< Back
World
യു.എസ് ഡ്രോൺ വെടിവെച്ചിട്ട് ഹൂതികൾ, ബ്രിട്ടന്റെ എണ്ണക്കപ്പലിന് നേരെയും ആക്രമണം
World

യു.എസ് ഡ്രോൺ വെടിവെച്ചിട്ട് ഹൂതികൾ, ബ്രിട്ടന്റെ എണ്ണക്കപ്പലിന് നേരെയും ആക്രമണം

Web Desk
|
29 April 2024 7:56 AM IST

ബ്രിട്ടന്റെ എണ്ണ കപ്പലായ ആൻഡ്രോമിഡ സ്റ്റാറിന് നേരെയാണ് മിസൈൽ തൊടുത്തതെന്ന് ഹൂതി സൈനിക വക്താവ്

സന്‍ആ: ഗസ്സയിൽ ഇസ്രായേലിന്റെ ആക്രമണം തുടരുന്നതിനിടെ ചെങ്കടലിൽ ബ്രിട്ടന്റെ എണ്ണക്കപ്പല്‍ ആക്രമിച്ച് ഹൂതികൾ. പുറമെ അമേരിക്കയുടെ ഡ്രോൺ വെടിവെച്ചിടുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രണം നടന്നത്.

ബ്രിട്ടന്റെ എണ്ണ കപ്പലായ ആൻഡ്രോമിഡ സ്റ്റാറിന് നേരെയാണ് മിസൈൽ തൊടുത്തതെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി അവകാശപ്പെട്ടു. കപ്പലുകള്‍ തകര്‍ക്കാനുപയോഗിക്കുന്ന നാവൽ മിസൈലുകൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് ഹൂതികൾ അവകാശപ്പെടുന്നത്. അതേസമയം കപ്പലിന് ചെറിയ കേടുപാടുകളെ സംഭവിച്ചുള്ളൂവെന്നും യാത്ര തുടരുകയാണെന്നുമാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. ആർക്കും പരിക്കേറ്റിട്ടില്ല.

കപ്പലിന് നേരെ ആക്രമണമുണ്ടായതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യത്തെ ആക്രമണം കപ്പലിന് സമീപത്തായിരുന്നുവെന്നും രണ്ടാമത്തെ മിസൈല്‍ ആക്രമണമാണ് കപ്പലിന് കേടുപാടുകള്‍ വരുത്തിയതെന്നുമാണ് യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നത്.

അമേരിക്കയുടെ എം.ക്യു9 റീപ്പർ ഡ്രോൺ തകർത്തതായും സാരി അവകാശപ്പെടുന്നുണ്ട്. വൈമാനികരില്ലാത്ത യുദ്ധവിമാനമാണ് റീപ്പർ. യെമനിലെ സാദ ഗവർണറേറ്റിന്റെ വ്യോമാതിർത്തിയിലാണ് വെടിവച്ചു വീഴ്ത്തിയതെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് യുഎസ് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാൽ യെമനിനുള്ളിൽ എം.ക്യു9 തകർന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ് സ്ഥിരീകരിക്കുന്നുണ്ട്.

ഗസ്സയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഹൂതികൾ വെടിവെച്ചിടുന്ന മൂന്നാമത്തെ യുഎസ് ഡ്രോണാണിത്. കഴിഞ്ഞ നവംബര്‍, ഫെബ്രുവരി മാസങ്ങളിലാണ് ഇതിന് മുമ്പത്തെ സംഭവങ്ങള്‍. അതേസമയം പ്രദേശത്തെ കപ്പലുകൾക്ക് നേരെയുള്ള കൂടുതൽ ആക്രമണങ്ങളെക്കുറിച്ച് ഹൂതികൾ മൗനം പാലിക്കുകയാണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ആൻ്റിഗ്വ/ബാർബഡോസ് പതാകയുമായ പോയ എം.വി മൈഷ് എന്ന കപ്പലിനെ ഹൂതികള്‍ ആക്രമിച്ചെന്നാണ് അമേരിക്ക പറയുന്നത്.

ബാബ് അൽ മന്ദേബ് കടലിടുക്കിലൂടെ(ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന മേഖല) കടന്നുപോകുന്ന ഇസ്രയേലിയുമായി ബന്ധമുള്ള കപ്പലുകളെ മാത്രമാണ് ഹൂതികൾ ആദ്യം ലക്ഷ്യമിട്ടിരുന്നത്. എന്നാൽ അമേരിക്കയും ബ്രിട്ടനും യെമനിൽ ആക്രമണം നടത്തിയതോടെയാണ് അവരുടെ കപ്പലുകളെയും ഹൂതികള്‍ ലക്ഷ്യമിടാന്‍ തുടങ്ങിയത്.

Related Tags :
Similar Posts