< Back
World
black smoke,pope conclave,news pope,world,Papal conclave 2025 ,പുതിയ മാര്‍പാപ്പ,പോപ് കോണ്‍ക്ലേവ്
World

വത്തിക്കാൻ സിസ്റ്റേയൻ ചാപ്പലിൽ നിന്ന് കറുത്ത പുകയുയർന്നു; ആദ്യ റൗണ്ടിൽ മാർപാപ്പയെ തെരഞ്ഞെടുക്കാനായില്ല

Web Desk
|
8 May 2025 6:29 AM IST

ആർക്കും ഭൂരിപക്ഷം നേടായില്ല

വത്തിക്കാന്‍ സിറ്റി:പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിലെ ആദ്യ റൗണ്ട് വോട്ടെടുപ്പിൽ ആർക്കും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനായില്ല. മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെന്നു സൂചിപ്പിക്കുന്ന കറുത്ത പുകയാണ് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് സിസ്റ്റേയൻ ചാപ്പലിനു മുകളിൽ ഘടിപ്പിച്ച പുകക്കുഴലിൽ നിന്ന് ഉയർന്നത്.ഇന്ന് വോട്ടെടുപ്പ് വീണ്ടും തുടരും.

വോട്ടവകാശമുള്ള 133 കർദിനാൾമാരാണു കോൺക്ലേവിൽ പങ്കെടുക്കുന്നത്.യൂറോപ്പിൽ നിന്നും ഇറ്റലിയിൽനിന്നുമാണ് ഏറ്റവും കൂടുതല്‍ കര്‍ദിനാളുമാരുള്ളത്.കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് ബാവ, കര്‍ദിനാള്‍ ജോര്‍ജ്ജ് കൂവക്കാട്, ഗോവ, ദാമന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി, ഹൈദരാബാദ് അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് അന്തോണി പൂള എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന വോട്ടവകാശമുള്ള കര്‍ദിനാളുമാര്‍.

89 വോട്ട് അഥവാ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാൾ ഫ്രാൻസിസ് മാർപാപ്പയുടെ അടുത്ത പിന്‍ഗാമിയാകും. ഒരു റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ സമവായം ആയില്ലെങ്കിൽ ആ ബാലറ്റുകൾ കത്തിക്കും.ഇതോടെയാണ് സിസ്റ്റേയൻ ചാപ്പലിന് മുകളിലുള്ള ചിമ്മിനിയിലൂടെ കറുത്ത പുക പുറത്തുവരുന്നത്. ബാലറ്റുകൾക്കൊപ്പം പൊട്ടാസ്യം പെർക്ലോറേറ്റ്, ആന്താസിൻ, സൾഫർ എന്നിവ കൂടി കത്തിക്കുമ്പോഴാണ് കറുത്ത പുക വരുന്നത്.

മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ദിവസങ്ങളും ആഴ്ചകളും ചിലപ്പോൾ അതിലേറെയും നീണ്ടുപോയേക്കാം. അങ്ങനെ ചരിത്രവുമുണ്ട്. വോട്ടെടുപ്പിനൊടുവിൽ ഒരു കർദിനാളിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ സിസ്റ്റേയൻ ചാപ്പലിലെ ചിമ്മിനിയിൽക്കൂടി വെളുത്ത പുക വരും. അവസാനവോട്ടെടുപ്പിലെ ബാലറ്റുകൾ കത്തിക്കുന്നതിനൊപ്പം പൊട്ടാസ്യം ക്ലോറേറ്റ് ലാക്ടോസ്, ക്ലോറോഫോം റെസിൻ എന്നീ രാസവസ്തുക്കൾ കൂടി ചേർക്കുമ്പോഴാണ് വെളുത്ത പുക വരുന്നത്. ഇതിനുശേഷം പുതിയ മാർപാപ്പയെ ഔദ്യോഗികമായി പ്രഖ്യാപിക്കും.


Similar Posts