< Back
World
ഇറാഖ് അധിനിവേശത്തിന്റെ സൂത്രധാരൻ; യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

Dick Cheney | Photo | AFP

World

'ഇറാഖ് അധിനിവേശത്തിന്റെ സൂത്രധാരൻ'; യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

Web Desk
|
4 Nov 2025 7:06 PM IST

ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന് ആരോപണമുയർത്തിയ പ്രധാനികളിൽ ഒരാളായിരുന്നു ഡിക് ചെനി

വാഷിങ്ടൺ: യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി (84) അന്തരിച്ചു. യുഎസിന്റെ 46ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചിനി എന്ന ഡിക് ചിനി. ജോർജ് ബുഷ് പ്രസിഡന്റായിരുന്ന 2001- 2009 കാലത്താണ് ഡിക് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. യുഎസിന്റെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റ് എന്നായിരുന്നു ഡിക് ചെനി വിലയിരുത്തപ്പെട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണമെന്ന് കുടുംബം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

2003ലെ ഇറാഖ് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ചെനി. ഇറാഖിൽ കൂട്ടനശീകരണ ആയുധങ്ങൾ ഉണ്ടെന്ന് ആരോപണമുയർത്തിയ പ്രധാനികളിൽ ഒരാളായിരുന്നു അദ്ദേഹം. എന്നാൽ അത്തരത്തിലുള്ള ഒരായുധം പോലും ഇറാഖിൽ നിന്ന് കണ്ടെടുക്കാനാകാത്തത് ചെനിയുടെ വാദം പൊളിച്ചു. ചെനിയും പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്‌ഫെൽഡുമാണ് 2003 മാർച്ചിൽ ഇറാഖ് അധിനിവേശത്തിന് പ്രേരിപ്പിച്ച പ്രധാന വ്യക്തികൾ. 2001 സെപ്റ്റംബർ 11ന് അൽഖാഇദ അമേരിക്കയിൽ നടത്തിയ ആക്രമണത്തിന് ഇറാഖുമായി ബന്ധമുണ്ട് എന്നായിരുന്നു അന്ന് ചെനിയുടെ വാദം. എന്നാൽ സെപ്റ്റംബർ 11 ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമീഷൻ ഈ വാദം തള്ളിക്കളഞ്ഞു. എന്നാലും ഇറാഖ് അധിനിവേശം ശരിയായ തീരുമാനമായിരുന്നുവെന്ന് എക്കാലവും ചെനി ഉറപ്പിച്ചു പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെ കാലം ജോർജ് ബുഷിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിയായിരുന്നു ചെനി. ഗൾഫ് യുദ്ധത്തിൽ കുവൈത്തിൽ നിന്ന് ഇറാഖ് സൈന്യത്തെ പുറത്താക്കാനുള്ള യുഎസ് സൈനിക നടപടിക്ക് നിർദേശം നൽകിയതും ചെനിയാണ്. ചെനിയുടെ മകൾ ലിസ് ചെനിയും റിപ്പബ്ലിക്കൻ നിയമസഭാംഗമായിരുന്നു.

റിപ്പബിക്കൻ അംഗമാണെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ എതിർക്കുന്ന പരാമർശങ്ങൾ ചെനി നടത്തിയിരുന്നു. 2024ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസിന് വോട്ട് ചെയ്യുമെന്നും ഡിക് ചെനി പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ 248 വർഷ ചരിത്രത്തിൽ ട്രംപിനേക്കാൾ ഭീഷണിയായ ഒരു വ്യക്തിയെ രാജ്യം കണ്ടിട്ടില്ലെന്നായിരുന്നു ചെനി പറഞ്ഞത്.

Similar Posts