
വിക്ടോറിയ രാജ്ഞി എങ്ങനെയാണ് എക്കാലത്തെയും വലിയ മയക്കുമരുന്ന് ഡീലറായി മാറിയത്?
|വിക്ടോറിയ രാജ്ഞി പതിവായി വൈവിധ്യമാർന്ന മയക്കുമരുന്നുകൾ ഉപയോഗിക്കുന്നത് ആസ്വദിച്ചിരുന്നു. കറുപ്പ് അവരുടെ പ്രിയപ്പെട്ട ഒന്നായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടനിൽ കറുപ്പ് കഴിക്കുന്നതിനുള്ള കൂടുതൽ ഫാഷനബിൾ മാർഗം അത് ലൗഡനത്തിന്റെ രൂപത്തിൽ കുടിക്കുക എന്നതായിരുന്നു.
ലണ്ടൻ: എക്കാലത്തെയും ഏറ്റവും കുപ്രസിദ്ധനായ മയക്കുമരുന്ന് രാജാവ് ആരായിരുന്നു എന്ന് ചോദിച്ചാൽ, പാബ്ലോ എസ്കോബാറിന്റെയോ എൽ ചാപ്പോയുടെയോ പേരുകളാണ് നമ്മുടെ മനസിലേക്ക് വരുന്നത്. എന്നാൽ എസ്കോബാറും എൽ ചാപ്പോഴും ജനിക്കുന്നതിന് 100 വർഷങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാനാവാത്തത്ര ലാഭകരവുമായ ഒരു മയക്കുമരുന്ന് സാമ്രാജ്യം നിയന്ത്രിച്ചിരുന്ന അവിശ്വസനീയമാംവിധം ശക്തയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. എസ്കോബാറിനെയും എൽ ചാപ്പോയെയും മയക്കുമരുന്ന് കച്ചവടത്തിൽ ഒന്നുമല്ലാതാക്കാൻ മാത്രം ശേഷിയുണ്ടായിരുന്നു അവർക്ക്. മാത്രമല്ല അവരുടെ മയക്കുമരുന്ന് കച്ചവടത്തിൽ നിന്നുള്ള വരുമാനം മുഴുവൻ രാജ്യത്തിന്റെയും സമ്പത്തിനെ നിയന്ത്രിച്ചിരുന്നതിനാൽ സർക്കാർ നികുതി പിരിവുകാരിൽ നിന്ന് അവർ അനധികൃതമായി സമ്പാദിച്ച ലാഭം മറച്ചുവെക്കേണ്ടിയും വന്നില്ല. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നൽകാൻ അധികാരമുള്ള എല്ലാവരും ഇതിനകം തന്നെ അവരുടെ ശമ്പളപ്പട്ടികയിൽ ഉണ്ടായിരുന്നതിനാൽ ജയിലിൽ അടക്കപ്പെടുമെന്ന് അവർക്ക് വിഷമിക്കേണ്ടിയും വന്നില്ല. അതെ, അതാണ് ബ്രിട്ടീഷ് സാമ്രാജ്യം ഭരിച്ചിരുന്ന വിക്ടോറിയ രാജ്ഞിയുടെ മയക്കുമരുന്ന് സാമ്രാജ്യം.
