< Back
World
ഗസ്സയിലെ വെടിനിര്‍ത്തല്‍; നെതന്യാഹു ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ്
World

ഗസ്സയിലെ വെടിനിര്‍ത്തല്‍; നെതന്യാഹു ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ്

Web Desk
|
1 July 2025 7:03 AM IST

വെടിനിര്‍ത്തല്‍ ചര്‍ച്ച സംബന്ധിച്ച് ഇസ്രായേല്‍ മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമാണ്

ദുബൈ: ഗസ്സയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നെതന്യാഹു ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്ന് ഹമാസ്. മധ്യസ്ഥ രാജ്യങ്ങളുമായി ആശയവിനിമയം തുടരുന്നതായും ഹമാസ് നേതൃത്വം അറിയിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ച സംബന്ധിച്ച് ഇസ്രായേല്‍ മന്ത്രിസഭയില്‍ ഭിന്നത രൂക്ഷമാണ്.

ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ്?ഗസ്സയിലെ കൂട്ടക്കൊലക്കെതിരെ ആഞ്ഞടിച്ചു. ഭക്ഷണത്തിന് കാത്തുനിന്നവരെ ഉള്‍പ്പെടെ 70- ഫലസ്തീനികളെ കൂടി ഇസ്രായേല്‍ സൈന്യം കൊന്നു. അതിനിടെ, 510 ദശലക്ഷം ഡോളറിന്റെ സ്‌ഫോടക ശേഖരം കൂടി ഇസ്രായേലിന് വില്‍ക്കാന്‍ യു എസ് സ്റ്റേറ്റ് വകുപ്പ് അനുമതി നല്‍കി.

ഒരാഴ്ചക്കകം ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ചര്‍ച്ച തുടരുകയാണെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ഇസ്രായേലിന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാന്‍ പറഞ്ഞു.

ഗസ്സയിലുടനീളം ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ശക്തമായ ചെറുത്തുനില്‍പ്പുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ഹമാസ് നേതാവ് പറഞ്ഞു. ഗസ്സയില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഇടപെടല്‍ ആത്മാര്‍ഥമാണെന്ന് കരുതാനാകില്ലെന്നും ഒസാമ ഹംദാന്‍ ചൂണ്ടിക്കാട്ടി. ബന്ദിമോചനമാണ് പ്രധാന ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു അറിയിച്ചിരുന്നു.

എന്നാല്‍ യു.എസ് സമ്മര്‍ദവും ജനങ്ങളുടെ പ്രതിഷേധവും തണുപ്പിക്കാനുള്ള പ്രതികരണം മാത്രമാണിതെന്നാണ് വിലയിരുത്തല്‍. ഇസ്രായേല്‍ മന്ത്രിസഭയിലും വെടിനിര്‍ത്തല്‍ സംബന്ധിച്ച ഭിന്നത തുടരുകയാണ്. അതിനിടെ, ഗസ്സ യുദ്ധം തുടരുന്നതിനെതിരെ ആഞ്ഞടിച്ച് ഇസ്രായേല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് രംഗത്തുവന്നു.

സുരക്ഷാ നാശനഷ്ടം, രാഷ്ട്രീയ നാശനഷ്ടം, സാമ്പത്തിക നാശനഷ്ടം എന്നിവമാത്രമാണ് നമുക്ക് ഗസ്സയില്‍ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഗസ്സയില്‍ വ്യാപക ആക്രമണവും കൂട്ടക്കൊലയും തുടരുകയാണ് ഇസ്രായേല്‍. കഴിഞ്ഞ ദിവസം കുടിയൊഴിയാന്‍ ഉത്തരവിട്ട മേഖലകള്‍ക്ക് പുറമെ, മറ്റിടങ്ങളിലും കനത്ത ബോംബിങ്ങാണ് തിങ്കളാഴ്ച നടത്തിയത്. ഗസ്സ സിറ്റിയില്‍ കടല്‍തീരത്തെ തുറമുഖത്തിനു നേരെ നടന്ന ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. മധ്യ ഗസ്സയില്‍ അല്‍അഖ്‌സ ആശുപത്രിക്കു നേരെ വ്യാപക ആക്രമണം നടന്നു. ഖാന്‍ യൂനുസില്‍ ഭക്ഷണകേന്ദ്രത്തിലെത്തിയ 13 പേരും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. അതേസമയം, അഴിമതി കേസില്‍ ഈയാഴ്ച നടക്കേണ്ട പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ വിചാരണ വീണ്ടും നീട്ടി.

Related Tags :
Similar Posts