
ഗസ്സ വെടിനിർത്തലിന് ഒരു മാസം; ആക്രമണം പതിവാക്കി ഇസ്രായേൽ; ഒരു മാസത്തിനിടെ 271 പേർ കൊല്ലപ്പെട്ടു
|ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു
ഗസ്സ: ഗസ്സയിൽ വെടിനിർത്തൽ കരാർ ഒരു മാസം പിന്നിടുമ്പോൾ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടു. കരാർലംഘനം പതിവാക്കിയ ഇസ്രായേൽ ഒരു മാസത്തിനിടയിൽ 271 പേരെ കൊലപ്പെടുത്തിയതായി ഹമാസ്. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചക്ക് തയാറാകണമെന്ന് ഇസ്രായേലിനോട് അമേരിക്ക ആവശ്യപ്പെട്ടു. റഫയിലെ തുരങ്കത്തിലുള്ള പോരാളികളെ സംബന്ധിച്ച് മധ്യസ്ഥ രാജ്യങ്ങളും ഹമാസും ചർച്ച തുടരുന്നു. ഖാൻ യൂനുസിനു നേർക്ക് നടന്ന ആക്രമണത്തിലാണ് ഒരു കുഞ്ഞ് ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടത്. തങ്ങളുടെ സൈനികർക്ക് ഭീഷണി ഉയർത്തിയതിനാലാണ് രണ്ടുപേരെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രായേൽ സേനയുടെ വാദം. മധ്യ ഗസ്സയിലെ നിരവധി താമസ കേന്ദ്രങ്ങളും ഇസ്രായേൽ സേന തകർത്തു.
അധിനിവിഷ്ട വെസ്റ്റ് ബാങ്ക് പ്രദേശങ്ങളിലും ഇസ്രായേൽ സുരക്ഷാ സേനയുടെ അതിക്രമം തുടരുകയാണ്. ജറൂസലമിലെ അൽ അഖ്സ പള്ളിയോട് ചേർന്ന ബാബുൽ റഹ്മ ഖബർസ്ഥാനിൽ ജൂതകുടിയേറ്റക്കാർ കടന്നുകയറി നാശനഷ്ടങ്ങൾ ഉണ്ടാക്കി. ഇസ്രായേൽ കൊലപ്പെടുത്തിയവരിൽ ഏറെക്കുറെ എല്ലാവരും സാധാരണക്കാരാണെന്ന് ഹമാസ് പറഞു. 622 പേർക്കാണ് ഒരു മാസത്തിനിടെ ആക്രമണത്തിൽ പരിക്കേറ്റത്. ഗസ്സയിലേക്കുള്ള സഹായം വെട്ടിക്കുറച്ചതും കരാർലംഘനമാണെന്ന് ഹമാസ് കുറ്റപ്പെടുത്തി. അതേസമയം, ശാശ്വത വെടിനിർത്തൽ കരാറിനോട് അനുഭാവ നിലപാട് തുടരുമെന്നും ഹമാസ് നേതൃത്വം പ്രതികരിച്ചു.
ഹമാസിന്‍റെ നിരായുധീകരണം ഉൾപ്പെടെ വ്യവസ്ഥ ചെയ്യുന്ന രണ്ടാം ഘട്ട വെടിനിർത്തലിന് തയാറാകണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനോട് അമേരിക്ക ആവശ്യപ്പെട്ടു. ഇസ്രായേലിൽ എത്തിയ യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്കോഫ്, ട്രംപിന്‍റെ ഉപദേശകൻ ജറാദ് കുഷ്നർ എന്നിവരാണ് നെതന്യാഹുവുമായി ചർച്ച നടത്തിയത്. ഗസ്സയിലേക്ക് അന്താരാഷ്ട്ര സുരക്ഷാ സേനയെ വിന്യസിക്കുന്ന കാര്യവും ചർച്ചയായി. ഒരു ബന്ദിയുടെ മൃതദേഹം വിട്ടുനൽകിയതിനു പകരമായി 15 ഫലസ്തീൻകാരുടെ മൃതദേഹങ്ങൾ ഇസ്രായേൽ കൈമാറി. 28 ബന്ദികളുടെ മൃതദേഹങ്ങളിൽ ഇനി നാലെണ്ണം മാത്രമാണ് ഹമാസ് കൈമാറാനുള്ളത്. റഫയിൽ യല്ലോ ലൈനു പിറകിലായി തുരങ്കങ്ങളിൽ കഴിയുന്ന 150 ഓളം പോരാളികളെ പുറത്തത്തിക്കുന്നതു സംബന്ധിച്ച് ഹമാസും മധ്യസ്ഥ രാജ്യങ്ങളുംചർച്ച തുടരുകയാണ്. ആയുധം ഉപേക്ഷിച്ചാൽ ഇവർക്ക് സുരക്ഷിതപാത ഒരുക്കാം എന്നാണ് ഇസ്രയേൽ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.