
Photo| Special Arrangement
ബന്ദി കൈമാറ്റം: നടപടികൾ ഹമാസ് വൈകിക്കുന്നത് അനുവദിക്കില്ലെന്ന് ട്രംപ്; ഇസ്രായേലിന് അഭിനന്ദനം
|ഹമാസ് ഉടൻ പ്രവർത്തിക്കണം, ഇല്ലെങ്കിൽ എല്ലാ നീക്കുപോക്കുകളും ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു.
വാഷിങ്ടൺ: ഗസ്സ യുദ്ധ വിരാമത്തിന് മുന്നോട്ടുവച്ച സമാധാന പദ്ധതി പ്രകാരം ബന്ദി കൈമാറ്റം സംബന്ധിച്ച് ഹമാസിന് പുതിയ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ബന്ദി കൈമാറ്റ നടപടികൾ ഹമാസ് വൈകിക്കുന്നത് താൻ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞു. ഹമാസ് ഉടൻ പ്രവർത്തിക്കണം, ഇല്ലെങ്കിൽ എല്ലാ നീക്കുപോക്കുകളും ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു.
എല്ലാവരോടും നീതിപൂർവമായിരിക്കും സമീപനം. ഗസ്സ വീണ്ടും ഭീഷണി ആകുന്നത് അനുവദിക്കില്ലെന്നും ഉടൻ നടപടി വേണമെന്നും ട്രംപ് തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ബോംബാക്രമണം താത്കാലികമായി നിർത്തിയ ഇസ്രായേൽ തീരുമാനത്തെ അഭിനന്ദിച്ച ട്രംപ്, ബന്ദികളുടെ കൈമാറ്റത്തിനും ഇരുപതിന പദ്ധതിക്കും ഇത് നല്ല അവസരമാണെന്നും കുറിച്ചു.
ഹമാസിന് അന്ത്യ ശാസനവുമായി ഇന്നലെയും ട്രംപ് രംഗത്തെത്തിയിരുന്നു. ഞായറാഴ്ച യുഎസ് സമയം വൈകിട്ട് ആറ് മണിക്കകം ഇരുപതിന പദ്ധതി അംഗീകരിക്കണമെന്നായിരുന്നു ഭീഷണി. ഹമാസിന് ഇത് അവസാന അവസരമാണ്. ഒരു നിലയ്ക്കല്ലെങ്കിൽ മറ്റൊരു നിലയ്ക്ക് പശ്ചിമേഷ്യയിൽ സമാധാനം വരും. പശ്ചിമേഷ്യയിലെ എല്ലാ മുൻനിര രാജ്യങ്ങളും പദ്ധതി അംഗീകരിച്ച് കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ ബന്ദികൈമാറ്റം ഉള്‍പ്പടെ ചില ഉപാധികള്‍ ഹമാസ് അംഗീകരിച്ചിട്ടുണ്ട്. ജീവനോടെയും അല്ലാതെയുമുള്ള ബന്ദികളുടെ കൈമാറ്റത്തിന് തയാറാണ്. എന്നാല്‍ ആക്രമണം നിര്‍ത്തി യുദ്ധഭൂമിയിലെ സ്ഥിതി ബന്ദികളുടെ കൈമാറ്റത്തിന് അനുകൂലമാകേണ്ടതുണ്ട്. ഇരുപതിന പദ്ധതിയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ക്ക് കൈമാറിയ പ്രതികരണത്തില്‍ ഹമാസ് അറിയിച്ചു.
ഹമാസ് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് ട്രംപും പ്രതികരിച്ചു. ഹമാസിന്റെ പ്രതികരണം ഉള്‍പ്പടുന്ന പ്രസ്താവന തന്റെ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്യാനും ട്രംപ് മറന്നില്ല. ഖത്തറും ഈജിപ്തും ഹമാസ് നിലപാടിനെ സ്വാഗതം ചെയ്തു. ആശ്വാസകരമായ വാര്‍ത്തയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് പറഞ്ഞു.
ഹമാസ് നിര്‍ദേശിച്ചതുപോലെ ഒറ്റയടിക്ക് യുദ്ധം നിര്‍ത്തുന്നത് അപകടമാണെന്ന് സൂചിപ്പിച്ച ട്രംപ്, ഇത് ഗസ്സയുടെ മാത്രമല്ല, പശ്ചിമേഷ്യന്‍ സമാധാനത്തിന്റെ കൂടി ആവശ്യകതയാണെന്നും പ്രതികരിച്ചു. ട്രംപ് സമര്‍പ്പിച്ച ഇരുപതിന പദ്ധതിയില്‍ ഒരു ഭേദഗതിയും അംഗീകരിക്കില്ലെന്ന നിലപാട് കൈക്കൊണ്ട ഇസ്രായേല്‍ ഇതോടെ ശരിക്കും വെട്ടിലായി.
അതേസമയം, ഗസ്സയിൽ ബോംബാക്രമണം നിർത്താൻ ട്രംപിന്റെ നിർദേശമുണ്ടായിട്ടും ഇസ്രായേൽ ആക്രമണം തുടരുകയാണ്. 41 ഫലസ്തീനികളാമ് ഇന്ന് കൊല്ലപ്പെട്ടത്. പുലർച്ചെ മുതൽ ഗസ്സ നഗരത്തിൽ ഡസൻ കണക്കിന് വ്യോമാക്രമണങ്ങളും പീരങ്കി ഉപയോഗിച്ചുള്ള ഷെല്ലാക്രമണങ്ങളും ഇസ്രായേൽ നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിക്ക് ഹമാസ് മറുപടി സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേൽ വീണ്ടും ആക്രമണം ആരംഭിച്ചത്.