
PHOTO| Reuters
സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല; സുഡാനിലെ അൽ ഫാഷിറില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ അപകടത്തില്‍
|സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടാൻ ശ്രമിക്കുന്നവരെ വഴിയിൽ കൊള്ളയടിക്കുന്ന സംഘങ്ങളും സജീവമാണ്
ഖാര്‍ത്തൂം: ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിലെ ദാർഫൂറിൽ കുടുങ്ങിയ ലക്ഷങ്ങൾക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. ഒറ്റപ്പെട്ടു പോയ സാധാരണ മനുഷ്യരെ സഹായിക്കാൻ വെടിനിർത്തണമെന്നും മാനുഷിക ഇടനാഴി സ്ഥാപിക്കണമെന്നും അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ആവശ്യപ്പെട്ടു. പക്ഷേ ഇത് നടപ്പിലാകാത്തത് പതിനായിരങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ്.
സുഡാനിലെ ദാർഫൂർ പ്രദേശത്തേക്ക്, പ്രത്യേകിച്ച് അൽ ഫാഷിർനഗരത്തിലെ ലക്ഷക്കണക്കിന് സിവിലിയന്മാർക്ക് സഹായമെത്തിക്കാൻ നിരവധി അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ ശ്രമിക്കുന്നുണ്ട്.താത്കാലിക വെടിനിർത്തൽ, സഹായമെത്തിക്കാൻ മാനുഷിക ഇടനാഴികൾഎന്നിവയാണ് അന്താരാഷ്ട്ര സന്നദ്ധ സംഘങ്ങൾ ആവശ്യപ്പെടുന്നത്.എന്നാൽ, സുഡാനീസ് ആർമ്ഡ് ഫോഴ്സസും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസുംവെടി നിർത്താൻ തയ്യാറായില്ല.വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാം നിയന്ത്രിച്ചതിനാൽ അൽ ഫാഷിറിൽ നിന്ന് വിവരങ്ങൾ പുറത്തു വരുന്നുമില്ല. ഇവിടെ നിന്ന് 62,000-ലധികം പേർ പലായനം ചെയ്തെങ്കിലും ഭൂരിഭാഗം പേരും വഴിയിൽ കുടുങ്ങിയിരിക്കുന്നു.സുരക്ഷാ പ്രശ്നങ്ങൾ കാരണം പല സന്നദ്ധ സംഘങ്ങളും പ്രവർത്തനം നിർത്തിയിട്ടുണ്ട്.
അൽ ഫാഷിർ നഗരത്തിൽ ഇപ്പോഴും ഒരു ലക്ഷത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരുടെ ജീവൻ അപകടത്തിലാണൈന് സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി.സമീപ പട്ടണമായ തവിലയിലേക്ക് രക്ഷപ്പെട്ടാൻ ശ്രമിക്കുന്നവരെ വഴിയിൽ കൊള്ളയടിക്കുന്ന സംഘങ്ങളും സജീവമാണ്. അഞ്ച് കോടി ജനങ്ങളുള്ള ആഫ്രിക്കൻ രാജ്യമായ സുഡാനിൽ അധികാരം പിടിക്കാനായി രണ്ട് സായുധ സംഘങ്ങളുടെ ഏറ്റുമുട്ടലാണ് കഴിഞ്ഞ 2023 മുതൽ നടക്കുന്നത്. സുഡാൻ സായുധ സേനയും, റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന സംഘടനയും തമ്മിലാണ് അധികാരത്തിനായി വടംവലി. സുഡാൻ സായുധ സേനയുടെ ശക്തികേന്ദ്രമായിരുന്ന അൽ ഫാഷിർ നഗരം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.