< Back
World
ഫലസ്തീന് പിന്തുണയുമായി ഈജിപ്തിൽ നിന്നും ഗസ്സ അതിർത്തിയിലേക്ക് ഗ്ലോബൽ മാർച്ച്‌
World

ഫലസ്തീന് പിന്തുണയുമായി ഈജിപ്തിൽ നിന്നും ഗസ്സ അതിർത്തിയിലേക്ക് ഗ്ലോബൽ മാർച്ച്‌

Web Desk
|
28 May 2025 3:02 PM IST

ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പരിപാടി ജൂണ്‍ 12ന് ഈജിപ്തിൽ ആരംഭിക്കും

ഗസ്സസിറ്റി: ഇസ്രായേലിന്റെ വംശഹത്യക്കെതിരെ സാമൂഹികപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും ഗസ്സയിലേക്ക് 'ഗ്ലോബല്‍ മാര്‍ച്ച്' സംഘടിപ്പിക്കുന്നു.

31 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകരും സാമൂഹികപ്രവര്‍ത്തകരുമാണ് ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന പരിപാടി ജൂണ്‍ 12ന് ഈജിപ്തിൽ ആരംഭിക്കും. ഈജിപ്തിൽ നിന്നും റഫാ അതിർത്തിയിലേക്കാണ് മാര്‍ച്ച്.

ഗസ്സയിലേക്ക് അടിയന്തര മാനുഷിക സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ഗസ്സയിലെ സാഹചര്യം ഗുരുതരമാണെന്ന് തുർക്കിയിലെ ഡോക്ടറും ഇന്റർനാഷണൽ ഹെൽത്ത് ഇനിഷ്യേറ്റീവ് അംഗവുമായ ഡോ. ഹുസൈൻ ദുർമാസ് പറയുന്നത്. 31 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം എൻ‌ജി‌ഒകളിൽ നിന്നുള്ള പ്രവർത്തകരുമായി ഗസ്സക്ക് വേണ്ടി ഞങ്ങളൊരു അന്താരാഷ്ട്ര സഖ്യം തന്നെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഫയിൽ നിന്നുള്ള ഞങ്ങളുടെ ശബ്ദം ലോകം മുഴുവൻ കേൾപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരങ്ങള്‍ മാര്‍ച്ചിന്റെ ഭാഗമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

അതേസമയം ഗസ്സയിലെ റഫയിൽ ഒരുക്കിയ ബദൽ ഭക്ഷ്യവിതരണ കേന്ദ്രത്തിലേക്ക്​ ഇരച്ചെത്തിയ പതിനായിരങ്ങൾക്ക്​ നേരെ ഇസ്രായേല്‍ വെടിവെപ്പ് നടത്തി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പതിനായിരങ്ങളാണ്​ ദക്ഷിണ റഫയിൽ തുറന്ന വിതരണക്രേന്ദ്രത്തിലേക്ക്​ ഇരച്ചെത്തിയത്​.ഭൂരിഭാഗം പേർക്കും ഒന്നും ലഭിക്കാതെ മടങ്ങേണ്ടതായും വന്നു. ഇതിനിടെയാണ് ഇസ്രായേൽ സുരക്ഷാ വിഭാഗത്തിന്‍റെ ബലപ്രയോഗവും വെടിവെപ്പും ഉണ്ടായത്. അതേസമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം 28 പേർ കൂടി കൊല്ലപ്പെട്ടു.

Similar Posts