< Back
World
സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന കേസ്; മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം
World

സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്‌തെന്ന കേസ്; മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം

Web Desk
|
26 Aug 2025 5:58 PM IST

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിക്രമസിംഗെ സൂമിലൂടെയാണ് ഹാജരായത്

ന്യൂഡല്‍ഹി: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയ്ക്ക് ജാമ്യം അനുവദിച്ച് കോടതി. കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്തെന്ന കേസില്‍ റനില്‍ വിക്രമസിംഗെ അറസ്റ്റിലായത്.

നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിക്രമസിംഗെ സൂമിലൂടെയാണ് ഹാജരായത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ യാത്രയ്ക്ക് പൊതുപണം ദുരുപയോഗം ചെയ്‌തെന്ന കേസിലാണ് റനില്‍ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. 2022 മുതല്‍ 2024 വരെ ശ്രീലങ്കയുടെ ഒമ്പതാമത്തെ പ്രസിഡന്റായിയിരുന്നു റനില്‍ വിക്രമസിംഗെ.

പ്രസിഡന്റായിരുന്ന കാലയളവില്‍ 2023 സെപ്റ്റംബറില്‍ ഭാര്യ പ്രൊഫസര്‍ മൈത്രിയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോകാന്‍ സംസ്ഥാന ഫണ്ട് ഉപയോഗിച്ചതായാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ശ്രീലങ്കയില്‍ നടന്നത്. അതിനിടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നതോടെ ജയിലിലെ ആശുപത്രിയില്‍ നിന്ന് നാഷ്ണല്‍ ആശുപത്രിയിലേക്ക് വിക്രമസിംഗെയെ മാറ്റുകയായിരുന്നു.

അതേസമയം, കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതിക്ക് മുന്നില്‍ പ്രതിപക്ഷം ഇടതുസര്‍ക്കാരിനും പ്രസിഡന്റിനുമെതിരെ പ്രതിഷേധവുമായി എത്തി. സര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം എത്തിയതോടെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

Similar Posts