< Back
World
കനത്ത മഴ; വെള്ളത്തിൽ മുങ്ങി ഖാൻ യൂനിസിലെ അഭയാർഥി ടെന്റുകൾ
World

കനത്ത മഴ; വെള്ളത്തിൽ മുങ്ങി ഖാൻ യൂനിസിലെ അഭയാർഥി ടെന്റുകൾ

Web Desk
|
16 Nov 2025 7:47 AM IST

വെടിനിർത്തൽ കരാറിലെ നിബന്ധനകൾ ലംഘിച്ച് ഗസ്സയിലേക്ക് ടെന്റുകളും താത്കാലിക വീടുകളും എത്തിക്കുന്നത് ഇസ്രായേൽ തടസ്സപ്പെടുത്തുകയാണ്

ഗസ്സ: കനത്ത മഴയെ തുടർന്ന് ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട ഫലസ്തീനികൾ താമസിക്കുന്ന ടെന്റുകളിൽ വെള്ളം കയറി. പടിഞ്ഞാറൻ ഖാൻ യൂനിസിലെ അൽ മവാസിയിൽ അഭയാർഥി ക്യാമ്പുകളിൽ നിരവധി ടെന്റുകൾ മഴയിൽ മുങ്ങിയെന്ന് സിവിൽ ഡിഫൻസ് പ്രസ്താവനയിൽ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ മുതൽ ഗസ്സയിൽ ശീതക്കാറ്റും കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഭവനരഹിതരായ 1.5 മില്യൺ ജനങ്ങളുടെ ജീവിതം ഇതോടെ കൂടുതൽ ദുരിതത്തിലായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഇസ്രായേൽ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളും കാരണം ആകെയുള്ള 135,000 ടെന്റുകളിൽ 125,000 ടെന്റുകളും താമസയോഗ്യമല്ല എന്നാണ് ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസ് നൽകുന്ന വിവരം.

കനത്ത മഴയിലെ അഭയാർഥി ക്യാമ്പുകൾ വെള്ളത്തിൽ മുങ്ങിയതിനാൽ ഗസ്സയിലേക്ക് അടിയന്തര സഹായമെത്തിക്കണമെന്ന് ഫലസ്തീൻ അഭയാർഥികൾക്കായുള്ള യുഎൻ ഏജൻസിയായ യുഎൻആർഡബ്ലിയുഎ ആവശ്യപ്പെട്ടു.



അതേസമയം വെടിനിർത്തൽ കരാറിലെ നിബന്ധനകൾ ലംഘിച്ച് ഗസ്സയിലേക്ക് ടെന്റുകളും താത്കാലിക വീടുകളും എത്തിക്കുന്നത് ഇസ്രായേൽ തടസ്സപ്പെടുത്തുകയാണ്. 2023 ഒക്ടോബർ ഏഴ് മുതൽ തുടങ്ങിയ ആക്രമണത്തിൽ 69,000 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊന്നൊടുക്കിയത്.

Similar Posts