ഒരു വൃദ്ധയായ രാജ്ഞിയിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും അപ്പുറം വിക്ടോറിയ മയക്കുമരുന്നുകളുടെ വലിയ ആരാധികയായിരുന്നു. വിക്ടോറിയ ഒരു വൃദ്ധയായിരുന്നു എന്നത് ഒരു തെറ്റിദ്ധാരണയാണ്. വാസ്തവത്തിൽ സിംഹാസനത്തിൽ കയറുമ്പോൾ അവർക്ക് 18 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. അവർ പതിവായി വൈവിധ്യമാർന്ന മരുന്നുകൾ ഉപയോഗിക്കുന്നത് ആസ്വദിച്ചിരുന്നു. കറുപ്പ് അവരുടെ പ്രിയപ്പെട്ട ഒന്നായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടനിൽ കറുപ്പ് കഴിക്കുന്നതിനുള്ള കൂടുതൽ ഫാഷനബിൾ മാർഗം അത് ലൗഡനത്തിന്റെ രൂപത്തിൽ കുടിക്കുക എന്നതായിരുന്നു. കാരണം എന്തുതന്നെയായാലും വേദനയോ അസ്വസ്ഥതയോ ഒഴിവാക്കാൻ കറുപ്പും മദ്യവും വ്യാപകമായി ഉപയോഗിച്ചിരുന്നു. ആസ്പിരിൻ വരുന്നതിന് മുമ്പ് ഇത് ആസ്പിരിൻ പോലെയായിരുന്നു. ഒരു രാജകീയ കൗമാരക്കാരിക്ക് തന്റെ ദിവസം ആരംഭിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗമാണിതെന്ന് വിശ്വസിച്ചുകൊണ്ട് വിക്ടോറിയ രാജ്ഞി എല്ലാ ദിവസവും രാവിലെ ഒരു വലിയ പാത്രം ലൗഡനം കുടിച്ചു.
കറുപ്പിന് പുറമെ കൊക്കെയ്നും അവരുടെ പ്രിയപ്പെട്ടവരിൽ ഒന്നായിരുന്നു. ബ്രിട്ടണിൽ കറുപ്പ് നിയമവിരുദ്ധമായിരുന്നില്ല, പുതിയതായിരുന്നു, യൂറോപ്യന്മാർ അത് പരീക്ഷിച്ചു തുടങ്ങിയതേയുള്ളൂ. 1800-കളിൽ കൊക്കെയ്ൻ കഴിക്കാൻ രസകരവും ആവേശകരവുമായ നിരവധി മാർഗങ്ങളുണ്ടായിരുന്നു. പക്ഷേ വിക്ടോറിയ രാജ്ഞിയുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ ച്യൂയിംഗ് ഗം, വൈൻ എന്നിവയുടെ കൂടെ കഴിക്കനായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഭയാനകമായ ബ്രിട്ടീഷ് ദന്തചികിത്സയിൽ നിന്നുള്ള പല്ലുവേദനയ്ക്കും മോണവേദനയ്ക്കും ശമിപ്പിക്കാൻ കൊക്കെയ്ൻ ച്യൂയിംഗ് ഗം ഉപയോഗിച്ചിരുന്നു. പ്രതിമാസ ആർത്തവ ലക്ഷണങ്ങൾ ഒഴിവാക്കാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം രാജ്ഞി ദ്രാവക രൂപത്തിലുള്ള കഞ്ചാവും കുടിച്ചിരുന്നു. പ്രസവവേദനയെ നേരിടാൻ വിക്ടോറിയ ആവേശത്തോടെ ക്ലോറോഫോം സ്വീകരിച്ചു. നനഞ്ഞ തൂവാല മുഖത്ത് 53 മിനിറ്റ് പിടിച്ചുകൊണ്ട് അവർ ആ അനുഭവത്തെ 'അളക്കാൻ കഴിയാത്തത്ര ആനന്ദകരം' എന്ന് വിശേഷിപ്പിച്ചു. ചരിത്രകാരനും എഴുത്തുകാരനുമായ ടോണി മക്മഹോൺ സ്മിത്‌സോണിയൻ മാസികയിൽ ഇതിനെ കുറിച്ച് എഴുതുന്നത് 'വിക്ടോറിയ രാജ്ഞി ഏത് മാനദണ്ഡമനുസരിച്ചായാലും അവർ തന്റെ മരുന്നുകളെ ഇഷ്ടപ്പെട്ടിരുന്നു.' എന്നാണ്.
