗ്ടണ്‍: ''ഫ്യൂസാറിയം ഗ്രാമിനിയറം'' എന്ന അപകടകരമായ ഫംഗസിനെ യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ എഫ്ബിഐ അറസ്റ്റുചെയ്തു. എഫ്ബിഐ ഡയറക്ടര്‍ കാശ് പട്ടേല്‍ ചൊവ്വാഴ്ച്ച ഇക്കാര്യം സ്ഥിരീകരിച്ചു. മിഷിഗണ്‍ എന്ന യുഎസ് യൂണിവേഴ്സിറ്റില്‍ ഗവേഷണത്തിനായി എത്തിയതാണെന്ന പേരിലാണ് യുങ്കിംഗ് ജിയാനും ആണ്‍ സുഹൃത്തായ സുന്‍യോങ് ലിയുവും യുഎസിലേക്ക് എത്തിയതെന്ന് എഫ്ബിഐ ഡയറക്ടര്‍ പറഞ്ഞു.

''അഗ്രാടെററിസം ഏജന്റായാണ് ഫ്യൂസാറിയം ഗ്രാമിനിയറം എന്ന ഫംഗസ് വഹിച്ച് യുങ്കിംഗ് ജിയാന്‍ യുഎസിലേക്ക് എത്തിയത്. ഹെഡ് ബ്ലൈറ്റ് എന്ന രോഗത്തിന് കാരണമാകുന്ന ഫംഗസാണ് ഇത്. ഗോതമ്പ്, ബാര്‍ലി, ചോളം എന്നീ വിളകളിലൂടെ ഈ രോഗം മനുഷ്യരിലേക്കും മറ്റ് ജീവജാലങ്ങളിലേക്കും പകരും. ലോകത്ത് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കാന്‍ ഈ ഫംഗസ് കാരണാകുന്നുണ്ട്,'' കാശ് പട്ടേല്‍ പറഞ്ഞു.

ജിയാന്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് വിശ്വസ്യത പ്രകടിപ്പിച്ചയാളാണ്. ചൈനയിലെ ഈ രോഗകാരിയേക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി ചൈനീസ് ഗവണ്‍മെന്റില്‍ നിന്നും ധനസഹായം ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജിയാന്റെ ആണ്‍ സുഹൃത്തിനെതിരെയും പരാതിയുണ്ട്. സമാനമായി ഈ രോഗകാരിയെക്കുറിച്ച് ഗവേഷണം നടത്താന്‍ എത്തിയതാണെന്നാണ് ആണ്‍ സുഹൃത്തായ സുന്‍യോങ് ലിയുവും പറഞ്ഞത്. ഇയാള്‍ ആദ്യം കള്ളം പറഞ്ഞെങ്കിലും ഫ്യൂസാറിയം ഗ്രാമിനിയറം എന്ന രോഗകാരിയെ അമേരിക്കയിലേക്ക് കടത്താന്‍ എത്തിയതാണെന്ന് പിന്നീട് സമ്മതിച്ചു.

ഗൂഢാലോചന, അമേരിക്കയിലേക്ക് സാധനം കടത്തല്‍, തെറ്റായ പ്രസ്താവന, വിസ തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിര ചുമത്തിയത്. അമേരിക്കന്‍ സ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനും ഭക്ഷ്യ വിതരണത്തില്‍ ഭീഷണി ഉയര്‍ത്താനുമാണ് സിസിപിയുടെ ശ്രമമെന്ന് പട്ടേല്‍ വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ ജീവിതത്തിനും സമ്പത്ത് വ്യവസ്ഥക്കും ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഫ് ബി ഐ ഇതിനെതിരെ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ അന്വോഷണം നടത്തിവരികയാണ്. ഇരുവരും ഇപ്പോള്‍ എഫ്ബിഐയുടെ കസ്റ്റഡിയിലാണ്.

നേരത്തെ കൊറോണ വൈറസിനെ നിര്‍മ്മിച്ചത് ചൈനയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് എഫ് ബി ഐ കടക്കുന്നത്.

Related Tags :
Similar Posts