< Back
World
ഇടനിലക്കാരൻ എന്ന നിലയിൽ യുഎസിന് വിശ്വാസ്യതയില്ല ഖത്തർ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഹമാസ്
World

'ഇടനിലക്കാരൻ എന്ന നിലയിൽ യുഎസിന് വിശ്വാസ്യതയില്ല' ഖത്തർ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഹമാസ്

Web Desk
|
18 Sept 2025 12:39 PM IST

മുതിർന്ന ഹമാസ് നേതാവ് ഗാസി ഹമദ് ആക്രമണത്തിന്റെ നിമിഷങ്ങളെ കുറിച്ചും നേതാക്കൾ എങ്ങനെ രക്ഷപ്പെട്ടുവെന്നും വിവരിച്ചു

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഹമാസ് നേതൃത്വത്തിനെതിരെ കഴിഞ്ഞയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഹമാസ്. അൽ ജസീറയോട് സംസാരിച്ച മുതിർന്ന ഹമാസ് നേതാവ് ഗാസി ഹമദ് ആക്രമണത്തിന്റെ നിമിഷങ്ങളെ കുറിച്ചും നേതാക്കൾ എങ്ങനെ രക്ഷപ്പെട്ടുവെന്നും വിവരിച്ചു. 'പ്രതിനിധി സംഘവുമായും ചില ഉപദേശകരുടെയും കൂടെ ഞങ്ങൾ ഒരു ചർച്ചയിലായിരുന്നു. ഖത്തരി മധ്യസ്ഥരിൽ നിന്ന് ലഭിച്ച അമേരിക്കൻ നിർദേശം അവലോകനം ചെയ്യാൻ തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ വലിയ സ്ഫോടന ശബ്ദം കേട്ടു.' ഗാസി ഹമദ് പറഞ്ഞു.

'സ്ഫോടനങ്ങൾ ഇസ്രായേലി ഷെല്ലാക്രമണമാണെന്ന് തുടക്കം മുതൽ തന്നെ അറിയാമായിരുന്നതിനാൽ ഞങ്ങൾ ഉടൻ തന്നെ സ്ഥലം വിട്ടു. ഗസ്സയിൽ താമസിച്ചിരുന്ന ഞങ്ങൾ മുമ്പ് ഇസ്രായേലി ഷെല്ലാക്രമണം അനുഭവിച്ചിട്ടുണ്ട്.' ഗാസി ഹമദ് കൂട്ടിച്ചേർത്തു. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഹമാസ് അംഗങ്ങളും ഒരു ഖത്തരി സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിർത്തൽ, ബന്ധിമോചന ചർച്ചക്ക് എത്തിയവരെയാണ് ഇസ്രായേൽ ലക്ഷ്യംവെച്ചത്.

'ഷെല്ലാക്രമണം വളരെ തീവ്രവും ഭയാനകമായിരുന്നു. ഒരു മിനിറ്റിനുള്ളിൽ ഏകദേശം 12 റോക്കറ്റുകൾ തടസ്സമില്ലാതെ തുടർന്നു. പക്ഷേ ദൈവത്തിന്റെ കൃപയാൽ ഞങ്ങൾ ആക്രമണത്തെ അതിജീവിച്ചു.' ഗാസി ഹമദ് പറഞ്ഞു. ഹമാസിന്റെ മുതിർന്ന നേതാക്കൾ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഖത്തറിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് ഇസ്രായേൽ വിട്ടുനിൽക്കണമെന്നും ഗാസി ഹമദ് കൂട്ടിച്ചേർത്തു.

ഖത്തറിനെതിരായ ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ നേതാക്കൾ ദോഹയിൽ അടിയന്തര ഉച്ചകോടി വിളിച്ചുകൂട്ടി ഇസ്രായേലിന്റെ 'ഭീരുത്വ' ആക്രമണത്തെ അപലപിച്ചു. മിഡിൽ ഈസ്റ്റിനെ മാറ്റാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പദ്ധതിക്ക് അറബ് പ്രതികരണം ആവശ്യമാണെന്നും ഹമദ് അൽ ജസീറയോട് പറഞ്ഞു.

വെടിനിർത്തൽ ചർച്ചകളിൽ ഹമാസിന് കയ്പേറിയ അനുഭവമാണ് ഉണ്ടായതെന്നും സത്യസന്ധനായ ഒരു ഇടനിലക്കാരൻ എന്ന നിലയിൽ യുഎസിന് വിശ്വാസ്യതയില്ലെന്നും ഗാസി ഹമദ് പറഞ്ഞു . 'അദ്ദേഹം (ട്രംപ്) ഞങ്ങളെ ഭയപ്പെടുത്തുന്നില്ല.' ഗസ്സയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി തടവുകാരോടുള്ള പെരുമാറ്റവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ഭീഷണികളെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഹമദ് പറഞ്ഞു. തടവുകാരോട് 'നമ്മുടെ മൂല്യങ്ങൾക്കനുസൃതമായി' പെരുമാറിയെന്നും ഇസ്രായേലിന്റെ നടപടികളുടെ ഫലമായി മാത്രമാണ് അവർ അപകടത്തിലായതെന്നും ഹമദ് കൂട്ടിച്ചേർത്തു.

Similar Posts