< Back
World
ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
World

ഗസ്സ ആശുപത്രിക്ക് നേരെ ഇസ്രായേൽ ആക്രമണം; അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

Web Desk
|
26 Dec 2024 9:05 AM IST

2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ കുറഞ്ഞത് 141 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്

ഗസ്സ സിറ്റി: സെൻട്രൽ ഗസ്സയിലെ ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിൽ സ്ഥിതി ചെയ്യുന്ന അൽ-ഔദ ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായത്. അൽ-ഖുദ്‌സ് ടുഡേ ചാനലിന്റെ ബ്രോഡ്കാസ്റ്റിംഗ് വാനിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഫാദി ഹസ്സൗന, ഇബ്രാഹിം അൽ ഷെയ്ഖ് അലി, മുഹമ്മദ് അൽ ലദ, ഫൈസൽ അബു അൽ കുംസാൻ, അയ്മൻ അൽ ജാദി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസവവേദന അനുഭവപ്പെട്ട ഭാര്യക്കൊപ്പമായിരുന്നു അയ്മൻ അൽ ജാദി ആശുപത്രിയിൽ എത്തിയത്.

'പ്രസ്' എന്ന് എഴുതിയിരിക്കുന്ന ഇവരുടെ വെള്ളനിറത്തിലുള്ള വാൻ കത്തി നശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിട്ടിട്ടുണ്ട്. വാനിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുത്തതായി ഫലസ്തീൻ അധികൃതർ അറിയിച്ചു. സംഭവത്തിൽ ഇതുവരെ ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.

2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഉണ്ടായ ഇസ്രായേൽ ആക്രമണങ്ങളിൽ കുറഞ്ഞത് 141 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി കമ്മറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ് (CPJ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ആദ്യം മാധ്യമപ്രവർത്തകർക്കെതിരായ ഇസ്രായേൽ അതിക്രമങ്ങളെ സിപിജെ അപലപിച്ചിരുന്നു.

Similar Posts