1837-ൽ കിരീടധാരണം ചെയ്ത നിമിഷം മുതൽ യുവ രാജ്ഞിക്ക് ഒരു രാജകീയ പ്രശ്നം പാരമ്പര്യമായി ലഭിച്ചു. ബ്രിട്ടീഷ് ആളുകൾ അമിതമായി ചായ കുടിക്കുന്നവരായിരുന്നു. ചായക്ക് വേണ്ടിയുള്ള തേയില ചൈനയിൽ നിന്നാണ് വരുത്തിയിരുന്നത്. എന്നാൽ ബ്രിട്ടന് തേയിലക്ക് പകരം ചൈനയ്ക്ക് വ്യാപാരം ചെയ്യാൻ ഒന്നുമില്ലായിരുന്നു. ചൈന സമ്പന്നമായിക്കൊണ്ടിരുന്നു. ചൈനീസ് ആളുകൾ കൊതിക്കുന്ന എന്തെങ്കിലും കണ്ടെത്താൻ ബ്രിട്ടീഷുകാർ അതിയായി ആഗ്രഹിച്ചു. അവിടെയാണ് കറുപ്പ് വ്യാപരത്തിന്റെ സാധ്യതകൾ തുറക്കുന്നത്. ബ്രിട്ടീഷ് നിയന്ത്രണത്തിലായിരുന്ന ഇന്ത്യയിൽ കറുപ്പ് ധാരാളമായി വളർന്നതിനാൽ അത് ധാരാളം ലഭിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ആധിപത്യമുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാന്നിധ്യവും ഇത് എളുപ്പമാക്കി. ചൈനക്കാർ ഇതിന് അവിശ്വസനീയമാംവിധം ഉയർന്ന വില നൽകാൻ തയ്യാറായിരുന്നു. ഏറ്റവും പ്രധാനമായി ഇത് അമിതമായി ആസക്തി ഉളവാക്കുന്നതായിരുന്നു. കറുപ്പ് ഉപയോഗിച്ച ആളുകൾ അതിന്റെ അടിമകളായി മാറുകയും ബ്രിട്ടീഷുകാർക്ക് അതിനനുസരിച്ച് വില കൂടുതൽ വർധിപ്പിക്കുകയും ചെയ്തു. വർഷങ്ങളായി ബ്രിട്ടൻ ചൈനയിലേക്ക് കറുപ്പ് കയറ്റി അയച്ചിരുന്നെങ്കിലും വിക്ടോറിയ രാജ്ഞിയുടെ കാലത്ത് തുക ക്രമാതീതമായി വർധിച്ചു.
കറുപ്പിന്റെ അത്ഭുതം മൂലം വ്യാപാര അസന്തുലിതാവസ്ഥ ഒറ്റരാത്രികൊണ്ട് മാറ്റിമറിക്കപ്പെട്ടു. ചായക്കായി ബ്രിട്ടീഷുകാർ ചെലവഴിച്ച മുഴുവൻ വെള്ളിയും അതിലേറെയും തിരികെ നൽകാൻ ചൈന നിർബന്ധിതരായി. കറുപ്പ് വ്യാപാരം തടയാൻ ചൈന കിണഞ്ഞു ശ്രമിച്ചു. ഇതിനകം കറുപ്പ് നിയമവിരുദ്ധമായിരുന്ന ചൈനയിൽ നിയമങ്ങൾ വളരെ അപൂർവമായി മാത്രമേ നടപ്പിലാക്കപ്പെട്ടിരുന്നുള്ളൂ. അതിനാൽ ചൈനീസ് സർക്കാർ കർശനമായി നടപടികൾ സ്വീകരിക്കാൻ തുടങ്ങി. ചൈനയിലെ ചക്രവർത്തി തന്റെ ഉന്നതരിൽ ഒരാളായ ലിൻ സെക്സുവിനെ ആ ജോലിക്ക് നിയോഗിച്ചു. സെക്സു ഒരു പണ്ഡിതനും, തത്ത്വചിന്തകനും, വൈസ്രോയിയുമായിരുന്നു. എന്തുവിലകൊടുത്തും കറുപ്പിന്റെ ഒഴുക്ക് തടയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. അദ്ദേഹം