< Back
World
ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്റെ കൊലയാളിയായ ഇസ്രായേൽ സൈനികന്റെ പേര് വെളിപ്പെടുത്തി ഫൗണ്ടേഷൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകി

ഹിന്ദ് റജബ്- കൊലയാളി ബേനി അഹരോണ്‍

World

ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്റെ കൊലയാളിയായ ഇസ്രായേൽ സൈനികന്റെ പേര് വെളിപ്പെടുത്തി ഫൗണ്ടേഷൻ: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പരാതി നൽകി

Web Desk
|
6 May 2025 6:49 PM IST

ഇസ്രായേൽ സൈന്യത്തിന്റെ 401ാമത്തെ ബ്രിഗേഡിന്റെ അന്നത്തെ ലഫ്റ്റനന്റ് കേണലായിരുന്ന ബേനി അഹരോണാണ്, ഹിന്ദിനെ നിഷ്ഠൂരമായി കൊല്ലാൻ നേതൃത്വം നൽകിയത്.

ഗസ്സ: ഫലസ്തീൻ ബാലിക ഹിന്ദ് റജബിന്റെയും കുടുംബത്തിന്റെയും കൊലപാതകത്തിന് ഉത്തരവാദിയായ ഇസ്രായേൽ സൈനികന്റെ വിവരങ്ങൾ പുറത്തുവിട്ട് ഹിന്ദ് റജബ് ഫൗണ്ടേഷൻ. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റ പരാതിയും ഫയൽ ചെയ്തിട്ടുണ്ട്.

ഹിന്ദിന്റെ ഏഴാം ജന്മദിനം ആഘോഷിക്കുന്ന മെയ് മൂന്നിനാണ് കേസ് ഫയൽ ചെയ്തത്. ഹിന്ദിന്റെ സ്മരണാർഥമാണ് ബെൽജിയം ആസ്ഥാനമായി ഹിന്ദ് റജബ് ഫൗണ്ടേഷൻ സ്ഥാപിതമായത്.

2024 ജനുവരി 29ന് ഹിന്ദും കുടുംബവും സഞ്ചരിച്ച കാർ തെല്‍അവീവിൽ വെച്ച് ഇസ്രായേൽ ടാങ്കർ തകർക്കുകയായിരുന്നു. പരിക്കേറ്റ ഹിന്ദ് മണിക്കൂറുകളോളം ജീവിച്ചെങ്കിലും കൂടെ ഉണ്ടായിരുന്ന ആറ് പേരും തൽക്ഷണം മരണപ്പെട്ടു. ഹിന്ദിനെ രക്ഷിക്കാൻ റെഡ് ക്രസെന്റ്സ് സൊസൈറ്റിയുടെ ആംബുലൻസ് അയച്ചെങ്കിലും ഇസ്രായേൽ ഷെല്ലാക്രമണം അതിനെയും തകർത്തു. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർ ഹിന്ദിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇസ്രായേൽ സൈന്യത്തിന്റെ 401ാമത്തെ ബ്രിഗേഡിന്റെ അന്നത്തെ ലഫ്റ്റനന്റ് കേണലായിരുന്ന ബേനി അഹരോണാണ്, ഹിന്ദിനെ നിഷ്ഠൂരമായി കൊല്ലാൻ നേതൃത്വം നൽകിയത്. അഹരോണിന്റെ നേതൃത്വത്തിലുള്ള ടാങ്ക് യൂണിറ്റാണ് സിവിലിയൻ വാഹനത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്നാണ് ഫൗണ്ടേഷന്റെ കണ്ടെത്തൽ.

തുടർന്ന് ഹിന്ദിനെ രക്ഷിക്കാൻ വന്ന ആംബുലൻസ് ആക്രമിക്കുകയും ചെയ്തു. 2024 ജനുവരി 29ന് തെൽ അൽ-ഹവയിൽ പ്രവർത്തിക്കുന്ന ബറ്റാലിയന്റെ ഫീൽഡ് കമാൻഡർമാരും ഓപ്പറേഷനല്‍ ഓഫീസർമാരും ഉൾപ്പെടെയുള്ളവരുടെ ഐഡന്റിറ്റികൾ അന്വേഷണത്തിൽ സ്ഥിരീകരിച്ചതായും ഫൗണ്ടേഷൻ വ്യക്തമാക്കി.

2023 ഒക്ടോബർ 7ന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം, ഏകദേശം 52,500 ഫലസ്തീനികളാണ് കൊല്ലപ്പെട്ടു. അതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും തകർന്ന നഗരങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കാണാതാവുകയും ചെയ്തു. യുദ്ധക്കുറ്റകൃത്യങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്കും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ നവംബറിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേലിന്റെ വംശഹത്യ ഗസ്സയില്‍ ഇപ്പോഴും തുടരുകയാണ്.

Similar Posts