
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയുടെ കപ്പലുകൾ തടഞ്ഞതിൽ റോമിൽ പ്രതിഷേധം | Photo: Reuters
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല പിടിച്ചെടുത്തതിൽ ഇസ്രായേലിനെതിരെ ലോക വ്യാപക പ്രതിഷേധം
|സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞതിൽ റോം, ബാഴ്‌സലോണ, ഇസ്താംബുൾ, ലണ്ടൻ നഗരങ്ങളിൽ പ്രതിഷേധം
ഗസ്സ: ദുരിതംപേറുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടിലയെ തടഞ്ഞ് ഇസ്രായേൽ നാവികസേന. ഫ്ലോട്ടിലയിലെ 13 ബോട്ടുകൾ പിടിച്ചെടുത്തു. ബോട്ടുകൾക്ക് നേരെ ഇസ്രായേൽ ജലപീരങ്കി ഉപയോഗിച്ചതായും റിപ്പോർട്ട്. പല ബോട്ടുകളും ഗസ്സ തീരത്തേക്ക് നീങ്ങുന്നത് തുടരുന്നു. അതേസമയം, ഫ്ലോട്ടില്ല കപ്പൽ പിടിച്ചെടുത്തതിനെതിരെ ലോക നഗരങ്ങളിൽ വ്യാപക പ്രതിഷേധം.
സുമൂദ് ഫ്ലോട്ടില്ലയെ തടഞ്ഞതിൽ പ്രതിഷേധിച്ച് ഇറ്റലി തലസ്ഥാനം റോമിൽ നിരവധി പേർ ഒത്തുകൂടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഫ്ലോട്ടില്ലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറ്റാലിയൻ യൂണിയനുകൾ വെള്ളിയാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു. കപ്പലുകൾ ഇസ്രായേൽ തടഞ്ഞുവച്ചുവെന്ന റിപ്പോർട്ടുകളെത്തുടർന്ന് നിരവധി നഗരങ്ങളിൽ പ്രതിഷേധങ്ങൾ ഉയർന്നു. തെക്കൻ നഗരമായ നേപ്പിൾസിൽ പ്രകടനക്കാർ പ്രധാന റെയിൽവേ സ്റ്റേഷനിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.
ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ലക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ ഇസ്താംബൂളിലെ യുഎസ് കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടി. ബാഴ്‌സലോണയിൽ ഇസ്രായേലി കോൺസുലേറ്റിന് പുറത്ത് നൂറുകണക്കിന് ആളുകൾ റാലി നടത്തി. ബെർലിനിലും, പ്ലേസ് ഡി ലാ ബോഴ്‌സിലും ബ്രസൽസിലും സമാനമായ പ്രകടനങ്ങൾ നടന്നു. ലണ്ടനിലെ ആക്ടിവിസ്റ്റുകൾ വ്യാഴാഴ്ച പ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു.
ഫ്ലോട്ടില്ല കപ്പൽ ഇസ്രായേൽ തടഞ്ഞതിൽ പ്രതിഷേധിച്ച് അർജന്റീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിലും പ്രതിഷേധം നടന്നു. ഫ്ലോട്ടില്ലയിലെ ആളുകളിൽ വർക്കേഴ്‌സ് സോഷ്യലിസ്റ്റ് മൂവ്‌മെന്റിന്റെ ബ്യൂണസ് അയേഴ്‌സ് സിറ്റി നിയമസഭാംഗമായി തെരഞ്ഞെടുക്കപെട്ട സെലസ്റ്റെ ഫിയേറോയും ഉണ്ടെന്ന് അസോസിയേറ്റഡ് പ്രസ് (എപി) വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. അവർ ഇസ്രായേൽ നാവികസേന തടഞ്ഞ അഡാര കപ്പലിലുണ്ടായിരുന്നു.
ഇതുവരെ 13 ഫ്ലോട്ടില്ല കപ്പലുകൾ തടഞ്ഞെങ്കിലും ഫലസ്തീനികൾക്കുള്ള സഹായവുമായി 30 കപ്പലുകൾ ഇപ്പോഴും യുദ്ധത്തിൽ തകർന്ന പ്രദേശത്തിന്റെ തീരത്ത് എത്താനുള്ള യാത്രയിലാണെന്നും ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.