< Back
World
ഗസ്സയിൽ ഇസ്രായേലിന്റെ പട്ടിണിക്കൊലയിൽ നാലുപേർക്ക് കൂടി ജീവൻ നഷ്ടമായി; മരിച്ചവരുടെ എണ്ണം 239 ആയി
World

ഗസ്സയിൽ ഇസ്രായേലിന്റെ പട്ടിണിക്കൊലയിൽ നാലുപേർക്ക് കൂടി ജീവൻ നഷ്ടമായി; മരിച്ചവരുടെ എണ്ണം 239 ആയി

Web Desk
|
15 Aug 2025 7:04 AM IST

ഇസ്രായേൽ വ്യോമാക്രണത്തിൽ ഇന്നലെ മാത്രം 54 പേർ കൊല്ലപ്പെട്ടു

​ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രായേലിന്റെ പട്ടിണിക്കൊലയിൽ നാലുപേർക്ക് കൂടി ജീവൻ നഷ്ടമായി. ഇതുവരെ പട്ടിണികിടന്ന് മരിച്ചവരുടെ എണ്ണം 239 ആയി. ഇന്നലെ മാത്രം 54 പേർ ഇസ്രായേൽ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടു.

വെടിനിർത്തൽ ചർച്ച അട്ടിമറിക്കാൻ കർശന ഉപാധികളാണ് ഇസ്രായേൽ മുന്നോട്ടുവെക്കുന്നത്. വെസ്റ്റ്​ ബാങ്കിനെ വിഭജിക്കുന്ന അനധികൃത കുടിയേറ്റ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള​ ഇസ്രായേൽ നീക്കത്തിനെതിരെ യുഎന്നും ലോക രാജ്യങ്ങളും രംഗത്തെത്തി.

പട്ടിണി ആയുധമാക്കിയുള്ള ഇസ്രായേലിന്റെ ആക്രമണത്തിൽ 106 കുട്ടികൾ മാത്രം കൊല്ലപ്പെട്ടു. 239 പേരാണ് ഇതുവരെ പട്ടിണികിടന്ന് മരിച്ചത്. പതിനായിരക്കണക്കിന് ട്രക്കുകളാണ് ഗസ്സക്കുള്ള സഹായവുമായി അതിർത്തിയിൽ കാത്തുനിൽക്കുന്നത്. പോഷകാഹാരക്കുറവ് മൂലം 40,000ത്തിലധികം കുഞ്ഞുങ്ങളാണ് മരണംകാത്തിരിക്കുന്നതെന്നും യുഎൻ മുന്നറിയിപ്പ് നൽകി. കൂടുതൽ സഹായ ട്രക്കുകളും വിതരണ കേന്ദ്രങ്ങളും അനുവദിക്കണമെന്ന ആവശ്യം ഇസ്രായേൽ തള്ളിയതോടെ കൂടുതൽ പട്ടിണി മരണങ്ങൾ ഉറപ്പാണെന്നും അവർ വ്യക്തമാക്കി.

ഈജിപ്ത്​, ജോർദാൻ എന്നിവിടങ്ങളിലെ തങ്ങളുടെ ഗോഡൗണുകളിൽ ഭക്ഷണം ഉൾപ്പെടെ 6,000 ട്രക്ക്​ സഹായ വസ്തുക്കൾ ലഭ്യമാണെന്ന്​ യുഎൻ ഏജൻസിയായ 'യുനർവ' അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങളിൽ 54 പേരാണ്​ ഇന്നലെ കൊല്ലപ്പെട്ടത്​. ഇവരിൽ 22 പേരും ഭക്ഷണത്തിന് വരി നിന്നവരാണ്​. ദോഹയും കൈറോയും കേന്ദ്രീകരിച്ച്​ നടക്കുന്ന വെടിനിർത്തൽ നീക്കങ്ങളെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹു ഉപാധികൾ മുന്നോട്ടുവെച്ചു.

ഹമാസിനെ നിരായുധീകരിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗസ്സയുടെ നിയന്ത്രണം കൈയാളുക ഉൾപ്പെടെയുള്ള ഉപാധികൾ അംഗീകരിച്ചാൽ മാത്രം യുദ്ധവിരാമം മതിയെന്നാണ്​ മന്ത്രിസഭാ തീരുമാനമെന്ന്​ നെതന്യാഹു അവകാശപ്പെട്ടു. തെൽ അവീവിൽ വെടിനിർത്തൽ കരാർ ആവ​ശ്യപ്പെട്ട്​ ആയിരങ്ങൾ പ്രക്ഷോഭം നടത്തി.

അതിനിടെ, അധിനിവിഷ്ട വെസ്റ്റ്​ ബാങ്കിലെ ഫലസ്തീൻ ഭൂമി കൈയേറാൻ ലക്ഷ്യമിട്ടുള്ള ജൂത കുടിയേറ്റ പദ്ധതി പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇസ്രായേൽ ധനമന്ത്രി സ്​മോട്രിക്​ അറിയിച്ചു. നേരത്തെ അമേരിക്കയുടെയും മറ്റും എതിർപ്പിനെ തുടർന്ന്​ നിർത്തിവെച്ചതായിരുന്നു ജറൂസലേം കേന്ദ്രമായ അനധികൃത കുടിയേറ്റ പദ്ധതി. ഇസ്രായേൽ നീക്കം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന്​ യുഎൻ സെക്രട്ടറി ജനറൽ ആന്‍റണിയോ ഗുട്ടറസ്​ പറഞു. ബ്രിട്ടൻ ഉൾപ്പെടെ നിരവധി രാജ്യങ്ങളും ​ഇസ്രായേൽ നീക്കത്തെ വിമർശിച്ചു.

Similar Posts