< Back
World
Israeli soldiers
World

ഗസ്സ യുദ്ധം; രണ്ടാഴ്ചക്കിടെ ജീവനൊടുക്കിയത് നാല് ഇസ്രായേലി സൈനികര്‍

Web Desk
|
16 July 2025 10:12 PM IST

മാനസിക പ്രശ്നം മൂലം ജീവനൊടുക്കുന്ന ഇസ്രായേൽ സൈനികരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്

ജറുസലെം: ഗസ്സ യുദ്ധത്തിൽ പങ്കെടുത്തതിന് ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ നാല് ഇസ്രായേലി സൈനികർ ആത്മഹത്യ ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനികരിൽ രണ്ട് പേർ നിർബന്ധിത സൈനിക സേവനത്തിൽ ഏർപ്പെട്ടിരുന്നവരാണെന്ന് ഇസ്രായേൽ മാധ്യമമായ ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഴ്ചകളോളം യുദ്ധമുഖത്ത് പോരാടിയതിന് ശേഷം അടുത്തിടെ തിരികെ ജൻമനാട്ടിലെത്തിയ റിസര്‍വ് സൈനികരാണ് മറ്റ് രണ്ട് പേര്‍.

ചൊവ്വാഴ്ചയും ഒരു സൈനികനെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയെന്നും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതാണെന്ന് സംശയമുണ്ടെന്നും ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ സൈന്യം 17,000 കുട്ടികളുൾപ്പെടെ 58,000-ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കിയിട്ടുണ്ട്. മാനസിക പ്രശ്നം മൂലം ജീവനൊടുക്കുന്ന ഇസ്രായേൽ സൈനികരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഹാരെറ്റ്‌സിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, യുദ്ധം ആരംഭിച്ചതിനുശേഷം 43 സൈനികർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 14 സൈനികരാണ് ജീവനൊടുക്കിയത്.

2024 ൽ മാത്രം 21 സൈനികർ ആത്മഹത്യ ചെയ്തു. 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കാണിത്. വർധിച്ചുവരുന്ന സൈനിക ആത്മഹത്യകളുടെ എണ്ണം ഭയപ്പെടുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വിശേഷിപ്പിച്ചു.''ഈ യുദ്ധം ആത്മാവിനെ കൊല്ലുന്നു'' അദ്ദേഹം എക്സിൽ കുറിച്ചു.

നിരവധി ആത്മഹത്യാ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ കിടക്കുന്നതിനാൽ യഥാർഥ ആത്മഹത്യകളുടെ എണ്ണം ഇതിലും കൂടുതലായിരിക്കുമെന്ന് മാനസികാരോഗ്യ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. സജീവ സേവനത്തിലല്ലാത്ത സൈനികർക്കിടയിലെ ആത്മഹത്യകൾ സൈന്യത്തിന്‍റെ കണക്കുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മിക്ക ആത്മഹത്യകളും തീവ്രമായ യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് സൈനിക വൃത്തങ്ങൾ ഹാരെറ്റ്സിനോട് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫലസ്തീൻ ആക്രമണങ്ങളിൽ കുറഞ്ഞത് 12 സൈനികർ കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ചതിനുശേഷം, കുറഞ്ഞത് 893 സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. മാർച്ച് 18 ന് ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതിനുശേഷം കൊല്ലപ്പെട്ട 45 പേർ ഉൾപ്പെടെ. കുറഞ്ഞത് 19,000 സൈനികര്‍ക്കെങ്കിലും പരിക്കേറ്റതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.

Similar Posts