< Back
World
Hamas agrees to US proposal for Gaza ceasefire deal
World

ഗസ്സയിൽ വെടിനിർത്തലിനുള്ള യുഎസ് നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്

Web Desk
|
26 May 2025 10:23 PM IST

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലാണ് ചർച്ച.

ഗസ്സ: വെടിനിർത്തലിനുള്ള യുഎസ് നിർദേശം ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. 60 ദിവസത്തെ വെടിനിർത്തലിനുള്ള കരടാണ് തയ്യാറായത്. രണ്ട് ഘട്ടങ്ങളിലായി ഫലസ്തീൻ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി 10 ബന്ദികളെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും വിട്ടുനൽകാമെന്നാണ് കരാറിൽ പറയുന്നത്. തുടക്കത്തിൽ അഞ്ച് ഇസ്രായേലി ബന്ദികളെ വിട്ടയക്കും. ബാക്കി അഞ്ചുപേരെ 60-ാം ദിവസമാണ് വിട്ടയക്കുക.

ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് പ്രതിനിധികളും യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തമ്മിലാണ് ചർച്ച. വെടിനിർത്തൽ ചർച്ചക്കിടയിലും ഗസ്സയിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം തുടരുകയാണ്. ആളുകൾ അഭയം തേടിയിരുന്ന ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ കുട്ടികളടക്കം 36 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മുതൽ നടന്ന ആക്രമണത്തിൽ 50ൽ കൂടുതൽ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഒക്ടോബർ ഏഴ് മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ 53,977 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 122,966 പേർക്ക് പരിക്കേറ്റു. എന്നാൽ സർക്കാർ മീഡിയ ഓഫീസ് നൽകുന്ന റിപ്പോർട്ട് പ്രകാരം 61,700 പേരാണ് കൊല്ലപ്പെട്ടത്. തകർക്കപ്പെട്ട കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിയിട്ടുണ്ടെന്നും ഇവർ കൊല്ലപ്പെട്ടതായി പരിഗണിക്കണമെന്നുമാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

Similar Posts