
ഗ്രെറ്റ തുൻബര്‍ഗ് Photo| AFP
'തടങ്കലിൽ വച്ച് ഇസ്രായേലി ഉദ്യോഗസ്ഥര്‍ അടിക്കുകയും ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തു, സ്യൂട്ട്കേസിൽ അശ്ലീലവാക്കുകൾ എഴുതി'; ഗ്രെറ്റ തുൻബര്‍ഗ്
|ഇസ്രായേലി ഗാര്‍ഡുകൾക്ക് സഹാനുഭൂതിയോ മനുഷ്യത്വമോ ഇല്ല
തെൽ അവിവ്: ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പൽ കസ്റ്റഡിയിൽ എടുത്തപ്പോൾ ഇസ്രായേൽ ഉദ്യോഗസ്ഥരിൽ നന്നും മോശം പെരുമാറ്റം ഉണ്ടായതായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുൻബര്‍ഗ്. കപ്പലിലുണ്ടായിരുന്ന 136 പേരെ ഇസ്രായേൽ നാടുകടത്തിയിരുന്നു.
തന്നെ അടിക്കുകയും ചവിട്ടുകയും വലിച്ചിഴക്കുകയും ചെയ്തതായി സ്വീഡിഷ് പത്രമായ അഫ്ടൺബ്ലാഡെറ്റിനോട് ഗ്രെറ്റ പറഞ്ഞു . ഇസ്രായേലി ഗാര്‍ഡുകൾക്ക് സഹാനുഭൂതിയോ മനുഷ്യത്വമോ ഇല്ല. ഡസൻ കണക്കിന് ആളുകളെ കൈകൾ വിലങ്ങിട്ട് നിലത്ത് കെട്ടിയിട്ട നിലയിൽ കണ്ടിരുന്നു. 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ വെള്ളത്തിനായി യാചിക്കേണ്ടി വന്നുവെന്നും ഗ്രെറ്റ പറയുന്നു.
ഇസ്രായേലി ഗാർഡുകൾ തന്‍റെ സ്യൂട്ട്കേസിൽ അശ്ലീല വാക്കുകൾ എഴുതിയതായും അശ്ലീല ചിത്രങ്ങൾ വരച്ചതായും തുൻബര്‍ഗ് വിശദീകരിക്കുന്നു. "മറ്റുള്ളവർ ഇരിക്കുന്നിടത്ത് നിന്ന് എതിർവശത്തേക്ക് അവർ എന്നെ വലിച്ചിഴച്ചു. മുഴുവൻ സമയവും എന്‍റെ ചുറ്റും ഇസ്രായേൽ പതാക ഉണ്ടായിരുന്നു. അവർ എന്നെ അടിക്കുകയും ചവിട്ടുകയും ചെയ്തു. എനിക്ക് ഓർമയില്ലാത്ത ഒരുപാട് കാര്യങ്ങൾ അവിടെ സംഭവിച്ചിരുന്നു''. തടങ്കലിലൽ ആയിരുന്നപ്പോൾ ഇസ്രായേലി ഗാര്‍ഡുകൾ തങ്ങളോടൊപ്പം സെൽഫികൾ എടുത്തതായും ഗ്രെറ്റ പറഞ്ഞു.
എന്നാൽ തുൻബര്‍ഗിന്‍റെ ആരോപണങ്ങളെ ഇസ്രായേൽ നിഷേധിച്ചു. “അവളുടെ എല്ലാ നിയമപരമായ അവകാശങ്ങളും പൂർണമായും ഉയർത്തിപ്പിടിച്ചു. രസകരമെന്നു പറയട്ടെ, ഗ്രേറ്റ തന്നെ നാടുകടത്തൽ വേഗത്തിലാക്കാൻ വിസമ്മതിക്കുകയും കസ്റ്റഡിയിൽ തുടരാൻ നിർബന്ധിക്കുകയും ചെയ്തു. ഈ പരിഹാസ്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളെക്കുറിച്ച് അവർ ഒരിക്കലും ഇസ്രായേൽ അധികാരികൾക്ക് പരാതി നൽകിയിട്ടില്ല - കാരണം അവ ഒരിക്കലും സംഭവിച്ചിട്ടില്ല.” വിദേശകാര്യ മന്ത്രാലയം ദി ടെലിഗ്രാഫിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ജയിലിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ വെള്ളത്തിനായി യാചിക്കുമ്പോൾ വെള്ളക്കുപ്പികൾ പിടിച്ച് ഗാർഡുകൾ തന്നെ നോക്കി ചിരിച്ചുവെന്നും തുൻബർഗ് പറയുന്നു. "ആളുകൾ ബോധംകെട്ടു വീണപ്പോൾ, ഞങ്ങൾ കൂടുകളിൽ ഇടിച്ചു, ഒരു ഡോക്ടറെ ആവശ്യപ്പെട്ടു. അപ്പോൾ ഗാർഡുകൾ വന്ന് പറഞ്ഞു: 'ഞങ്ങൾ നിങ്ങൾക്ക് ഗ്യാസ് നൽകാൻ പോകുന്നു.' അങ്ങനെ പറയുന്നത് അവരുടെ പതിവ് രീതിയായിരുന്നു. അവർ ഒരു ഗ്യാസ് സിലിണ്ടർ ഉയർത്തിപ്പിടിച്ച് ഞങ്ങളുടെ നേരെ തുറന്നുവിടുമെന്ന് ഭീഷണിപ്പെടുത്തി" ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു. "രാത്രികളിൽ, ഗാർഡുകൾ പതിവായി വന്ന് കമ്പികൾ കുലുക്കി, ടോർച്ചുകൾ അടിച്ചു, രാത്രിയിൽ പലതവണ അവർ അകത്തു കയറി എല്ലാവരെയും നിർബന്ധിച്ച് എഴുന്നേൽപ്പിച്ചു"ഗ്രെറ്റ പറഞ്ഞു.