< Back
World
operation maghazi
World

യാസീൻ 105 വഴി അപ്രതീക്ഷിത പ്രഹരം; ഓപറേഷൻ അൽ മഗാസിയുടെ വിവരങ്ങൾ പങ്കുവച്ച് ഹമാസ്

Web Desk
|
25 Jan 2024 2:03 PM IST

21 ഇസ്രായേല്‍ സൈനികരാണ് ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്

ഗസ്സ സിറ്റി: 21 ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തിയ ആക്രമണത്തിന്റെ വിശദവിവരങ്ങൾ പങ്കുവച്ച് ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്. ഇതിന്റെ വീഡിയോ ഖസ്സാം ബ്രിഗേഡ് സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചു. ഗസ്സയിൽ ഒക്ടോബർ ഏഴിന് ആരംഭിച്ച കരയാക്രമണത്തിൽ ഇസ്രായേലിന് ഏറ്റവും കൂടുതൽ ആൾനഷ്ടം വരുത്തിയ ആക്രമണമായിരുന്നു മധ്യഗസ്സയിലെ അൽ മഗാസി ക്യാംപിലേത്.

ഇസ്രായേൽ സൈന്യത്തെയും ഭരണകൂടത്തെയും ഞെട്ടിച്ച ആക്രമണമാണ് അൽ മഗാസിയില്‍ നടന്നത്. മിസൈലും റോക്കറ്റും തൊടുത്ത് തങ്ങളുടെ സൈനികർക്ക് നേരെ ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തി ഞെട്ടിച്ചു എന്നാണ് ഇതേക്കുറിച്ച് ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് ഡാനിയേൽ ഹഗാരി പ്രതികരിച്ചത്. ദുഃഖകരവും ദുഷ്‌കരവുമായ പ്രഭാതം എന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ഇസാക് ഹെർഗോസിന്റെ പ്രതികരണം.



ഓപറേഷൻ ഇങ്ങനെ

വലിയ തോതിലുള്ള ഷെല്ലിങ്ങും ആക്രമണവും നടക്കുന്ന പ്രദേശമാണ് അൽ മഗാസി. ഗസ്സയിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പുകളിലൊന്ന് പ്രവർത്തിച്ചിരുന്ന ഇവിടം ഗസ്സയ്ക്ക് മധ്യത്തിലൂടെ കടന്നു പോകുന്ന സലാഹുദ്ദീൻ ഹൈവേക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇസ്രായേൽ സേനയുടെ സാന്നിധ്യത്തിനിടയിലും ആഴ്ചകളായി തങ്ങളുടെ പോരാളികൾ ഇവിടെ ക്യാമ്പു ചെയ്യുകയായിരുന്നു എന്ന് അൽ ഖസ്സാം ബ്രിഗേഡ് പറയുന്നു. വലിയ ലക്ഷ്യം കിട്ടുന്നതു വരെ കാത്തിരിക്കാനായിരുന്നു പോരാളികൾക്കുള്ള നിർദേശം.



പ്രദേശം സുരക്ഷിതമാണെന്ന പരിശോധനകൾക്കിടെയാണ് ഇസ്രായേൽ സേനയുടെ എഞ്ചിനീയറിങ് വിഭാഗം ഇവിടെയുള്ള കെട്ടിടങ്ങൾക്ക് അകത്തെത്തിയത്. ഇവർ കെട്ടിടത്തിന്റെ തൂണുകളിലും ചുമരുകളിയും മൈൻ സ്ഥാപിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എഞ്ചനീയറിങ് ഫോഴ്‌സ് ജോലി പൂർത്തിക്കാൻ ഹമാസ് പോരാളികൾ കാത്തു നിന്നു. മൈനുകളിലേക്ക് വയറുകൾ ഘടിപ്പിക്കുന്ന ജോലി പൂർത്തിയായ ഉടൻ ഒളിച്ചിരുന്ന ഖസ്സാം ബ്രിഗേഡ് ലക്ഷ്യത്തിലേക്ക് റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. ഇത്തരത്തിൽ രണ്ട് കെട്ടിടങ്ങളാണ് തകർത്തത്. സൈനികർക്ക് സുരക്ഷയൊരുക്കിയ 205-ാം ബ്രിഡേഗിന്റെ ടാങ്കും തകർത്തു. ടാങ്കിലുള്ള മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആകെ 21 പേർ തൽക്ഷണം കൊല്ലപ്പെട്ടു.

ഹമാസിന്റെ വജ്രായുധം

ഒരു പതിറ്റാണ്ട് മുമ്പ് തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ ഗ്രനേഡ് (റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ്) യാസീൻ 105 ആയിരുന്നു ഈ ഓപറേഷനിൽ ഹമാസിന്റെ വജ്രയുധം. ഇസ്രായേൽ 2004 മാർച്ച് 22ന് വധിച്ച ഹമാസ് ആത്മീയ നേതാവ് ശൈഖ് അഹ്‌മദ് യാസീന്റെ പേരിലുള്ള ഗ്രനേഡ് ആണിത്. ഇത് ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ഖസ്സാം ബ്രിഗേഡ് നേരത്തെ സമൂഹമാധ്യമങ്ങൾ വഴി പങ്കുവച്ചിരുന്നു.

റോക്കറ്റ് റഷ്യൻ നിർമിത പിജി-7വിആർ റോക്കറ്റിന്റെ പതിപ്പാണ് എന്നാണ് ആയുധസാങ്കേതിക വിദഗ്ധർ പറയുന്നത്. ഏതു വിധത്തിലുള്ള ടാങ്കുകളെയും സൈനിക കവചിത വാഹനങ്ങളെയും തകർക്കാനുള്ള ശേഷിയുള്ള ഹീറ്റ് റോക്കറ്റാണ് പിജി-7വിആർ. ഇസ്രായേൽ ടാങ്കുകളെ തരിപ്പണമാക്കിയ ഹമാസിന്റെ രീതി പരിഗണിക്കുമ്പോൾ അതീവ പ്രഹരശേഷിയുള്ളതാണ് യാസിൻ 105.

അമേരിക്കൻ സമ്മർദം

കനത്ത ആൾനഷ്ടത്തിന് പിന്നാലെ താൽക്കാലിക വെടിനിർത്തലിന് യുഎസ് ഇസ്രായേലിനു മേൽ സമ്മർദം ചെലുത്തുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. ഒരു മാസത്തെ വെടിനിർത്തലാണ് വൈറ്റ് ഹൗസ് നിർദേശിക്കുന്നത്. എന്നാൽ ആക്രമണത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് ഇസ്രായേൽ ഗവൺമെന്റിന്റെ നിലപാട്. ഒമ്പതിനായിരം ഹമാസ് അംഗങ്ങളെ ഇതുവരെ വകവരുത്തിയതായി ഇസ്രായേൽ അവകാശപ്പെടുന്നു.

അതേസമയം, ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥത വഴി രണ്ടു മാസത്തെ വെടിനിർത്തലിനായി ഇസ്രായേൽ സന്നദ്ധമാണെന്ന റിപ്പോർട്ടുകളുണ്ട്. എന്നാൽ നിർദേശം ഹമാസ് തള്ളിക്കളഞ്ഞതായാണ് വിവരം.

Similar Posts