
ഫലസ്തീൻ ആക്ഷനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് യുകെ കോടതി; 'സർക്കാർ നിരോധനം നിയമവിരുദ്ധം'
|2025 ജൂലൈയിലെ സർക്കാർ നിരോധനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് വിധി.
ലണ്ടൻ: ഫലസ്തീൻ അനുകൂല സംഘടനയായ 'ഫലസ്തീൻ ആക്ഷനെ' ഭീകര സംഘടനയായി പ്രഖ്യാപിക്കാനാവില്ലെന്ന് ലണ്ടൻ ഹൈക്കോടതി. സംഘടനയെ യുകെ സർക്കാർ നിരോധിച്ചത് നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. 2025 ജൂലൈയിലെ സർക്കാർ നിരോധനത്തെ ചോദ്യം ചെയ്ത് ഫലസ്തീൻ ആക്ഷൻ സഹസ്ഥാപകയായ ഹുദ അമ്മോറി നൽകിയ പുനഃപരിശോധനാ ഹരജി പരിഗണിച്ചാണ് കോടതി വിധി.
ബ്രിട്ടീഷ് സർക്കാരുമായുള്ള മാസങ്ങൾ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സംഘടന ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയത്. ഫലസ്തീൻ ആക്ഷനെ വിലക്കിയത് സംസാര സ്വാതന്ത്ര്യത്തിനും സമ്മേളന സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ജസ്റ്റിസ് വിക്ടോറിയ ഷാർപ്പ് അറിയിച്ചു.
ഫലസ്തീൻ ആക്ഷന്റെ സ്വഭാവം തീവ്രവാദ നിയമ പ്രകാരം വിലക്കാനുള്ള ഘടകമല്ലെന്ന് ജഡ്ജിമാരായ വിക്ടോറിയ ഷാർപ്പ്, ജോനാഥൻ സ്വിഫ്റ്റ്, കാരെൻ സ്റ്റെയ്ൻ എന്നിവർ കണ്ടെത്തി. ഫലസ്തീൻ ആക്ഷനെ നിരോധിക്കാനുള്ള തീരുമാനം അനാവശ്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം, സർക്കാരിന് വേണ്ടി മന്ത്രിമാർ അപ്പീൽ നൽകുകയും വിഷയത്തിൽ കൂടുതൽ വാദം കേൾക്കുകയും ചെയ്യും വരെ നിരോധനം താത്കാലികമായി തുടരും.
2025ലാണ് സംഘടനയെ നിരോധിച്ച് ഉത്തരവിറങ്ങിയത്. ഫലസ്തീൻ ആക്ഷനിലെ അംഗത്വം, പരസ്യ പിന്തുണ, ചിഹ്നങ്ങളുടെ പ്രദർശനം എന്നിവ ക്രിമിനൽ കുറ്റമാണെന്നും ബ്രിട്ടനിലെ തീവ്രവാദ നിയമപ്രകാരം 14 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ, സംഘടനയെ പിന്തുണച്ച് രാജ്യമെമ്പാടും നിരവധി പേർ തെരുവിലിറങ്ങി.
ഐ സപ്പോർട്ട് ഫലസ്തീൻ ആക്ഷൻ എന്നെഴുതിയ പ്ലക്കാർഡുൾപ്പെടെ ഉയർത്തിയായിരുന്നു പ്രതിഷേധം. തുടർന്ന് രാജ്യവ്യാപകമായി ആയിരക്കണക്കിന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു. 2700 പേരെയാണ് യുകെ ഭരണകൂടം തീവ്രവാദക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. എന്നാൽ, നിരോധന നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധിക്കാനുള്ള അവകാശത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് പൗരാവകാശ വക്താക്കളും സാമൂഹികപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.