
'ഗസ്സയോട് കരുണ കാണിക്കണം': ഇസ്രായേലിനോട് കണ്ണീരോടെ അഭ്യര്‍ഥിച്ച് ലോകാരോഗ്യ സംഘടന തലവന്‍
|ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ നടത്തിയ വൈകാരിക പ്രസംഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമർശം
ന്യൂയോര്‍ക്ക്: ഗസ്സയോട് ഇസ്രായേൽ കരുണ കാണിക്കണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ്. ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും മെഡിക്കല്‍ സഹായവും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകാരോഗ്യ സംഘടനയുടെ വാർഷിക അസംബ്ലിയിൽ നടത്തിയ വൈകാരിക പ്രസംഗത്തിലായിരുന്നു ടെഡ്രോസിന്റെ പരാമർശം.
‘‘ഗസ്സയിലെ ജനങ്ങളുടെ അവസ്ഥ എനിക്ക് ചിന്തിക്കാൻ കഴിയും. എനിക്ക് അത് ദൃശ്യവൽക്കരിക്കാൻ കഴിയും. എനിക്ക് ശബ്ദങ്ങൾ പോലും കേൾക്കാൻ കഴിയും. ആളുകൾ എങ്ങനെ കഷ്ടപ്പെടുന്നുവെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയും. ഭക്ഷണവും മെഡിക്കൽ ഉപകരണങ്ങളും ഗസ്സയിലെ ജനങ്ങൾക്ക് ലഭ്യമാക്കണം’’ – ടെഡ്രോസ് പറഞ്ഞു.
'ഒരു രാഷ്ട്രീയ പരിഹാരമുണ്ടായാല്‍ മാത്രമേ ഗസ്സയില്‍ ശാശ്വത സമാധാനമുണ്ടാവുകയുളളു. യുദ്ധം ഇസ്രായേലിനെയും ബാധിക്കുന്നുണ്ട്. നിങ്ങള്‍ക്ക് കരുണ കാണിക്കാന്‍ കഴിയുമോ എന്നാണ് ഞാന്‍ ചോദിക്കുന്നത്. അത് നിങ്ങള്‍ക്കും ഫലസ്തീനികള്‍ക്കും മനുഷ്യരാശിക്കും നല്ലതാണ്. ഗസ്സയിലെ ജനങ്ങള്‍ മരണഭീഷണിയിലാണ്'- അദ്ദേഹം പറഞ്ഞു. ''ഒരു മുൻ ബന്ദിയെന്ന നിലയിൽ, എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് എനിക്ക് പറയാൻ കഴിയും. അവരുടെ കുടുംബങ്ങൾ കഷ്ടപ്പെടുന്നു. അവരുടെ കുടുംബങ്ങളും വേദനയിലാണ്’’ –അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സഹായമെത്തിച്ചില്ലെങ്കില്‍ ഗസ്സയില്‍ അടുത്ത 48 മണിക്കൂറിനുളളില്‍ 14,000 കുഞ്ഞുങ്ങള്‍ മരണപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യൂമാനിറ്റേറിയന്‍ വിഭാഗം തലവന്‍ ടോം ഫ്‌ളെച്ചര്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ഉപരോധം മൂലം 11 ആഴ്ച്ചയായി ഗാസ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. ഭക്ഷണം, മരുന്ന്, ഇന്ധനം എന്നിവയുടെ കുറവ് പ്രദേശത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.