
ഗസ്സ വെടിനിർത്തൽ: നിർണായക പുരോഗതിയുള്ളതായി ട്രംപ്, ചർച്ച തുടരുന്നതായി ഹമാസ്
|ഗസ്സയിൽ യുദ്ധവിരാമം ആസന്നമാണെന്ന് തന്റെ പശ്ചിമ്യേൻ ദൂതൻ സ്റ്റിവ് വിറ്റ്‌കോഫ് അറിയിച്ചതായും ട്രംപ്
ന്യൂയോര്‍ക്ക്: ഗസ്സയിൽ വെടിനിർത്തൽ സംബന്ധിച്ച് നിർണായക പുരോഗതിയുള്ളതായി യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞു. ഗസ്സയിൽ യുദ്ധവിരാമം ആസന്നമാണെന്ന് തന്റെ പശ്ചിമേഷ്യൻ ദൂതൻ സ്റ്റിവ് വിറ്റ്‌കോഫ് അറിയിച്ചതായും ട്രംപ് പ്രതികരിച്ചു.
നാറ്റോ ഉച്ചകോടിക്ക് മുമ്പ് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമേരിക്കൻ പ്രസിഡന്‍റ്. ഗസ്സയിൽ വെടിനിർത്തലിനായി ഇരു വിഭാഗവുമായി ചർച്ച തുടരുമെന്ന് മധ്യസ്ഥ രാജ്യമായ ഖത്തറും വ്യക്തമാക്കി. മധ്യസ്ഥ രാജ്യങ്ങളുമായി ചർച്ച തുടരുന്നതായി ഹമാസും പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചർച്ച കൂടുതൽ മുന്നോട്ടു പോയതായും ഹമാസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
ചൊവ്വാഴ്ച ഇസ്രായേലിനെ ഞെട്ടിച്ച് ഗസ്സയിലെ ഖാൻ യൂനുസിൽ ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തിൽ ഏഴ് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസ് പോരാളി, ഇസ്രായേൽ കവചിത വാഹനത്തിൽ വെച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സംഭവം. സൈനികരുടെ മരണത്തിൽ അതീവ നടുക്കം പ്രകടിപ്പിച്ച ഇസ്രായേലിലെ രാഷ്ട്രീയ, സൈനിക നേതൃത്വം ഹമാസിന് കനത്ത തിരിച്ചടി നൽകുമെന്നും മുന്നറിയിപ്പ് നൽകി.
എന്നാൽ ദിശാബോധം നഷ്ടപ്പെട്ടിരിക്കെ, ഗസ്സ യുദ്ധം നിർത്താൻ സമയമായെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഗസ്സയിൽ ഇസ്രായേൽ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ 79 പേർ കൊല്ലപ്പെട്ടു. സഹായം തേടിയെത്തിയവർക്ക് നേരെ ഇന്നലെ സേന നടത്തിയ വെടിവെപ്പിലും നിരവധി പേർ മരിച്ചു.