
1953ലെ അമേരിക്കൻ അട്ടിമറി മുതൽ 79ലെ വിപ്ലവം വരെ; ഇറാൻ എങ്ങനെ അമേരിക്കയുടെ ശത്രുവായി
|ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മുസദിഖിനെ അട്ടിമറിക്കാൻ അമേരിക്കയുടെ സിഐഎയും യുകെയുടെ എംഐ6 ഉം ചേർന്ന് 1953ൽ നടത്തിയ അട്ടിമറിയാണ് ഓപ്പറേഷൻ അജാക്സ്
ടെഹ്റാൻ: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമാകുമ്പോൾ ഇറാനിലെ ഭരണകൂടത്തെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെയും ഇസ്രയേലിന്റെയും തന്ത്രങ്ങൾ കൂടി ചർച്ച ചെയ്യപെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ലക്ഷ്യവെച്ചുള്ള ആക്രമണങ്ങൾക്ക് ഇരു രാജ്യങ്ങളും പദ്ധതിയിടുന്നത്. മുന്നേ ഇറാൻ ഭരണകൂടത്തെ അട്ടിമറിച്ച ചരിത്രം അമേരിക്കക്കുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മുസദിഖിനെ അട്ടിമറിക്കാൻ അമേരിക്കയുടെ സിഐഎയും യുകെയുടെ എംഐ6 ഉം ചേർന്ന് 1953ൽ നടത്തിയ അട്ടിമറിയാണ് ഓപ്പറേഷൻ അജാക്സ്.
1951 മുതൽ 1953 വരെ ഇറാന്റെ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് മുസദിഖ് രാജ്യത്തിന്റെ എണ്ണ വ്യവസായത്തെ ദേശസാൽക്കരിക്കാൻ ശ്രമിച്ചിരുന്നു. ഇത് ബ്രിട്ടീഷ്-അമേരിക്കൻ എണ്ണ കമ്പനികളുടെ ആധിപത്യത്തിന് വെല്ലുവിളിയായി. എന്നാൽ ഈ ധീരമായ നീക്കം അമേരിക്കയുടെയും ബ്രിട്ടന്റെയും രോഷത്തിന് കാരണമാവുകയും 1953-ൽ ഇത് അട്ടിമറിയിലേക്ക് നയിക്കുകയും ചെയ്തു. ഇറാനിൽ മുഹമ്മദ് റെസ പഹ്‌ലവിയെ ഇറാനിലെ ഷാ ആയി ഭരിക്കുന്നതിന് പിന്തുണക്കുകയും പുതിയ പ്രധാനമന്ത്രിയായി ജനറൽ ഫസ്‌ലോല്ല സഹേദിയെ നിയമിക്കുകയും ചെയ്യുക എന്നതായിരുന്നു അട്ടിമറിയുടെ ലക്ഷ്യം. ഈ സംഭവം ഇറാന്റെ അമേരിക്ക-വിരുദ്ധ വികാരത്തിന്റെ തുടക്കമായിരുന്നു. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായ സഹേദിക്ക് സ്ഥിരത നൽകുന്നതിനായി അധികാരമേറ്റ രണ്ട് ദിവസത്തിനുള്ളിൽ സിഐഎ രഹസ്യമായി 5,000,000 ഡോളർ ലഭ്യമാക്കിയതായി രേഖകൾ വ്യക്തമാക്കുന്നു.
1953-ന് ശേഷം ഷായുടെ ഭരണം അമേരിക്കയുടെ പിന്തുണയോടെ ഏകാധിപത്യ സ്വഭാവം കൈവരിക്കുകയും അമേരിക്ക ഇറാന് സൈനിക, സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നുണ്ട്. ഇറാന്റെ ആണവ പദ്ധതികളെ പോലും അമേരിക്ക പിന്തുണച്ചിരുന്നു. എന്നാൽ ഇത് ഷായുടെ അഴിമതിനിറഞ്ഞ ഭരണത്തെ ശക്തിപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഷായുടെ 'വൈറ്റ് വിപ്ലവം' പോലുള്ള പരിഷ്കാരങ്ങൾ ഇറാൻ ജനതയുടെ നേട്ടത്തേക്കാൾ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു. SAVAK എന്ന രഹസ്യ പോലീസ് സേനയെ ഉപയോഗിച്ച് ഷാ എതിർപ്പുകളെ അടിച്ചമർത്തി. ഇത് ജനങ്ങളിൽ അമേരിക്കയോടുള്ള വെറുപ്പ് വർധിപ്പിച്ചു. 1970-കളോടെ ഇസ്‌ലാമിസ്റ്റുകൾ, ഇടതുപക്ഷക്കാർ, ദേശീയവാദികൾ തുടങ്ങിയവർ അമേരിക്കൻ പിന്തുണയുള്ള ഷായുടെ ഭരണകൂടത്തിനെതിരെ കൈകോർത്തു.
1979-ലെ ഇറാൻ വിപ്ലവം അമേരിക്ക-വിരുദ്ധ വികാരത്തിന്റെ ശക്തമായ പ്രകടനമായിരുന്നു. ആയത്തുള്ള റൂഹുല്ല ഖുമൈനി ഷായുടെ ഭരണത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ചു. അമേരിക്കയെ 'ദി ഗ്രേറ്റ് സാത്താൻ' എന്നാണ് ഖുമൈനി അന്ന് വിശേഷിപ്പിച്ചത്. ഷായുടെ വിദേശനയം വിശേഷിച്ച് അമേരിക്കയുമായുള്ള ബന്ധം ജനങ്ങളുടെ അസംതൃപ്തിയുടെ കേന്ദ്രമായി. പ്രതിഷേധം രൂക്ഷമായതിനെ തുടർന്ന് 1979ൽ ഷാ രാജ്യം വിട്ട് പോവുകയും തുടർന്ന് ഇസ്‌ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാൻ സ്ഥാപിതമാവുകയും ചെയ്തു.
വിപ്ലവത്തിന് ശേഷം 1979-ലെ ടെഹ്‌റാൻ യു.എസ്. എംബസി ആക്രമണം അമേരിക്ക-വിരുദ്ധതയുടെ ഉച്ചസ്ഥായിയായി. 444 ദിവസം നീണ്ട ഈ സംഭവം 1953-ലെ അട്ടിമറിയോടുള്ള ജനങ്ങളുടെ പ്രതികാരമായും ഇറാന്റെ പരമാധികാരത്തിന്റെ പ്രഖ്യാപനമായും കണക്കാക്കപ്പെട്ടു. മുസദ്ദിഖിന്റെ ദേശസാൽക്കരണ ശ്രമങ്ങളും അമേരിക്കൻ ഇടപെടലുകളും വിപ്ലവത്തിന്റെ ആശയങ്ങളെ രൂപപ്പെടുത്തുകയും, അമേരിക്കയെ ഇറാന്റെ പ്രാഥമിക ശത്രുവായി മാറ്റുകയും ചെയ്തു.