< Back
World
ഗസ്സ വെടിനിർത്തൽ: പുതിയ കരാർ അവതരിപ്പിച്ച് ഹമാസ്, നിരസിച്ച് ഇസ്രായേൽ
World

ഗസ്സ വെടിനിർത്തൽ: പുതിയ കരാർ അവതരിപ്പിച്ച് ഹമാസ്, നിരസിച്ച് ഇസ്രായേൽ

Web Desk
|
3 May 2025 2:14 PM IST

യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രതിജ്ഞാബദ്ധമല്ലെന്നും, സ്വന്തം തടവുകാരുടെ ജീവൻ പോലും പണയപ്പെടുത്തി മുന്നോട്ട് പോകാൻ അവർ തീരുമാനിച്ചുവെന്നും മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ

ഗസ്സ സിറ്റി: ഗസ്സയിൽ പുതിയ വെടിനിർത്തൽ കരാർ അവതരിപ്പിച്ച് ഹമാസ്. സമഗ്രവും സന്തുലിതവുമായ ഒരു വെടിനിർത്തൽ കരാർ ഇസ്രായേലിന് മുമ്പാകെ അവതരിപ്പിച്ചു എന്ന് ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ അബ്ദുൽ റഹ്മാൻ ഷദീദ് പറഞ്ഞു. എന്നാൽ ഇസ്രായേൽ കരാർ നിരസിച്ചുവെന്നും ഷദീദ് ചൂണ്ടിക്കാട്ടി. ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കാൻ ഇസ്രായേൽ തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവങ്ങൾ.

ഗസ്സക്കെതിരായ ആക്രമണം സ്ഥിരമായി അവസാനിപ്പിക്കുക, ഇസ്രായേൽ അധിനിവേശ സേനയെ ഗസ്സ മുനമ്പിൽ നിന്ന് പൂർണ്ണമായും പിൻവലിക്കുക, ഉപരോധം പിൻവലിക്കുക, മാനുഷിക സഹായവും ദുരിതാശ്വാസവും എത്തിക്കുക, പുനർനിർമ്മാണ പ്രവർത്തനങ്ങൾ സജീകരിക്കുക എന്നിവയടങ്ങുന്ന ആവശ്യങ്ങളാണ് ഹമാസ് കരാറിലൂടെ മുന്നോട്ട് വെച്ചത്.

നേരത്തെ തീരുമാനിച്ച അത്രയും പലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിന് പകരമായി, എല്ലാ ഇസ്രായേലി തടവുകാരെയും ഒറ്റ ഘട്ടമായി മോചിപ്പിക്കുന്ന തടവുകാരുടെ കൈമാറ്റ കരാറും ഈ നിർദ്ദേശത്തിൽ ഉൾപ്പെടുന്നു. കൂടാതെ, അഞ്ച് വർഷം നീണ്ടുനിൽക്കുന്ന ദീർഘകാല വെടിനിർത്തലും ഗസ്സ മുനമ്പ് കൈകാര്യം ചെയ്യുന്നതിനായി ഒരു സ്വതന്ത്ര കമ്മിറ്റി രൂപീകരിക്കാനും കരാർ ആവശ്യപ്പെട്ടു.

എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ നിരവധി ഉദ്യോഗസ്ഥരുമായും മധ്യസ്ഥരുമായും ഔദ്യോഗിക കൂടിക്കാഴ്ചകൾ നടത്തി ഹമാസ് മുന്നോട്ട് വെച്ച കരാർ ഇസ്രായേൽ സർക്കാർ നിരസിച്ചുവെന്ന് ഷദീദ് പറഞ്ഞു. ഇസ്രായേൽ കരാർ സ്വീകരിക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല, യുദ്ധം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമല്ലെന്നും, സ്വന്തം തടവുകാരുടെ ജീവൻ പോലും പണയപ്പെടുത്തി പോലും അവർ മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്നും ഷദീദ് കൂട്ടിച്ചേർത്തു.

Similar Posts