< Back
World
ഗസ്സ യുദ്ധം ഇസ്രായേൽ ജനതയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചു; മുന്നറിയിപ്പുമായി വിദഗ്ധർ
World

ഗസ്സ യുദ്ധം ഇസ്രായേൽ ജനതയുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചു; മുന്നറിയിപ്പുമായി വിദഗ്ധർ

Web Desk
|
24 Nov 2025 4:28 PM IST

യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേലിൽ മാനസിക പിന്തുണ ആവശ്യമുള്ള ആളുകളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതായി മാനസികാരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമം യെഡിയോത്ത് അഹ്രോനോത്ത് റിപ്പോർട്ട് ചെയ്യുന്നു

തെൽ അവിവ്: 2023 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വംശഹത്യ യുദ്ധം ഇസ്രായേലിലെ ജനങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിച്ചതായി മാനസികാരോഗ്യ സംഘടനകളും ഇസ്രായേൽ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. കുടുംബങ്ങളെയും സമൂഹങ്ങളെയും ശിഥിലമാക്കിയ മാനസിക പ്രശ്നങ്ങൾ കാരണം ഇരുപത് ദശലക്ഷം ആളുകൾക്ക് പിന്തുണ ആവശ്യമാണെന്ന് ഇസ്രായേൽ മാധ്യമം യെഡിയോത്ത് അഹ്രോനോത്തിനെ ഉദ്ധരിച്ച് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം ആരംഭിച്ചത് മുതൽ ഇസ്രായേലിൽ മാനസിക പിന്തുണ ആവശ്യമുള്ള ആളുകളുടെ എണ്ണത്തിൽ കുത്തനെ വർധനവുണ്ടായതായി മാനസികാരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് യെഡിയോത്ത് അഹ്രോനോത്ത് പറയുന്നു. അതേസമയം, ഇത് പരിഹരിക്കാൻ ആവശ്യമായ തെറാപ്പിസ്റ്റുകളുടെയും മറ്റ് മാനസികാരോഗ്യം ഉറപ്പാക്കുന്ന സേവനങ്ങളുടെയും കടുത്ത ക്ഷാമം രാജ്യത്ത് നിലനിൽക്കുന്നു. ഇത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ആഴ്ച ഇസ്രായേലിലെ എട്ട് പ്രധാന മാനസികാരോഗ്യ സംഘടനകളുടെ ഒരു കൂട്ടായ്മ സർക്കാരിന് അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഉണ്ടാവാത്ത രീതിയിലുള്ള വർധനവാണ് മാനസിക രോഗങ്ങളുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്ന് അവർ മുന്നറിയിപ്പ് നൽകി. ദീർഘകാലത്തെ സംഘർഷവും ആഘാതവും പലരെയും വിഷാദം, ഉത്കണ്ഠ, ഭ്രാന്തമായ ചിന്തകൾ, ക്ഷീണം എന്നീ ലക്ഷണങ്ങളിലേക്ക് നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല കുടുംബങ്ങളെയും സമൂഹങ്ങളെയും ഇത് സാരമായി ബാധിക്കുന്നു. ഇങ്ങനെ മുന്നോട്ടുപോയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഭാവി തലമുറകളെ ബാധിക്കുമെന്നും പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിന് തകർച്ചയുണ്ടാവുമെന്നും സംഘടനാ മുന്നറിയിപ്പ് നൽകുന്നു.


Similar Posts