World
Steve Witkoff
World

ഭക്ഷണവിതരണ കേന്ദ്രത്തിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇന്ന് ഗസ്സയിൽ

Web Desk
|
1 Aug 2025 7:40 AM IST

സഹായവിതരണം വിപുലപ്പെടുത്തി ആക്രമണം തുടരാനാണ് യുഎസ്-ഇസ്രായേൽ ധാരണയെന്നാണ്​ റിപ്പോർട്ട്

തെൽ അവിവ്: ഭക്ഷണവിതരണ കേന്ദ്രത്തിൽ കൂട്ടക്കുരുതി തുടരുന്നതിനിടെ, സ്ഥിതി വിലയിരുത്താൻ യുഎസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വിറ്റ്​കോഫ്​ ഇന്ന്​ ഗസ്സയിലെത്തും. സഹായവിതരണം വിപുലപ്പെടുത്തി ആക്രമണം തുടരാനാണ് യുഎസ്-ഇസ്രായേൽ ധാരണയെന്നാണ്​ റിപ്പോർട്ട്​.

ഇസ്രായേലും അമേരിക്കയും രൂപപ്പെടുത്തിയ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്‍റെ ഭക്ഷ്യവിതരണ കേന്ദ്രങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിലാണ്​ യുഎസ്​ പശ്​ചിമേഷ്യൻ ദൂതൻ സ്റ്റിവ്​ വി​റ്റ്​കോഫിന്‍റെ ഗസ്സ സന്ദർശനം. സഹായം തേടിയെത്തിയ 1300 ഓളം പേരെയാണ്​ ക​ഴിഞ്ഞ ദിവസങ്ങളിൽ സൈന്യം വെടിവെച്ചു കൊന്നത്​. ഇന്നലെയും 23 പേർ വെടിയേറ്റു മരിച്ചു. ഗസ്സയിൽ വിപുലമായ ഭക്ഷ്യവിതരണ പദ്ധതിക്ക്​ രൂപം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനാണ്​ സ്റ്റിവ് ​ വിറ്റ്​കോഫിന്‍റെ ഗസ്സ സന്ദർശനമെന്ന് വൈറ്റ്​ഹൗസ്​ അറിയിച്ച​ു.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി സ്റ്റിവ്​ വിറ്റ്​കോഫ്​ ഇന്നലെ വിശദമായ ചർച്ച നടത്തി. ഗസ്സയിലെ വെടിനിർത്തൽ, ഭക്ഷ്യവിതരണം, യുദ്ധാനന്തര ഗസ്സയുടെ ഭാവി എന്നിവ ചർച്ചയായി. ആക്രമണം തുടരാനും സഹായ വിതരണം മെച്ചപ്പെടുത്താനുമാണ്​ താൽക്കാലിക ധാരണയെന്ന്​ യുഎസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. വെടിനിർത്തൽ ചർച്ച അട്ടിമറിച്ചത്​ ഹമാസാണെന്നും​ അമേരിക്ക കുറ്റപ്പെടുത്തി.പൂർണ യുദ്ധവിരാമവും സൈനിക പിൻമാറ്റവും അംഗീകരിച്ചാൽ ബന്ദികൈമാറ്റത്തിന്​ തയാറാണെന്ന്​ ഹമാസ്​ ആവർത്തിച്ചു.

അതിനിടെ, പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ദ്വിരാഷ്ട്ര പരിഹാരമെന്ന ഫോർമുലക്ക് പിന്തുണയുമായി കൂടുതൽ പാശ്ചാത്യ രാജ്യങ്ങൾ രംഗത്തു വന്നത്​ ഇസ്രായേലിനും അമേരിക്കക്കും തിരിച്ചടിയായി. ബ്രിട്ടനും ഫ്രാൻസിനും പിന്നാലെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന്​ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. എന്നാൽ ഇത്തരം പ്രഖ്യാപനങ്ങൾ ഹമാസിന്​ മാത്രമാണ്​ ഗുണം ചെയ്യുകയെന്നും പശ്ചിമേഷ്യൻ പ്രശ്നം കൂടുതൽസങ്കീർണമാക്കുമെന്നും യുഎസ്​ സ്​റ്റേറ്റ്​ സെക്രട്ടറി മാർകോ റൂബിയോ കുറ്റപ്പെടുത്തി. ഗസ്സയിൽ തുടരുന്ന വംശഹത്യാ നടപടികൾ മുൻനിർത്തി ഇസ്രായേലുമായി സഹകരിക്കുന്ന ഏതൊരു കപ്പലിനു നേരെയും ചെങ്കടലിൽ ആക്രമണം ശക്​തമാക്കുമെന്ന്​ യെമനിലെ ഹൂതികൾ. ഇസ്രായേലുമായുള്ള എല്ലാ ആയുധ ഇടപാടുകളും നിർത്തി വെച്ചതായി സ്ലൊവേനിയ അറിയിച്ചു.

Similar Posts