
ഇസ്രായേൽ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം
|തെക്കൻ ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്
തെൽ അവീവ്: ഇസ്രായേലിലെ റാമോൺ വിമാനത്താവളത്തിന് നേരെ യെമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ആഗമന ഹാൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം രണ്ട് മണിക്കൂർ തടസ്സപ്പെട്ടു.
റാമോൺ വിമാനത്താവളം ലക്ഷ്യമിട്ട ഡ്രോൺ വിമാനത്താവളത്തിൽ ഇടിച്ചുകയറി വിമാനത്താവളം അടച്ചുപൂട്ടാനും വ്യോമഗതാഗതം തടസ്സപ്പെടാനും കാരണമായെന്ന് ഹൂതി സൈനിക വക്താവ് യഹ്‌യ സരീഅ് പറഞ്ഞു. വിശാലമായ സൈനിക നീക്കത്തിന്റെ ഭാഗമാണ് ആക്രമണമെന്നും തെക്കൻ ഇസ്രായേലിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
⚡️BREAKING
— Iran Observer (@IranObserver0) September 7, 2025
Israel's Ramon Airport terminal has been just struck by a Drone from Yemen
All airplanes have been grounded pic.twitter.com/SUOGMGqjqI
യെമനിൽ നിന്നുള്ള മൂന്ന് ഡ്രോണുകൾ വ്യാമസേന തടഞ്ഞതായി ഇസ്രായേൽ സൈന്യം നേരത്തെ പറഞ്ഞിരുന്നു. രണ്ടെണ്ണം ഇസ്രായേൽ അതിർത്തിക്ക് പുറത്ത് തടഞ്ഞതായി പറഞ്ഞെങ്കിലും മൂന്നാമത്തേതിനെ കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിരുന്നില്ല.
വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിൽ 63 കാരനും 52 വയസ്സുള്ള ഒരു സ്ത്രീക്കുമാണ് പരിക്കേറ്റതെന്ന് ഇസ്രായേൽ മാധ്യമമായ 'ഹാരറ്റ്‌സ്' റിപ്പോർട്ട് ചെയ്തു. ആക്രമണം തടയുന്നതിൽ വീഴ്ച സംഭവിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.