< Back
World
ഇറാൻ സംഘർഷത്തിൽ അമേരിക്കക്ക് കനത്ത തിരിച്ചടി; നാല് ബില്യൺ ഡോളറിന്റെ റഡാറുകൾ തകർക്കപ്പെട്ടതായി മുൻ സിഐഎ ഉദ്യോഗസ്ഥൻ
World

ഇറാൻ സംഘർഷത്തിൽ അമേരിക്കക്ക് കനത്ത തിരിച്ചടി; നാല് ബില്യൺ ഡോളറിന്റെ റഡാറുകൾ തകർക്കപ്പെട്ടതായി മുൻ സിഐഎ ഉദ്യോഗസ്ഥൻ

ആത്തിക്ക് ഹനീഫ്
|
8 March 2026 8:45 AM IST

അമേരിക്കയുടെ പക്കലുള്ള ഏറ്റവും ആധുനികമായ റഡാറുകളാണ് ഇറാൻ ലക്ഷ്യം വെച്ചതെന്ന് ലാറി ജോൺസൺ പറഞ്ഞു

വാഷിംഗ്‌ടൺ: ഇറാനുമായുള്ള സൈനിക സംഘർഷത്തിൽ അമേരിക്കയ്ക്ക് വൻ സാമ്പത്തിക-സൈനിക നഷ്ടങ്ങൾ സംഭവിച്ചതായി മുൻ സിഐഎ അനലിസ്റ്റ് ലാറി ജോൺസൺ. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം നാല് ബില്യൺ ഡോളർ (ഏകദേശം 33,000 കോടിയിലധികം രൂപ) വിലമതിക്കുന്ന അഞ്ച് അത്യാധുനിക അമേരിക്കൻ റഡാർ സംവിധാനങ്ങൾ തകർക്കപ്പെട്ടതായാണ് അദേഹം അവകാശപ്പെടുന്നത്. മേഖലയിലെ അമേരിക്കയുടെ പ്രതിരോധ നിരക്ക് ഏറ്റ വലിയ പ്രഹരമാണിതെന്ന് അദേഹം ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പക്കലുള്ള ഏറ്റവും ആധുനികമായ റഡാറുകളാണ് ഇറാൻ ലക്ഷ്യം വെച്ചതെന്ന് ലാറി ജോൺസൺ പറഞ്ഞു. ഈ റഡാറുകൾ തകർക്കപ്പെട്ടതോടെ മേഖലയിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത കുറയാൻ സാധ്യതയുണ്ട്. ഓരോ റഡാറിനും ശതകോടിക്കണക്കിന് ഡോളർ വിലവരുന്ന സാഹചര്യത്തിൽ, ഈ നഷ്ടം അമേരിക്കൻ സൈന്യത്തിന് പെട്ടെന്ന് നികത്താനാവില്ലെന്നും അദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ഇറാൻ മുൻപ് നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ പതിച്ചുവെന്നതിന്റെ തെളിവാണ് ഈ വെളിപ്പെടുത്തൽ. സാധാരണയായി ഇത്തരം വലിയ സൈനിക നഷ്ടങ്ങൾ അമേരിക്ക ഔദ്യോഗികമായി പുറത്തുവിടാറില്ല. എന്നാൽ, ഇറാന്റെ സൈനിക ശേഷി അമേരിക്ക വിചാരിച്ചതിലും ശക്തമാണെന്നും പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾ വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ലാറി ജോൺസന്റെ വെളിപ്പെടുത്തൽ സൂചിപ്പിക്കുന്നു.

അമേരിക്കൻ റഡാറുകൾ തകർക്കപ്പെട്ടത് മേഖലയിലെ സൈനിക സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തിയേക്കാം. പ്രതിരോധ സംവിധാനങ്ങൾ തകർന്നതോടെ ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർന്നുള്ള നീക്കങ്ങളെ പ്രതിരോധിക്കുന്നത് അമേരിക്കക്കും സഖ്യകക്ഷികൾക്കും കൂടുതൽ വെല്ലുവിളിയാകും. ഈ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ സങ്കീർണമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Similar Posts