നയതന്ത്രം പരീക്ഷിച്ചു പക്ഷേ അത് ഫലിച്ചില്ല. വിക്ടോറിയ രാജ്ഞി ചെയ്യുന്നതിന്റെ അധാർമികത ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ഒരു കത്തെഴുതി. എന്നാൽ ബ്രിട്ടീഷ് സാമ്രാജ്യം അതിന്റെ ലാഭകരമായ മയക്കുമരുന്ന് പ്രവർത്തനം ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. കാരണം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മൊത്തം വാർഷിക വരുമാനത്തിന്റെ 15 മുതൽ 20% വരെ കറുപ്പ് വിൽപ്പനയിലൂടെയായിരുന്നു. സെക്സു അയച്ച കത്ത് രാജ്ഞി വായിക്കാൻ പോലും കൂട്ടാക്കിയില്ല. അങ്ങനെ 1839 ലെ വസന്തകാലത്ത് സെക്സു ബ്രിട്ടീഷ് കപ്പലുകളുടെ ഒരു കൂട്ടത്തെ തടഞ്ഞുനിർത്തി വൻതോതിൽ കറുപ്പ് പിടിച്ചെടുത്തു. അതെല്ലാം ദക്ഷിണ ചൈനാ കടലിൽ നശിപ്പിക്കാൻ തന്റെ സൈനികരോട് ഉത്തരവിടുകയും ചെയ്തു.
ലിൻ സെക്സുവും കൂട്ടരും 2.5 ദശലക്ഷം പൗണ്ട് ബ്രിട്ടീഷ് കറുപ്പ് കടലിലേക്ക് വലിച്ചെറിഞ്ഞപ്പോൾ 20 വയസ് മാത്രം പ്രായമുണ്ടായിരുന്ന ഏതൊരു സർവശക്തയായ സാമ്രാജ്യത്വ കൗമാരക്കാരനും ചെയ്യുന്നതുപോലെ അവരും പ്രതികരിച്ചു. ചൈനക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. അത് ഒന്നാം കറുപ്പ് യുദ്ധം എന്നറിയപ്പെടുന്നു. ബ്രിട്ടീഷ് സൈന്യം ചൈനീസ് സൈന്യത്തെ നശിപ്പിക്കുകയും പതിനായിരക്കണക്കിന് ചൈനീസ് പൗരന്മാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. ചക്രവർത്തിക്ക് കീഴടങ്ങുകയല്ലാതെ മറ്റ് മാർഗമില്ലായിരുന്നു. ചൈനയുടെ കീഴിലായിരുന്ന ഹോങ്കോങ്ങിനെ ബ്രിട്ടീഷുകാർക്ക് കൈമാറേണ്ടി വന്ന രാജ്യത്തേക്ക് കറുപ്പ് ഒഴുകിയെത്താൻ കൂടുതൽ തുറമുഖങ്ങൾ തുറന്ന ഏകപക്ഷീയമായ സമാധാന ഉടമ്പടിയിലും അദ്ദേഹത്തിന് ഒപ്പുവെക്കേണ്ടി വന്നു. ചൈനീസ് സാമ്രാജ്യം വളരെക്കാലമായി ഭയാനകവും അജയ്യവുമായി കണക്കാക്കപ്പെട്ടിരുന്നു. പക്ഷേ ആ ധാരണകൾ തകർക്കപ്പെട്ടു. ചൈനയെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന് ഒരു കർക്കശക്കാരിയായ കൗമാര രാജ്ഞി ലോകത്തിന് മുന്നിൽ തെളിയിച്ചു. അങ്ങനെ പാഠപുസ്തകങ്ങളിൽ ചൈനയുടെ 'അപമാനത്തിന്റെ നൂറ്റാണ്ട്' എന്ന് പരാമർശിക്കപ്പെടുന്ന കാലഘട്ടം ആരംഭിച്ചു.