< Back
World
Hamas released captives
World

മൂന്ന് ഇസ്രായേലി ബന്ദികളെ ഹമാസ് കൈമാറി; ഫലസ്തീൻ തടവുകാരെ ഉടൻ മോചിപ്പിക്കും

Web Desk
|
19 Jan 2025 10:52 PM IST

ഡോറോൻ സ്‌റ്റെൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്.

തെൽ അവീവ്: ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഹമാസ് വിട്ടയച്ച മൂന്ന് ബന്ദികളെ ഇസ്രായേൽ സൈന്യം ഏറ്റുവാങ്ങി. ഡോറോൻ സ്‌റ്റെൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നീ യുവതികളെയാണ് ഹമാസ് വിട്ടയച്ചത്. റെഡ്‌ക്രോസ് വളണ്ടിയർമാർക്കാണ് ഹമാസ് ബന്ദികളെ കൈമാറിയത്. ഇവരാണ് ബന്ദികളെ ഇസ്രായേൽ സൈന്യത്തിന്റെ അടുക്കലെത്തിച്ചത്.

യുവതികളെ തെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനക്ക് എത്തിക്കും. ഇസ്രായേൽ-റൊമേനിയൻ പൗരയായ ഡോറോൻ വെറ്ററിനറി നഴ്‌സാണ്. നോവ സംഗീതനിശയിൽ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കിയത്. ബ്രിട്ടീഷ് ഇസ്രായേൽ പൗരത്വമുള്ള എമിലിയെ ഫാർ അസയിലെ അപ്പാർട്ട്‌മെന്റിൽനിന്നാണ് ഹമാസ് ബന്ദിയാക്കുന്നത്.

ഗസ്സ സിറ്റിയിലെ സറയ ചത്വരത്തിൽ ബന്ദികളുമായെത്തിയ അൽ ഖസ്സാം ബ്രിഗേഡ് പോരാളികളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ചത്വരത്തിൽ തടിച്ചുകൂടിയ വൻ ജനക്കൂട്ടം മുദ്രാവാക്യം വിളികളോടെയാണ് ഖസ്സാം ബ്രിഗേഡ് പോരാളികളെ വരവേറ്റത്. ബന്ദികൾ മോചിപ്പിക്കപ്പെട്ടതിൽ തെൽ അവീവിലും വലിയ ആഹ്ലാദപ്രകടനങ്ങൾ നടക്കുന്നുണ്ട്. ബന്ദികൾ സുരക്ഷിത കരങ്ങളിൽ എത്തിയതായി ഇസ്രായേലി സൈനിക വക്താവ് പറഞ്ഞു.

വെടിനിർത്തൽ കരാറിൽ മധ്യസ്ഥർ മുന്നോട്ടുവെച്ച നിർദേശങ്ങൾ പാലിക്കുമെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. ഇസ്രായേലും നിബന്ധനകൾ മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം മുമ്പ് തന്നെ വേണമെങ്കിൽ വെടിനിർത്തൽ കരാർ സാധ്യമാകുമായിരുന്നു. നെതന്യാഹുവിന്റെ വിദ്വേഷമാണ് വംശഹത്യ തുടരാൻ കാരണം. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്. കരാറിലെ എല്ലാ വ്യവസ്ഥകളും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമാണ്. അതില്ലാതായാൽ എല്ലാ കരാറും ഇല്ലാതാവുമെന്നും അബൂ ഉബൈദ പറഞ്ഞു.


Similar Posts