
ഭര്‍ത്താവ് വഞ്ചിക്കുമെന്ന് ഭയം; പേരക്കുട്ടിയുടെ ട്യൂഷന്‍ ഫീസടക്കമെടുത്ത് മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ചികിത്സ,നഷ്ടമായത് ഏഴേകാല്‍ ലക്ഷം രൂപ
|പുരികങ്ങള്‍ക്കിടയിലെ ചുളിവുകള്‍ നീക്കം ചെയ്യുന്നത് മക്കള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും ക്ലിനിക്കുകാര്‍ വിശ്വസിപ്പിച്ചു
ബീജിങ്: മുഖത്തെ ചുളിവുകള്‍ മാറ്റുന്ന ചികിത്സയുടെ പേരില്‍ സ്ത്രീയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തത് 8,600 ഡോളര്‍ . ചൈനയിലാണ് സംഭവം നടന്നത്. തന്‍റെ സമ്പാദ്യങ്ങളും പേരക്കുട്ടിയുടെ ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള പണവുമെടുത്താണ് 58 കാരിയായ കുയിയുടെ മുഖത്തെ ചുളിവുകള്‍ മാറ്റുന്ന ചികിത്സ നടത്തിയത്. ഇവരുടെ ഫ്ളാറ്റിലെ തെറാപ്പി സെന്ററിന്റെ ഉടമയാണ് അടുത്തുള്ള പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലേക്ക് കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകള്‍. ഭര്‍ത്താവ് വഞ്ചിക്കുമെന്നും ഉപേക്ഷിച്ചുപോകുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖത്ത് നിരവധി ചുളിവുകളുണ്ടെന്നും അത് അവര്‍ക്ക് ദൗർഭാഗ്യമുണ്ടാക്കുമെന്നുമെന്നുമായിരുന്നു പ്ലാസ്റ്റിക് സർജറി ക്ലിനിക്കിലെ സര്‍ജന്‍ കുയിയോട് പറഞ്ഞത്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചുളിവുകള്‍ ഭര്‍ത്താവ് വഞ്ചിക്കുമെന്നതാണ് സൂചിപ്പിക്കുന്നതെന്നും ഭർത്താവിന്റെ ഭാഗ്യത്തിനായി അവ നീക്കം ചെയ്യണമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. പുരികങ്ങള്‍ക്കിടയിലെ ചുളിവുകള്‍ നീക്കം ചെയ്യുന്നത് മക്കള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നും ഇവര്‍ കുയിയോട് പറഞ്ഞു. ചികിത്സ പെട്ടന്ന് തുടങ്ങണമെന്നാവശ്യപ്പെട്ട് ക്ലിനിക്ക് ജീവനക്കാര്‍ ഏകദേശം ഏഴേകാല്‍ ലക്ഷം രൂപ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണമടപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചികിത്സക്ക് പിന്നാലെ കുയിക്ക് തലവേദനയും ഓക്കാനവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം വീട്ടിലറിയുന്നത്. കുയിക്ക് വായ തുറക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്ന് മകള്‍ പറയുന്നു. കുയിക്ക് ഹൈലൂറോണിക് ആസിഡ് ഫില്ലർ കുത്തിവച്ചതായി കണ്ടെത്തി. തന്‍റെ അമ്മയെ വഞ്ചിച്ചെന്നും പണം തിരികെ നല്‍കണമെന്നും കുയിയുടെ മകള്‍ ക്ലിനിക്കിനോടാവശ്യപ്പെട്ടു.എന്നാല്‍ ഇത് ക്ലിനിക്കുകള്‍ വിസ്സമ്മതിക്കുകയും നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്.പല പ്ലാസ്റ്റിക് സർജറി ക്ലിനിക്കുകളും ചൈനീസ് ജനതയുടെ അന്ധവിശ്വാസങ്ങൾ ഉപയോഗിച്ച് കബളിപ്പിക്കുകയാണെന്നും ചിലര്‍ പ്രതികരിച്ചു.