< Back
World
Four top Palestinian leaders serving life sentences in Israel may be released due to Ceasefire agreement

Photo| Special Arrangement

World

വെടിനിർത്തൽ കരാർ: ഇസ്രായേലിൽ ജീവപര്യന്തം തടവിലുള്ള നാല് മുൻനിര ഫലസ്തീൻ നേതാക്കളും മോചിതരായേക്കും

Web Desk
|
9 Oct 2025 5:43 PM IST

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിന്തുടർച്ചക്കാരനാകാൻ സാധ്യതയുള്ള നേതാവാണ് ഫതഹ് നേതാവ് മർവാൻ.

കെയ്റോ: ​ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിൽ നടക്കുന്ന ബന്ദി മോചനത്തിന് പകരമായി ഇസ്രായേലിൽനിന്ന് മോചിതരാകുന്നവരിൽ ഫലസ്തീനിലെ നാല് മുൻനിര നേതാക്കളും ഉണ്ടായേക്കും. ഇസ്രായേലിൽ ജീവപര്യന്തം തടവുശിക്ഷ നേരിടുന്ന നേതാക്കളാണ് മോചിതരാകാൻ സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ഇവരുടെ പേരുകൾ ഹമാസ് ഇസ്രായേലിന് ​കൈമാറിയിരുന്നു.

ഫതഹ് നേതാവ് മർവാൻ ബർഗൂതിയുൾപ്പെടെയുള്ള നേതാക്കളാകും മോചിതരാകുക. ഇദ്ദേഹത്തെ കൂടാതെ പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ നേതാവ് അഹ്മദ് സആദത്ത്, ഹമാസ് നേതാക്കളായ ഇബ്രാഹിം ഹാമിദ്, ഹസൻ സലാമ എന്നിവരും പട്ടികയിലുണ്ട്. ഖത്തർ മാധ്യമങ്ങളോടാണ് മധ്യസ്ഥ ചർച്ചയിലുള്ള കക്ഷികൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇവരുൾപ്പെടെ ഇസ്രായേൽ മോചിപ്പിക്കുന്നവരിൽ 200ലേറെ പേരാണ് ഇത്തരത്തിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർ.

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ പിന്തുടർച്ചക്കാരനാകാൻ സാധ്യതയുള്ള നേതാവാണ് ഫതഹ് നേതാവ് മർവാൻ. ഹമാസ് ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെടുന്നത് ഫലസ്തീൻ കക്ഷികളുമായുള്ള അവരുടെ ഐക്യത്തിനെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വെടിനിർത്തലിന്റെ ഭാ​ഗമായി ഫിലാഡൽഫി കോറിഡോറിൽ ഇസ്രായേൽ സൈനിക സാന്നിധ്യം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഈജിപ്ത്, ഇതിന് സമ്മതിക്കരുതെന്നു യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു. ഗസ്സയിൽ നിന്ന് ഇസ്രായേൽ പിന്മാറിയാലും ഈ മേഖലയിൽ തുടരാൻ അനുവദിക്കരുതെന്നും ഈജിപ്ത് പറയുന്നു.

ഇസ്രായേലി ബന്ദികളുടെയും ഫലസ്തീനി തടവുകാരുടേയും കൈമാറ്റ കരാർ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിനിർത്തൽ ആരംഭിച്ച് 72 മണിക്കൂറിനു ശേഷം 20 ബന്ദികളെയാണ് ഇസ്രായേൽ മോചിപ്പിക്കുക. ഇതിനു പകരമായി 2000 ഫലസ്തീൻ തടവുകാരെയാണ് ഇസ്രായേൽ മോചിപ്പിക്കുക.

മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം ഗസ്സയിൽ നിന്ന് പിന്മാറുന്ന മുറയ്ക്ക് വിട്ടുനൽകുമെന്നും ഫലസ്തീൻ വൃത്തങ്ങൾ വ്യക്തമാക്കി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ബന്ദികളെ മോചിപ്പിക്കാൻ കഴിയുമെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച മുതൽ ബന്ദികളെ മോചിപ്പിക്കാൻ തുടങ്ങുമെന്നാണ് വൈറ്റ് ഹൗസിന്റെ പ്രതീക്ഷ.

അതേസമയം, യുദ്ധം നിൽക്കുമെന്ന പ്രതീക്ഷകൾ ഉയർന്നിട്ടുണ്ടെങ്കിലും നിർണായക വിശദാംശങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വെടിനിർത്തലിന്റെ കാലാവധി, ഗസ്സ മുനമ്പിലെ യുദ്ധാനന്തര ഭരണകൂടം, ഹമാസിന്റെ ഭാവി എന്നിവ ഇതിലുൾപ്പെടുന്നു. ഫലസ്തീൻ പ്രാദേശിക സമയം 12 മണിയോടെയാണ് ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്.

ആദ്യഘട്ട കരാർ കെയ്‌റോ ചർച്ചയിൽ ഇസ്രായേലും ഹമാസും അംഗീകരിക്കുകയായിരുന്നു. വെടിനിർത്തൽ വാർത്ത വന്നതോടെ ഗസ്സയിലെങ്ങും ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങിയിട്ടുണ്ട്. വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി വിട്ടയക്കുന്ന ബന്ദികളുടെയും മോചിപ്പിക്കേണ്ട ഫലസ്തീൻ തടവുകാരുടെയും പട്ടിക ഹമാസ് കൈമാറിയിരുന്നു.

Similar Posts