< Back
World
റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ ഫ്രാന്‍സ് അന്വേഷിക്കും
World

റഫാല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങള്‍ ഫ്രാന്‍സ് അന്വേഷിക്കും

ubaid
|
3 July 2021 5:25 PM IST

അഴിമതി, സ്വാധീനം ചെലുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്വജനപക്ഷപാതം എന്നിവ നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍

റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളില്‍ ഫ്രാന്‍സില്‍ അന്വേഷണം ആരംഭിച്ചു. കൂടിയ വിലയ്ക്കാണ് യുദ്ധവിമാന ഇടപാട് നടത്തിയതെന്ന ആരോപണങ്ങളില്‍ ഫ്രഞ്ച് പ്രോസിക്യൂഷന്‍ സര്‍വീസിന്റെ ഫിനാന്‍ഷ്യല്‍ ക്രൈം ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. ഫ്രഞ്ച് മാധ്യമമായ 'മീഡിയപാര്‍ട്ട്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഫ്രാന്‍സില്‍ നടത്തുന്ന അന്വേഷണത്തില്‍ അഴിമതി നടന്നതായി കണ്ടെത്തിയാല്‍ കേന്ദ്രസര്‍ക്കാരിനെതിരേയും കടുത്ത വിമര്‍ശനങ്ങളുയരും.

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പരിശോധിക്കും. അഴിമതി, സ്വാധീനം ചെലുത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍, സ്വജനപക്ഷപാതം എന്നിവ നടന്നിട്ടുണ്ടെന്നാണ് പ്രസിഡന്റിനെതിരെയുള്ള ആരോപണങ്ങള്‍. 56000 കോടി രൂപയ്ക്ക് 37 യുദ്ധവിമാനങ്ങള്‍ വാങ്ങിയതിലാണ് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത്.

ഇന്ത്യയില്‍ ഈ കരാര്‍ സംബന്ധിച്ച് നേരത്തെ അന്വേഷണം നടന്നിരുന്നെങ്കിലും ക്രമക്കേട് ഉണ്ടായിട്ടില്ലെന്നാണ് സുപ്രീംകോടതിയും കണ്ടെത്തിയത്‌. യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനമെടുത്തത്. അന്ന്, വിമാനത്തിന് വില 715 കോടി രൂപയായിരുന്നത് പിന്നീട് എന്‍.ഡി.എ ഭരണകാലത്ത് 1,600 കോടി രൂപയായി വര്‍ധിപ്പിച്ചെന്നായിരുന്നു പ്രധാന ആരോപണം. ഉയര്‍ന്ന വിലയ്ക്ക് വിമാനം വാങ്ങിയെന്നും, സാങ്കേതിക വിദ്യ കൈമാറ്റത്തിന് കരാറുണ്ടായില്ലെന്നും ഇന്ത്യയില്‍ ആരോപണമുയര്‍ന്നിരുന്നു.


Similar Posts