
‘ഇസ്രായേൽ ആഗ്രഹിച്ചതൊന്നും നേടിയില്ല’; വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല
|‘ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നത്’
ബെയ്റൂത്ത്: ഗസ്സയിലെ വെടിനിർത്തൽ കരാറിൽ ഫലസ്തീനികളെ അഭിനന്ദിച്ച് ഹിസ്ബുല്ല തലവൻ നയീം ഖാസിം. ഇസ്രായേലിനെതിരായ ചെറുത്തുനിൽപ്പിന്റെ സ്ഥിരതയാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഈ കരാർ 2024 മെയിൽ നിർദേശിച്ചതിൽനിന്ന് മാറ്റമില്ല. പ്രതിരോധ ശക്തികളുടെ സ്ഥിരത തെളിയിക്കുന്നതാണിത്, അവർ ആഗ്രഹിച്ചത് അവർ എടുത്തു. പക്ഷെ, ഇസ്രായേൽ ആഗ്രഹിച്ചതൊന്നും അവർക്ക് ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്രായേലും ഹിസ്ബുല്ലയും കഴിഞ്ഞ നവംബറിൽ വെടിനിർത്തൽ കരാറിലെത്തിയിട്ടുണ്ട്. 2023 ഒക്ടോബർ ഏഴിന് ശേഷം ലെബനാനിൽനിന്ന് ഹിസ്ബുല്ലയും യെമനിൽനിന്ന് ഹൂതികളും ഇസ്രായേലിനെതിരെ നിരന്തരം ആക്രമണങ്ങൾ നടത്തിയിരുന്നു.
ശനിയാഴ്ചയും ഹൂതികൾ ഇസ്രായേൽ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചു. മിസൈൽ വിജയകരമായി പ്രതിരോധിച്ചെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. മിസൈൽ വന്നതോടെ മധ്യ ഇസ്രായേലിലും ജെറുസലേമിലുമെല്ലാം അപായ സൈറണുകൾ മുഴങ്ങി. അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ ആക്രമണം അവസാനിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ഹൂതികൾ അറിയിച്ചിരുന്നു. ഗസ്സിലെ വെടിനിർത്തൽ കരാർ ഞായറാഴ്ച രാവിലെ 8.30ന് പ്രാബല്യത്തിൽ വരുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ‘എക്സി’ൽ അറിയിച്ചു.