< Back
World
gaza
World

ഗസ്സ വെടിനിർത്തൽ ചർച്ചകൾ സജീവം; കരട്​ നിർദേശം പുറത്ത്​

Web Desk
|
4 Jan 2025 7:19 AM IST

മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തലിനാണ് ചർച്ചകൾ നടക്കുന്നത്

ഗസ്സ സിറ്റി: ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട ചർച്ചകൾ ഖത്തറിൽ പുരോഗമിക്കുന്നു. ഇസ്രായേലിൽനിന്ന് മൊസാദ് സംഘം ഉടൻ ദോഹയിലെത്തും. ഹമാസ് അംഗീകരിച്ച വെടിനിർത്തൽ കരടുനിർദേശങ്ങൾ പുറത്തുവന്നിട്ടുണ്ട്​.

ഗസ്സയിൽ മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തലിനാണ് ചർച്ചകൾ നടക്കുന്നത്. ഓരോ ഘട്ടത്തിലും 42 ദിവസം വീതമായിരിക്കും. പലവിഷയങ്ങളിലും ഹമാസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ തെക്കൻഗസ്സയിൽ നിന്ന് ഇസ്രായേൽ സേന പിൻവാങ്ങും. രോഗികളും വൃദ്ധരും സ്ത്രീകളുമായ 33 ബന്ധികളെ ഹമാസ് ഇക്കാലയളവിൽ മോചിപ്പിക്കും.

രണ്ടാംഘട്ടത്തിൽ ഗസ്സയിൽനിന്ന് ഇസ്രായേൽ പൂർണമായി പിൻവാങ്ങും. ബാക്കിയുള്ള ബന്ധികളെ കൂടി ഹമാസ് ഇക്കാലയളവിൽ വിട്ടുനൽകും.

മൂന്നാംഘട്ടത്തിൽ ഗസ്സയുടെ പുനർനിർമാണം ആരംഭിക്കും. ഹമാസ് അംഗീകരിച്ച ഈ കരട് ഇസ്രായേൽ പൂർണമായി അംഗീകരിച്ചിട്ടില്ല. ചർച്ചകൾ നടക്കുന്നുവെന്നാണ് ഇസ്രായേലിന്റെ പ്രതികരണം,. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ ദോഹയിലെത്തി ചർച്ചയുടെ ഭാഗമാകും.

അതേസമയം, ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കുകയാണ്. 24 മണിക്കൂറിനിടെ 70 പേരെയാണ് ഇസ്രായേൽ ഗസ്സയിൽ കൊന്നത്.

Similar Posts