
പാകിസ്താനിൽ മിന്നൽ പ്രളയം; 340 മരണം
|പ്രളയബാധിത ജില്ലകളിൽ ആഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പെഷവാർ: പാകിസ്താന്റെ വടക്കൻ മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 340ൽ കൂടുതൽ ആളുകൾ മരിച്ചു. നിരവധിപേരെ കാണാതായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുണർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്. ഇവിടെ നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി.
48 മണിക്കൂറിനിടെ 204 പേരാണ് ബുണറിൽ മാത്രം മരിച്ചത്. 120 പേർക്ക് പരിക്കേറ്റു. 50 പേരെ കാണാതായെന്നും ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ കാശിഫ് ഖയ്യൂം ഖാന്റെ ഓഫീസ് അറിയിച്ചു.
മേഘവിസ്‌ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയമുണ്ടായത്. ബുണറിനെ കൂടാതെ ബജൗർ, സ്വാത്, മനേഹ്ര, ഷാംഗ്ല, തോർഘർ, ബടാഗ്രാം തുടങ്ങിയ ജില്ലകളും വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിലാണ്. ഈ ജില്ലകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രളയത്തിൽ 11 വീടുകൾ പൂർണമായും തകർന്നു. 63 വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. സ്വാതിൽ രണ്ട് സ്‌കൂളുകളും ഷാംഗ്ലയിൽ ഒരു സ്‌കൂളും പ്രളയത്തിൽ തകർന്നു.