
ജാക്വസ് ലെവ്യൂഗിളിന്റെ വ്യത്യസ്ത കാലങ്ങളിലെ ചിത്രങ്ങൾ
ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങൾ; ലോകം ചുറ്റി ഫ്രഞ്ച് അധ്യാപകൻ പീഡിപ്പിച്ചത് 89 കുട്ടികളെ
|1967 മുതൽ 2022 വരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലുള്ള പ്രായപൂർത്തിയാകാത്ത 89 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഫ്രഞ്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു
പാരിസ്: 1967 മുതൽ 2022 വരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് മുൻ ഫ്രഞ്ച് അധ്യാപകനെ അറസ്റ്റ് ചെയ്തു. ജാക്വസ് ലെവ്യൂഗിൾ എന്ന 79കാരനെയാണ് ഇന്ത്യയുൾപ്പെടെ ഒമ്പത് രാജ്യങ്ങളിലുള്ള 89 കുട്ടികളെ പീഡിപ്പിച്ചതിന് 2024ൽ പിടികൂടിയത്. കുറ്റപത്രം സമർപ്പിച്ചത് മുതൽ ലെവ്യൂഗിൾ പൊലീസ് കസ്റ്റഡിയിലാണ്. ലെവ്യൂഗിളിന്റെ 'ഓർമക്കുറിപ്പുകൾ' അടങ്ങിയ യുഎസ്ബി ഡ്രൈവുകളിൽ നിന്നാണ് കൗമാരക്കാരായ കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി അധികാരികൾ കണ്ടെത്തിയത്.
1967നും 2022നും ഇടയിൽ 13നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്തതായി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ജർമനി, സ്വിറ്റ്സർലൻഡ്, മൊറോക്കോ, നൈജീരിയ, അൾജീരിയ, ഫിലിപ്പീൻസ്, ഇന്ത്യ, കൊളംബിയ, ഫ്രഞ്ച് വിദേശ പ്രദേശമായ ന്യൂ കാലിഡോണിയ എന്നിവിടങ്ങളിൽ ഫ്രീലാൻസ് അധ്യാപകനായും ഇൻസ്ട്രക്ടറായും ജോലി ചെയ്താണ് ഇയാൾ കുട്ടികളെ പീഡിപ്പിച്ചത്. ഗുഹകളുടെ ശാസ്ത്രം പഠിപ്പിക്കുന്ന സ്പെലിയോളജിയുടെ പരിശീലകനായും ഫ്രഞ്ച് അധ്യാപകനായുമാണ് ലെവ്യൂഗിൾ ലോകം കറങ്ങിയത്. 1967ൽ തന്റെ 21-ാം വയസിലാണ് ലെവ്യൂഗിൾ ആദ്യമായി നാടുവിട്ട് അൾജീരിയയിൽ എത്തുന്നത്. അവിടെ അദേഹം ഫ്രഞ്ച് പഠിപ്പിക്കാൻ തുടങ്ങി.

ജാക്വസ് ലെവ്യൂഗിളിന്റെ വ്യത്യസ്ത കാലങ്ങളിലെ ചിത്രങ്ങൾ
അധ്യാപകനെന്ന നിലയിൽ യാതൊരു യോഗ്യതയും ഇല്ലാതിരുന്നിട്ടും അടുത്ത ഏതാനും ദശകങ്ങളിൽ ജർമനി, സ്വിറ്റ്സർലൻഡ്, മൊറോക്കോ, നൈജീരിയ, അൾജീരിയ, ഫിലിപ്പീൻസ്, ഇന്ത്യ, കൊളംബിയ, ഫ്രാൻസ്, ന്യൂ കാലിഡോണിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ലെവ്യൂഗിൾ ജോലി ചെയ്തു. അധ്യാപകൻ, സ്കൂൾ അസിസ്റ്റന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ലെവ്യൂഗിൾ നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കി. പ്രായപൂർത്തിയാകാത്തവരുമായുള്ള 'ലൈംഗിക ബന്ധങ്ങളെക്കുറിച്ചുള്ള' രചനകൾ സമാഹരിച്ച ഒരു യുഎസ്ബി ഡ്രൈവ് ലെവ്യൂഗിളിനുണ്ടായിരുന്നു. ഈ യുഎസ്ബി സ്റ്റിക്ക് അദേഹത്തിന്റെ അനന്തരവൻ കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
പിടിക്കപ്പെടുമ്പോൾ ലെവ്യൂഗിൾ മൊറോക്കോയിലായിരുന്നു. മൊറോക്കോയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് ട്യൂട്ടറായി ജോലി ചെയ്തിരുന്ന ഇയാൾ കുറഞ്ഞത് 10 പേരെയെങ്കിലും പീഡിപ്പിച്ചതായി സംശയിക്കുന്നുവെന്ന് പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ അന്വേഷണത്തിനിടെയുള്ള മറ്റൊരു വെളിപ്പെടുത്തൽ കേസ് കൂടുതൽ സങ്കീർണമാക്കി. കാൻസർ രോഗിയായ തന്റെ അമ്മയെയും 92 വയസുള്ള തന്റെ അമ്മായിയേയും തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നതായി ലെവ്യൂഗിൾ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.
ലെവ്യൂഗിളിന്റെ പ്രായവും ഫ്രാൻസിലെ നിയമങ്ങളുടെ പരിമിതികളും കണക്കിലെടുക്കുമ്പോൾ, 1993ന് മുമ്പുള്ള കുറ്റങ്ങൾക്ക് പ്രോസിക്യൂട്ട് ചെയ്യാൻ സാധിക്കില്ല. ആയതിനാൽ ലെവ്യൂഗിളിനെതിരായ കേസ് 2026ഓടെ അവസാനിപ്പിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.