< Back
World
കിര്‍ക്ക് വധം: പ്രതിയെന്ന് സംശയിക്കുന്നയാൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എഫ്ബിഐ; വിവരം നൽകുന്നവർക്ക് ഒരുലക്ഷം ഡോളർ ഇനാം
World

കിര്‍ക്ക് വധം: പ്രതിയെന്ന് സംശയിക്കുന്നയാൾ രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് എഫ്ബിഐ; വിവരം നൽകുന്നവർക്ക് ഒരുലക്ഷം ഡോളർ ഇനാം

Web Desk
|
12 Sept 2025 10:51 AM IST

കൊലപാതകത്തിനായി ഉപയോ​ഗിച്ച തോക്ക് എഫ്ബിഐ കണ്ടെടുത്തു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ വിശ്വസ്ഥൻ ചാര്‍ളി കിര്‍ക്കിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). സംഭവത്തിന് ശേഷം ക്യാമ്പസില്‍ നിന്ന് അക്രമി രക്ഷപ്പെടുന്നതിന്റെ വിഡിയോ ദൃശ്യങ്ങളാണ് എഫ്ബിഐ പുറത്തിവിട്ടത്.

പ്രതിയെന്ന് സംശയിക്കുന്നയാൾ കോളജിന് സമീപമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ മുകളിലൂടെ ഓടുന്നതും ശേഷം താഴേക്ക് ചാടി യൂട്ടാ സര്‍വകലാശാലാ ക്യാമ്പസിലെ മരക്കൂട്ടങ്ങള്‍ക്കിടയിലേക്ക് ഓടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. കിര്‍ക്ക് സംസാരിച്ചിരുന്ന വേദിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ നിന്നുമാണ് അക്രമി വെടിയുതിര്‍ത്തത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സര്‍വകലാശാലയ്ക്ക് സമീപത്തെ മരക്കൂട്ടത്തിനരികില്‍ പ്രതി തോക്കും വെടിയുണ്ടകളും ഉപേക്ഷിച്ചിരുന്നെന്നും എഫ്ബിഐ പ്രസ്താവനയിൽ പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ച യുവാവ്, കണ്ണാടിയും തൊപ്പിയും ഇട്ടിട്ടുണ്ട്. ഇയാളുടെ പുറത്ത് ഒരു ബാഗുമുണ്ട്. കൊലപാതകിയുടെ ഷൂവിന്റെ പാടുകള്‍, കയ്യുടെയും കൈപ്പത്തിയുടെയും രേഖകള്‍ തുടങ്ങിയവ മേല്‍ക്കൂരയില്‍നിന്ന് ശേഖരിച്ചതായും എഫ്ബിഐ അറിയിച്ചു.

യുഎസ് കണ്ട ഏറ്റവും വലിയ തെരച്ചിലിനാണ് കിര്‍ക്കിന്റെ കൊലയാളിക്ക് വേണ്ടി നടക്കുന്നത്. കിര്‍ക്കിനെ വെടിവയ്ക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന തോക്ക് കണ്ടെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരുലക്ഷം ഡോളറിന്റെ പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

Similar Posts