< Back
World
റഷ്യ ഭൂചലനം; ജപ്പാനിൽ 40 സെന്റിമീറ്റര്‍ ഉയരത്തിൽ ആഞ്ഞടിച്ച് സുനാമി തിരമാലകൾ
World

റഷ്യ ഭൂചലനം; ജപ്പാനിൽ 40 സെന്റിമീറ്റര്‍ ഉയരത്തിൽ ആഞ്ഞടിച്ച് സുനാമി തിരമാലകൾ

Web Desk
|
30 July 2025 11:53 AM IST

8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്

ടോക്കിയോ: റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്.1,80,000 നിവാസികൾ താമസിക്കുന്ന പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് 119 കിലോമീറ്റർ അകലെയായിരുന്നു പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള പ്രദേശമായ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ, കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ആളുകളെ ഒഴിപ്പിച്ചതായും അധികൃതർ റിപ്പോർട്ട് ചെയ്തു. എന്നാൽ വലിയ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

റഷ്യയിലെ കുറിൽ ദ്വീപുകളിലെ സെവേറോ-കുറിൽസ്കിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ജലനിരപ്പ് 4 മീറ്റർ വരെ ഉയർന്നു. ജപ്പാന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രധാന ദ്വീപായ ഹോക്കൈഡോയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന ടോകാച്ചിയിൽ 40 സെന്‍റിമീറ്റർ (1.3 അടി) ഉയരമുള്ള സുനാമി തിരമാലകൾ രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

സുനാമി മുന്നറിയിപ്പിനെ തുടർന്ന് ജപ്പാനിലുടനീളം 900,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. ജപ്പാന്‍റെ പസഫിക് തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന വടക്ക് ഹൊക്കൈഡോ മുതൽ തെക്ക് ഒക്കിനാവ വരെയുള്ള 133 മുനിസിപ്പാലിറ്റികളിലെ താമസക്കാര്‍ക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്ര പേരെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന കാര്യത്തിൽ അധികൃതര്‍ വ്യക്തത നൽകിയിട്ടില്ല.

റഷ്യയിലെ ഭൂചലനത്തെ തുടര്‍ന്ന് കാനഡ, കാലിഫോർണിയ, ഹവായ്, ഇന്തോനേഷ്യ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയുടെ കിഴക്കൻ കാംചത്ക ഉപദ്വീപിൽ ബുധനാഴ്ചയാണ് 8.7 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. കാംചത്ക ഉപദ്വീപിലെ പെട്രോപാവ്‌ലോവ്‌സ്കിന് കിഴക്ക്-തെക്കുകിഴക്കായി അവാച്ച ബേയുടെ തീരത്ത് ഏകദേശം 125 കിലോമീറ്റർ (80 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.

Similar Posts