< Back
World
സഹോദരി ഗർഭപാത്രം ദാനം ചെയ്തു; യു.കെയിൽ 37കാരിക്ക് പെൺകുഞ്ഞ് പിറന്നു
World

സഹോദരി ഗർഭപാത്രം ദാനം ചെയ്തു; യു.കെയിൽ 37കാരിക്ക് പെൺകുഞ്ഞ് പിറന്നു

Web Desk
|
9 April 2025 11:17 AM IST

യുകെയിൽ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആദ്യ യുവതിയാണ് ഗ്രേസ്

ലണ്ടൻ: യുകെയിൽ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. ഫെബ്രുവരി 27 ന് ലണ്ടനിലെ ക്വീൻ ഷാർലറ്റ്സ് ആൻഡ് ചെൽസി ഹോസ്പിറ്റലിലാണ് പെൺകുഞ്ഞ് ജനിച്ചത്. 37കാരിയായ ഗ്രേസ് ഡേവിഡ്സണ് മൂത്ത സഹോദരിയാണ് ഗർഭപാത്രം ദാനം ചെയ്തത്. ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് 'ആമി' എന്ന പെൺകുട്ടി ജനിച്ചത്.

ഗ്രേസ് ഡേവിഡ്സൺ മേയർ-റോക്കിറ്റാൻസ്‌കി-കുസ്റ്റർ-ഹൗസർ സിൻഡ്രോം എന്നറിയപ്പെടുന്ന അപൂർവ രോഗബാധിതയായിരുന്നു ഗ്രേസ് ഡേവിഡ്സൺ. പ്രവർത്തനരഹിതമായ ഗർഭപാത്രത്തോടെയാണ് ഗ്രേസ് ജനിച്ചതെന്നും ആശുപത്രി അധികൃതർ പറയുന്നു. വിവാഹം കഴിഞ്ഞ് 10 വർഷമായിട്ടും ഗ്രേസിനും ഭർത്താവ് ആംഗസ് ഡേവിഡ്സണും കുട്ടികളുണ്ടായിരുന്നില്ല. ഇതിനായി നിരവധി ചികിത്സകൾ ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം. തുടർന്നാണ് ഗ്രേസിന്റെ സഹോദരിയും 42 കാരിയുമായ ആമി പർഡി അവരുടെ ഗർഭപാത്രം ദാനം ചെയ്യാനായി മുന്നോട്ട് വന്നത്. ഇവർക്ക് 10 ഉം 6 ഉം വയസ്സുള്ള രണ്ട് പെൺമക്കളുണ്ട്.

ഒടുവിൽ യുകെയിൽ ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആദ്യ സ്ത്രീയായി ഗ്രേസ് മാറി. 2023 ഫെബ്രുവരിയിൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽസ് ഫൗണ്ടേഷന്റെ ഭാഗമായ ഓക്‌സ്‌ഫോർഡ് ട്രാൻസ്പ്ലാൻറ് സെന്ററിൽ ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. 30-ലധികം ഡോക്ടർമാരുടെ ഒരു സംഘം ഏകദേശം 17 മണിക്കൂർ എടുത്താണ് ആമിയുടെ ഗർഭപാത്രം നീക്കം ചെയ്ത് ഗ്രേസിലേക്ക് മാറ്റിവെച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

25 വർഷത്തിലധികം നീണ്ട ഗവേഷണത്തിന്റെ പര്യവസാനമാണ് ആമിയുടെ ജനനമെന്ന് യുകെയിലെ കൺസൾട്ടന്റ് ഗൈനക്കോളജിക്കൽ സർജനായ പ്രൊഫസർ റിച്ചാർഡ് സ്മിത്ത് പറഞ്ഞു. യുകെയിലെ ഗർഭപാത്രം പ്രവർത്തനക്ഷമമല്ലാതായി ജനിച്ച 15,000 സ്ത്രീകളിൽ പലർക്കും ആമിയുടെ ജനനം പ്രതീക്ഷ നൽകുമെന്ന് അദ്ദേഹം പറയുന്നു.

2014 ൽ സ്വീഡനിലായിരുന്നു ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ കുഞ്ഞ് ജനിക്കുന്നത്. അതിനുശേഷം യുഎസ്, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, തുർക്കി എന്നിവയുൾപ്പെടെ ഒരു ഡസനിലധികം രാജ്യങ്ങളിലായി ഏകദേശം 135 അത്തരം ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ട്.. ഏകദേശം 65 ആരോഗ്യമുള്ള കുഞ്ഞുങ്ങളും ഗർഭപാത്രം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പിന്നാലെ ജനിച്ചിട്ടുണ്ട്.

Similar Posts