
മധ്യസ്ഥതയുടെ വിലയോ? ഇസ്രായേൽ ആക്രമണത്തോട് ഖത്തർ എങ്ങനെ പ്രതികരിക്കും?
|ഇസ്രായേലി ബോംബാക്രമണങ്ങളെത്തുടർന്ന് കലുഷിതമാകുന്ന സാഹചര്യങ്ങൾ സമീപ മാസങ്ങളിൽ പശ്ചിമേഷ്യയിൽ സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഖത്തറിന്റെ തിളക്കമുള്ള ആകാശരേഖയിൽ അത് തികച്ചും അഭൂതപൂർവമായിരുന്നു
ദോഹ: ഇസ്രായേലി ബോംബാക്രമണങ്ങളെത്തുടർന്ന് കലുഷിതമാകുന്ന സാഹചര്യങ്ങൾ സമീപ മാസങ്ങളിൽ പശ്ചിമേഷ്യയിൽ സാധാരണമായി മാറിയിരിക്കുന്നു. എന്നാൽ ഖത്തറിന്റെ തിളക്കമുള്ള ആകാശരേഖയിൽ അത് തികച്ചും അഭൂതപൂർവമായിരുന്നു. ഈ വർഷം ഇസ്രായേൽ ആക്രമിക്കുന്ന ആറാമത്തെ രാജ്യമാണ് ഖത്തർ. ദോഹയിൽ ചൊവ്വാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണം ഗസ്സയിൽ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് എന്നാണ് ഇസ്രായേൽ ഭാഷ്യം.
ഏകദേശം രണ്ട് വർഷമായി നീണ്ടു നിൽക്കുന്ന ഇസ്രായേലിന്റെ വംശഹത്യ യുദ്ധം അവസാനിപ്പിക്കുന്നതിന്ന് വേണ്ടി സംഘർഷത്തിൽ ഉടനീളം ഖത്തർ വെടിനിർത്തൽ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചിരുന്നു. മാത്രമല്ല ഈ വിഷയത്തിൽ ഖത്തർ യുഎസിന്റെ സഖ്യകക്ഷി കൂടിയാണ്. കൂടാതെ പശ്ചിമേഷ്യയിലെ യുഎസിന്റെ ഏറ്റവും വലിയ സൈനിക താവളത്തിന്റെ ആസ്ഥാനം ഖത്തറിലാണ്.
ഇസ്രായേൽ ആക്രമണത്തോട് ഖത്തർ എങ്ങനെ പ്രതികരിക്കും എന്ന കാര്യമാണ് ഇപ്പോൾ ചർച്ചയാവുന്നത്. യൂറോപ്യൻ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിലെ വിസിറ്റിംഗ് ഫെലോ ആയ സിൻസിയ ബിയാൻകോയുടെ അഭിപ്രായത്തിൽ ഇസ്രായേൽ ആക്രമണത്തിന് മറുപടിയായി ഖത്തർ മധ്യസ്ഥത ശ്രമങ്ങളിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിൽ ഇസ്രായേലിന് വലിയ താൽപ്പര്യമില്ലാത്തതിനാൽ അമേരിക്കയെ നടപടിയെടുക്കാൻ പ്രേരിപ്പിക്കുന്നതിന് മാത്രമേ ഇത് ഉപയോഗപ്രദമാകൂ എന്നും ബിയാൻകോ കൂട്ടിച്ചേർത്തു.
ഇതിനുപുറമെ ഇസ്രായേലിനെതിരെ സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ ഖത്തറിന് കഴിയുമെന്ന് അൽ-മൊഹനാദി പറഞ്ഞു. ഇസ്രയേലിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇസ്രായേലിന്റെ സഖ്യകക്ഷികളായ യൂറോപ്പ്, യുഎസ് എന്നിവക്ക് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ കഴിയും ഖത്തറിന് കഴിയും. യൂറോപ്പിലും യുഎസിലും ഖത്തറിന് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമുണ്ട്.
ഇസ്രയേലിന്റെ നടപടികളിൽ ഫലപ്രദമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പാശ്ചാത്യ സഖ്യകക്ഷികളെ പ്രേരിപ്പിക്കുന്നതിന് അറബ് രാജ്യങ്ങൾക്ക് അവരുടെ നയതന്ത്ര സ്വാധീനം ഉപയോഗിക്കാമെന്നും മിഡിൽ ഈസ്റ്റ് ആൻഡ് നോർത്ത് ആഫ്രിക്ക പ്രോഗ്രാം ഡയറക്ടർ സനം വക്കിൽ നിർദേശിക്കുന്നു. ട്രംപ് ഭരണകൂടം ഇസ്രായേലിനുമേൽ കൂടുതൽ നേരിട്ടുള്ള സമ്മർദ്ദം ചെലുത്തിയേക്കാമെന്നും ഖത്തർ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ കൂടുതൽ സുരക്ഷാ ഭീഷണികൾ തടയാൻ ആഗ്രഹിക്കുന്നത് അതുകൊണ്ടാണെന്നും വക്കിൽ കൂട്ടിച്ചേർത്തു.
കൂടാതെ, ഇസ്രായേലിനെ നയതന്ത്രപരമായി ഒറ്റപ്പെടുത്താൻ ഖത്തറിന് ഐക്യരാഷ്ട്രസഭയെ സമീപിക്കാനുള്ള ഓപ്ഷനുമുണ്ട്. അൾജീരിയ, പാകിസ്താൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർത്ഥനകളെത്തുടർന്ന് ഇസ്രായേലിന്റെ ആക്രമണത്തിന് മറുപടിയായി വ്യാഴാഴ്ച അടിയന്തര യുഎൻ സുരക്ഷാ കൗൺസിൽ യോഗം ചേരുമെന്ന് നയതന്ത്ര വൃത്തങ്ങൾ അറിയിച്ചതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.