< Back
World

World
സ്വപ്‌ന ഗസ്സ - ഗസ്സയുടെ കവിത
|7 Oct 2025 3:14 PM IST
ഹിബ അബു നദ ഒരു ഫലസ്തീൻ കവിയും നോവലിസ്റ്റുമാണ്. ഹിബയുടെ നോവൽ ഓക്സിജൻ ഈസ് നോട്ട് ഫോർ ദി ഡെഡ് 2017ലെ ഷാർജ അവാർഡ്സിൽ രണ്ടാം സ്ഥാനം നേടി. ഗസ്സയിലെ വീട്ടിൽ വെച്ച് ഇസ്രായേലി വ്യോമാക്രമണത്തിൽ അവർ കൊല്ലപ്പെട്ടു.
ഉയർന്നൊരാകാശത്തിൻ മുകളിലായി ഇന്നീ
ഞങ്ങൾ വിണ്ണിലൊരു നഗരം പണിയുന്നു;
രോഗമില്ല, രക്തമില്ല, ശാന്തി മാത്രം
വേദനയറ്റൊരിടം ഞങ്ങൾ തേടുന്നു.
മിണ്ടാത്തൊരദ്ധ്യാപകൻ, നൊമ്പരത്താൽ
ആക്രോശിച്ചീടാതോർ, നേർവഴി ചേർത്തു;
സങ്കടം തീണ്ടാത്ത കുടുംബങ്ങൾ, ഇവിടെ
സ്വർഗ്ഗം കുറിക്കുന്ന റിപ്പോർട്ടർ, പാർത്തു.
ശാശ്വതമാം പ്രേമം പാടുന്ന കവികൾ
ഗസ്സയിൽനിന്നോരോരുത്തരും ഒന്നായ്;
എല്ലാവരുമൊന്നിച്ചു സ്വർഗ്ഗത്തിൽ, എന്നീ
പുതിയൊരു ഗസ്സ വിടരും;
ഉപരോധമില്ലാത്ത, ശാന്തമാം ഗസ്സ!
കണ്ണീരില്ലാത്തൊരിടം, സ്നേഹമാം ഗസ്സ!
കവി: ഹിബ അബൂ നദ
വിവ: ഡോ. ഹഫീദ് നദ്‌വി