
അഫ്ഗാനിലേക്ക് സൈന്യത്തെ അയക്കില്ല, താലിബാനുമായി സഹകരിക്കും: ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രം
|താലിബാന്റെ പ്രവൃത്തികൾ ഇതുവരെ മോശമല്ല. താലിബാനെതിരെ ചില ആരോപണങ്ങളുണ്ട്. പക്ഷേ, നമുക്കു മുന്നിൽ വേണ്ടത്ര തെളിവുകളില്ല. - ഗ്ലോബൽ ടൈംസ്
അഫ്ഗാനിൽ സൈനിക നീക്കത്തിലൂടെ അധികാരം പിടിച്ചെടുത്ത താലിബാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ചൈന ഒരുങ്ങുന്നതായി സൂചന. ഉഭയകക്ഷി ചർച്ചയിൽ ഉന്നയിച്ച കാര്യങ്ങൾ പാലിക്കാൻ താലിബാൻ സന്നദ്ധമാവുകയാണെങ്കിൽ അഫ്ഗാന്റെ പുനർനിർമാണത്തിൽ ചൈന നിർണായക പങ്ക് വഹിക്കുമെന്നും, അഫ്ഗാൻ വിട്ടുപോയ അമേരിക്കൻ സൈന്യത്തിനു പകരം അവിടേക്ക് സൈന്യത്തെ അയക്കില്ലെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ഗ്ലോബൽ ടൈംസ് പറയുന്നു. പാർട്ടി നേതൃത്വവുമായി അടുത്ത ബന്ധമുള്ള ചീഫ് റിപ്പോർട്ടർ യാങ് ഷെങ് പേരു വെച്ചെഴുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
'യു.എസ് പിന്മാറിയതിനു ശേഷം അഫ്ഗാനിൽ ചൈനക്ക് വലിയ റോളാണുള്ളതെന്ന് പാശ്ചാത്യർ കരുതുന്നുണ്ട്. യു.എസ് ഉണ്ടാക്കിയ ശൂന്യതയിലേക്ക് സൈന്യത്തെ ചൈന സൈന്യത്തെ അയക്കണമെന്ന് നിർദേശിക്കുന്നവരുമുണ്ട്. എന്നാൽ അതെല്ലാം അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ചൈനയ്ക്ക് പരമാവധി ചെയ്യാൻ കഴിയുക അഫ്ഗാനിൽ മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയാണെങ്കിൽ തങ്ങളുടെ പൗരന്മാരെ അവിടെ നിന്ന് ഒഴിപ്പിക്കുക എന്നതും, യുദ്ധാനന്തരമുള്ള പുനർനിർമാണ - വികസന പദ്ധതികളിൽ സംഭാവന ചെയ്യുക എന്നതുമാണ്.' റിപ്പോർട്ടിൽ പറയുന്നു.
കാബൂൾ പിടിച്ചടക്കുന്നതിനു തൊട്ടുമുമ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ താലിബാനെതിരെ കടുപ്പമുള്ള വാക്കുകൾ ഉപയോഗിക്കുന്നില്ല. അതേസമയം, അഫ്ഗാനിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെ പൂർണ ഉത്തരവാദി അമേരിക്കയാണെന്ന് കുറ്റപ്പെടുത്തുന്നുമുണ്ട്. രാജ്യത്തേക്ക് ഐക്യരാഷ്ട്രസഭ സമാധാനപാലന സൈന്യത്തെ അയക്കണമെന്ന് ചൈനയിലെ വിദഗ്ധർ ആവശ്യപ്പെടുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
'അഫ്ഗാനിൽ ഉണ്ടായേക്കാവുന്ന അഭയാർത്ഥി പ്രതിസന്ധിക്കും മാനുഷിക പ്രശ്‌നങ്ങൾക്കുമുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്കായിരിക്കും. ഇത് പരിഹരിക്കുന്നതിന് അമേരിക്ക പ്രദേശത്തെ മറ്റ് രാജ്യങ്ങളുമായി സാഹമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ അവർ സഹകരിക്കണം. കാരണം അവരാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. പൂർണ നിയന്ത്രണം ഏറ്റെടുത്ത ശേഷം എല്ലാ ഭീകരരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന വാഗ്ദാനം താലിബാൻ പാലിക്കണം. അങ്ങനെ ചെയ്താൽ മാത്രമേ താലിബാന് അഫ്ഗാനിലെ യു.എസ് അധിനിവേശത്തിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാളധികം ആഗോള അംഗീകാരം നേടാൻ കഴിയൂ...'
താലിബാന്റെ സൈനിക നീക്കം മാനുഷിക പ്രതിസന്ധിക്ക് കാരണമാകുമെന്ന അന്താരാഷ്ട്ര നിരീക്ഷണങ്ങളെ ലാൻഷു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ അഫ്ഗാനിസ്താൻ സ്റ്റഡീസ് ഡയറക്ടർ ഷു യോങ്ബിയാവോയെ ഉദ്ധരിച്ച് തിരുത്തുന്നുമുണ്ട് ഗ്ലോബൽ ടൈംസ് റിപ്പോർട്ട്.
'മുമ്പ് ലോകമെങ്ങുമുള്ള നിരവധി നിരീക്ഷകർ താലിബാന്റെ സൈനിക നടപടി രൂക്ഷമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, താലിബാന്റെ പ്രകടനം ഇതുവരെ മോശമല്ല. കൂട്ടക്കൊലകളോ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നതോ നമ്മൾ കണ്ടില്ല. മിക്ക വലിയ നഗരങ്ങളും പോരാട്ടമില്ലാതെയാണ് പിടിച്ചെടുത്തത്. താലിബാനെതിരെ ചില ആരോപണങ്ങളുണ്ട്. പക്ഷേ, നമുക്കു മുന്നിൽ വേണ്ടത്ര തെളിവുകളില്ല. താലിബാൻ കാബൂളിൽ പ്രവേശിച്ചിട്ടും യു.എസ് എംബസി ഒഴിപ്പിക്കൽ തടസ്സപ്പെടുത്തിയില്ല. ഈ യുദ്ധം അക്രമത്തിൽ അവസാനിക്കില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.' - എന്നാണ് ഷു യോങ്ബിയാവോയുടെ വാക്കുകൾ.
ജൂലൈ 28-ന് ചൈനീസ് വിദേശമന്ത്രി വാങ് യി, അഫ്ഗാൻ താലിബാൻ പൊളിറ്റിക്കൽ കമ്മീഷൻ തലവൻ മുല്ല അബ്ദുൽ ഗനി ബറാദർ നയിച്ച സംഘവുമായി ചർച്ച നടത്തിയ കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്. താലിബാന്റെ മതകാര്യ കൗൺസിലിലെയും പബ്ലിസിറ്റി കമ്മിറ്റിയിലെയും എല്ലാ അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തെന്നും, ചൈനക്കെതിരായ നീക്കത്തിന് അഫ്ഗാൻ മണ്ണിനെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മുല്ല ബറാദർ ഉറപ്പ് നൽകിയതായും ഗ്ലോബൽ ടൈംസ് റിപ്പോർട്ടിലുണ്ട്.