< Back
World
Sunita Williams and other astronauts
World

മരണത്തിനും ജീവിതത്തിനുമിടയിൽ 9 മാസം; സുനിത വില്യംസിനും ബുച്ചിനും 'ഓവര്‍ ടൈം സാലറി' ലഭിക്കുമോ?

Web Desk
|
17 March 2025 3:47 PM IST

ജനറൽ ഷെഡ്യൂൾ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും

വാഷിംഗ്ടൺ: നീണ്ട 9 മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയോടെ ഇരുവരെയും സുരക്ഷിതമായി ഭൂമിയിലെത്തിക്കാൻ സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും,ബുച്ച് വിൽമോറും ബഹിരാകാശ നിലയത്തിലെത്തിയത്. ബോയിംഗ് സ്റ്റാർലൈനർ ക്യാപ്‌സ്യൂളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇരുവരുടെയും മടക്കയാത്രക്ക് തടസമായത്.

കഴിഞ്ഞ ദിവസമാണ് സുനിതയെയും ബുച്ചിനെയും കൊണ്ടുപോകുന്നതിനായി സ്പേസ് എക്സ് ക്രൂ ഡ്രാഗൺ ബഹിരാകാശ നിലയത്തിലെത്തിയത്. മരണത്തെ മുഖാമുഖം കണ്ട 9 മാസങ്ങൾക്ക് ശേഷം ബഹിരാകാശ യാത്രികര്‍ ഭൂമി തൊടുമ്പോൾ ഇരുവരുടെയും ശമ്പളത്തെക്കുറിച്ചുള്ള ചര്‍ച്ചകളും മുറയ്ക്ക് നടക്കുന്നുണ്ട്. ജീവൻ പണയം വച്ചുള്ള യാത്രയിൽ ഓവര്‍ ടൈം സാലറി ലഭിക്കുമോ എന്നാണ് ഭൂരിഭാഗം പേര്‍ക്കും അറിയേണ്ടത്.

ബഹിരാകാശയാത്രികർക്ക് ഓവർടൈം സാലറിയില്ലെന്നും പതിവ് ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നുമാണ് നാസയിൽ നിന്നും വിരമിച്ച മുൻ ബഹിരാകാശ യാത്രികയായ കാഡി കോൾമാൻ പറയുന്നത്. ഗതാഗതം, താമസം, ഭക്ഷണം എന്നിവയുടെ ചെലവ് നാസ വഹിക്കുന്നു. കൂടാതെ ആകസ്മികമായി സംഭവിക്കുന്നവയ്ക്ക് ഒരു ചെറിയ ദൈനംദിന അലവൻസുമുണ്ട്. പ്രതിദിനം 4 ഡോളർ. അതായത് 347 രൂപ മാത്രം! അതല്ലാതെ ‘സ്പേസ്’ ആയതുകൊണ്ട് പ്രത്യേകിച്ച് ‘അലവന്‍സ്’ ഒന്നുമില്ല. ഈ കണക്ക് പ്രകാരം 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ചതിന് സുനിതയ്ക്കും ബുച്ച് വില്‍മോറിനും ലഭിക്കുക 1,148 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) മാത്രമായിരിക്കും. കാഡി കോൾമാന് 2010-11 ലെ 159 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനിടെ ഈ ഇനത്തില്‍ ലഭിച്ചത് 636 ഡോളറാണ്. അതായത് ഏകദേശം 55,000 രൂപ.

സുനിതയുടെ ആകെ ശമ്പളം

ജനറൽ ഷെഡ്യൂൾ (ജിഎസ്) സമ്പ്രദായത്തിന് കീഴിലുള്ള ഫെഡറൽ ജീവനക്കാരാണ് സുനിത വില്യംസും ബുച്ച് വിൽമോറും. അതിനാല്‍ തന്നെ ഈ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ശമ്പളമായിരിക്കും ഇരുവര്‍ക്കും ലഭിക്കുക. ഇരുവരും ഉള്‍പ്പെടുന്ന ജിഎസ്-15 ശമ്പള ഗ്രേഡിന് കീഴിലുള്ള സർക്കാർ ജീവനക്കാർക്ക് വാർഷിക അടിസ്ഥാന ശമ്പളം 125,133 ഡോളര്‍ മുതൽ 162,672 ഡോളര്‍ വരെയാണ്. അതായത് ഏകദേശം 1.08 കോടി രൂപ - 1.41 കോടി രൂപ. ദൗത്യം നീണ്ടുപോയതിനാല്‍ അത്രയും ദിവസത്തെ ആനുപാതിക ശമ്പളം കൂടെ ലഭിക്കും, 93,850 മുതൽ 122,004 ഡോളർ വരെ. അതായത് ഏകദേശം 81 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെ. ഇതിനോടൊപ്പം നേരത്തെ സൂചിപ്പിച്ച ഏകദേശം ഒരു ലക്ഷം രൂപ കൂടി കൂട്ടിയാൽ ദൗത്യത്തിലൂടെയുള്ള ആകെ വരുമാനം 94,998 ഡോളര്‍ മുതല്‍ 123,152 ഡോളര്‍ വരെയായിരിക്കും. അതായത് ഏകദേശം 82 ലക്ഷം രൂപ - 1.06 കോടി രൂപ. ശമ്പളത്തിന് പുറമേ, നാസയിലെ ബഹിരാകാശയാത്രികർക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ്, അഡ്വാൻസ്‍ഡ് മിഷൻ പരിശീലനം, മാനസിക പിന്തുണ, യാത്രാ അലവൻസുകൾ എന്നിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുകയും ചെയ്യും.

സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്ച വൈകിട്ട് ഭൂമിയിലേക്ക് മടങ്ങുമെന്ന് നാസ ഞായറാഴ്ച സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 3.27ന് സംഘം ഫ്ലോറിഡ തീരം തൊടുമെന്നാണ് പ്രതീക്ഷ. മാർച്ച് 17 തിങ്കളാഴ്ച (ഇന്ത്യയിൽ മാർച്ച് 18 ന് രാവിലെ 8:30 ഓടെ) രാത്രി 10:45 ന് ഡ്രാഗൺ ബഹിരാകാശ പേടകത്തിന്റെ ഹാച്ച് അടയ്ക്കൽ തയ്യാറെടുപ്പുകളോടെ, ഏജൻസിയുടെ സ്‌പേസ് എക്‌സ് ക്രൂ-9 ഐ‌എസ്‌എസിൽ നിന്ന് ഭൂമിയിലേക്കുള്ള തിരിച്ചുവരവിന്റെ തത്സമയ സംപ്രേഷണം നൽകുമെന്ന് നാസ പ്രസ്താവനയിൽ അറിയിച്ചു.

Similar Posts