
'ടൈറ്റന്‍ ദുരന്തം ഒഴിവാക്കാമായിരുന്നു'; ഓഷ്യന്‍ഗേറ്റിന്‍റെ പരാജയങ്ങള്‍ തുറന്നുകാട്ടി യുഎസ് കോസ്റ്റ് ഗാര്‍ഡിന്‍റെ അന്തിമ റിപ്പോര്‍ട്ട്
|ദുരന്തം നടന്ന് വര്‍ഷങ്ങൾക്ക് ശേഷം യുഎസ് കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ അന്തിമ റിപ്പോര്‍ട്ട് ഓഷ്യൻഗേറ്റിന്‍റെ പരാജയങ്ങളെ തുറന്നുകാട്ടുന്നതാണ്
വാഷിംഗ്ടൺ: കടലാഴങ്ങളിൽ പുതഞ്ഞുപോയ ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങൾ കാണുന്നതിനായി ഓഷ്യന്‍ ഗേറ്റ് എന്ന സമുദ്ര പര്യവേഷണ സ്ഥാപനം അഞ്ചുപേര്‍ക്കായി സംഘടിപ്പിച്ച മുങ്ങിക്കപ്പല്‍ യാത്ര ദുരന്തത്തില്‍ കലാശിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുകയാണ്. അന്തര്‍വാഹിനിയിലുണ്ടായിരുന്ന അഞ്ചു പേരും പേടകം പൊട്ടിത്തെറിച്ചു മരിക്കുകയായിരുന്നു. ദുരന്തം നടന്ന് വര്‍ഷങ്ങൾക്ക് ശേഷം യുഎസ് കോസ്റ്റ് ഗാര്‍ഡ് പുറത്തിറക്കിയ അന്തിമ റിപ്പോര്‍ട്ട് ഓഷ്യൻഗേറ്റിന്‍റെ പരാജയങ്ങളെ തുറന്നുകാട്ടുന്നതാണ്. കഴിഞ്ഞ ദിവസമാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഓഷ്യന്‍ഗേറ്റിന്റെ പ്രവര്‍ത്തന പരാജയമാണ് ദുരന്തത്തിന് കാരണമെന്നാണ് മറൈന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ഗുരുതരമായ രൂപകല്‍പന പിഴവുകള്‍, മോശം മേല്‍നോട്ടം, യാത്രക്കാര്‍ക്ക് ശ്വാസം മുട്ടുന്ന തരത്തില്‍ സ്ഥലസൗകര്യമില്ലായ്മ തുടങ്ങിയ പിഴവുകളാണ് 300 പേജുള്ള റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നത്. 'ഈ സമുദ്ര ദുരന്തവും അഞ്ച് പേരുടെ മരണവും ഒഴിവാക്കാമായിരുന്നു' അന്വേഷണത്തിന് നേതൃത്വം നൽകിയ ജേസൺ ന്യൂബോവർ പറഞ്ഞു. ജലപേടകം പൊട്ടിത്തെറിച്ച് മരിച്ച അഞ്ച് പേരിൽ ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ്, ടൈറ്റാനിക് വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിംഗ്, പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ എന്നിവരും ഉൾപ്പെടുന്നു.
2023 ജൂണ്‍ 16നാണ് അഞ്ച് പേരുമായി പോയ അന്തർവാഹിനി കാണാതായത്. 110 വർഷങ്ങൾക്ക് മുമ്പ് അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി പോയപ്പോഴായിരുന്നു ടൈറ്റന്റെ തിരോധാനം. ഓഷ്യൻഗേറ്റ് കമ്പനിയുടെ ടൂറിസ്റ്റ് അന്തർവാഹിനിയാണ് ടൈറ്റൻ സബ്‌മെർസിബിൾ. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കാനഡയിലെ ന്യൂഫൗണ്ട് ലാൻഡിൽ നിന്ന് 700 കിലോമീറ്റർ അകലെ വെച്ചാണ് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായത്. . ടൈറ്റാനിക്കില്‍ നിന്ന് 1,600 അടി അകലെയാണ് ടൈറ്റന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.